MollywoodMovie ReviewsNEWS

അരങ്ങേറ്റം സൂപ്പറാക്കി ‘പപ്പയുടെ സ്വന്തം അപ്പൂസ്’- ‘ആദി’ സിനിമ റിവ്യൂ

 

മലയാള സിനിമയിലെ ചിലരുടെ വരവുകള്‍ക്ക് എന്തൊരു മനോഹാരിതയാണ്. മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ മാത്രമല്ല പ്രണവ് പ്രേക്ഷകര്‍ക്ക് സ്വീകാര്യനാകുന്നത്. വളരെ ലളിതമായി ജീവിതം നയിക്കുന്ന പ്രണവിനെക്കുറിച്ച് സിനിമാ ആസ്വാദകര്‍ നേരത്തെ തന്നെ മനസിലാക്കിയിട്ടുണ്ട്, മമ്മൂട്ടിയുടെയും, സുകുമാരന്റെയുമൊക്കെ മക്കള്‍ മോളിവുഡ് കിംഗായി വിലസുമ്പോള്‍ 2018-ലാണ് മോഹന്‍ലാലിന്‍റെ മകന്റെ സിനിമാ പ്രവേശനത്തിന് അവസരമൊരുങ്ങിയത്. ദുല്‍ഖറും, പ്രിഥ്വിരാജുമൊക്കെ താരകുപ്പായം അതിയായി മോഹിച്ചപ്പോള്‍ ലോകം ചുറ്റാനായിരുന്നു പ്രണവിന്റെ മോഹം. ആദ്യ സിനിമ പുറത്തിറങ്ങിയ ഇന്നേ ദിവസവും അയാള്‍ ലോകം ചുറ്റിക്കൊണ്ടേയിരിക്കുന്നു…പ്രണവ് യാത്ര തുടരട്ടെ………

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ‘ആദി’ പ്രദര്‍ശനത്തിനെത്തി. തന്‍റെ സിനിമകള്‍ക്ക് കാര്യമായ ഹൈപ്പ് കൊടുക്കാത്ത ജീത്തു ജോസഫ് പതിവ് രീതിയാണ് ഇവിടെയും അവലംബിച്ചത്. ‘ആദി’ എന്ന ചിത്രം ഇറങ്ങുന്നതിനു മുന്‍പേ ജീത്തു ജോസഫ് പറഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് ശ്രദ്ധിക്കാം.

“ഇതില്‍ പ്രണയമില്ല,ഇതൊരു മാസ് സിനിമയുമല്ല, ആദിയെ ആക്ഷന്‍ മൂഡിലുള്ള ഒരു ചിത്രമായി മാത്രം കാണരുത്, ഇതില്‍ സസ്പന്‍സ് ഇല്ല. അത്തരം മുന്‍വിധികളോടെ നിങ്ങള്‍ സിനിമയെ സമീപിക്കരുത്”. ജീത്തു ജോസഫിന്റെ ഈ അപേക്ഷയെ പ്രേക്ഷകര്‍ സ്വീകരിക്കണം എന്നില്ല, കാരണം പ്രേക്ഷകര്‍ക്ക് ഇത് പ്രണവ് മോഹന്‍ലാലിന്‍റെ സിനിമയാണ്. മോഹന്‍ലാല്‍ എന്ന നടന്റെ ഒരേയൊരു പുത്രന്‍ സിനിമ ഫീല്‍ഡിലേക്ക് വരുന്ന സാഹചര്യത്തെ ഓരോ പ്രേക്ഷകരും മാസ് മൂഡോടെ ഉള്‍ക്കൊള്ളൂ,അത്തരമൊരു കവറേജാണ് പ്രേക്ഷകര്‍ക്കിടയില്‍ ആശിര്‍വാദ് എന്ന നിര്‍മ്മാണ കമ്പനിയും നല്‍കിയിരുന്നത്. അത് കൊണ്ട് പ്രണവ് മോഹന്‍ലാലിന്‍റെ ആദ്യ ചിത്രത്തിന് അവര്‍ക്കുള്ള പ്രതീക്ഷകളും ഏറെയാണ്‌. മലയാള സിനിമ ഇന്ന് വരെ പരിചയിച്ചിട്ടില്ലാത്ത ‘പാര്‍ക്കൌര്‍’ ശൈലിയിലുള്ള അഭ്യാസമുറകളുമായി പ്രണവ് സ്ക്രീനില്‍ വിസ്മയം വിതയ്ക്കാനെത്തുമ്പോള്‍ മുന്‍വിധികളുടെ കൂമ്പാരവുമായിട്ടായിരിക്കും പ്രേക്ഷകര്‍ ‘ആദി’യ്ക്ക് ടിക്കറ്റ് എടുക്കുക.

ജീത്തു ജോസഫ് പറഞ്ഞ പോലെ ‘ആദി’ എന്ന കഥാപാത്രം ഒരു അമാനുഷിക സൃഷ്ടിയല്ല.അത് കൊണ്ട് തന്നെ വളരെ ശാന്തമായിട്ടാണ് ജീത്തു ജോസഫ് ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രത്തെയും ആദിയുടെ കുടുംബത്തെയും അവതരിപ്പിച്ചിരിക്കുന്നത്. ഒരു മ്യൂസിക് കമ്പോസറാകണമെന്ന മോഹവുമായി തന്‍റെ സ്വപ്നങ്ങളിലേക്ക് യാത്ര നടത്തുന്ന വളരെ ‘ലവബിള്‍’ കഥാപാത്രമാണ് ആദി. അത്തരമൊരു യാത്രക്കിടയില്‍ ജീവിതത്തെ മാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടാകുകയും അതിനെ അതിജീവിക്കാന്‍ ആദി നടത്തുന്ന നെട്ടോട്ടവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ടിപ്പിക്കല്‍ കഥാഖ്യാനത്തിലേക്ക് തന്നെയാണ് ‘ആദി’യെയും സംവിധായകന്‍ പ്ലേസ് ചെയ്തിരിക്കുന്നത്. പതിവ് കഥ പറച്ചില്‍ ശൈലിയില്‍ മുങ്ങിപ്പോകുന്ന ‘ആദി’ ആദ്യ മണിക്കൂറില്‍ കുറച്ചൊക്കെ മടുപ്പിച്ചിരുത്തുമ്പോള്‍ പ്രതിസന്ധികള്‍ മറികടന്നുള്ള ആദിയുടെ തേരോട്ടമാണ്‌ ചിത്രത്തിന് ആശ്വാസമാകുന്നത്.

സിനിമയില്‍ നായകനുണ്ടായാല്‍ അവന് പ്രണയിക്കാന്‍ ഒരു നായിക വേണം എന്നുള്ള പതിവ് ക്ലീഷേ സങ്കല്‍പ്പങ്ങളെയൊക്കെ ജീത്തു ജോസഫ് പടിക്ക് പുറത്തു നിര്‍ത്തുണ്ടെങ്കിലും ചിത്രത്തിന്റെ ആശയവും തിരക്കഥയുമൊക്കെ മലയാള സിനിമയില്‍ പലനാള്‍ കുറിക്കപ്പെട്ടിട്ടുള്ള ആ പഴയ ബോംബ്‌ കഥയാണ്. ചിത്രത്തിലെ വ്യത്യസ്തമായ ആക്ഷന്‍ സംഘട്ടനരംഗങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒന്നും കാര്യമായി ഹൃദയത്തിലേക്ക് അടുക്കുന്നില്ല. തന്‍റെ മുന്‍ സിനിമകളില്‍ ഇമോഷണല്‍ രംഗങ്ങളൊക്കെ നന്നായി അടയാളപ്പെടുത്തിയിട്ടുള്ള ജീത്തു ജോസഫ് ‘ആദി’യില്‍ എത്തുമ്പോള്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ പൂര്‍ണ്ണ പരാജിതനാകുന്നുണ്ട്. ഫിലിം മേക്കര്‍ എന്ന നിലയില്‍ ഒരു പരിധിവരെ നിലവാരം കാത്തു സൂക്ഷിച്ചിടത്താണ് ‘ആദി’ മടുപ്പിക്കാത്ത സിനിമയായി മാറുന്നത്.

പ്രണവിന്റെയും, സിദ്ധിഖിന്റെയും കോമ്പിനേഷന്‍ സീനുകള്‍ മനസ്സില്‍ നിന്ന് മായാത്ത വിധമുള്ള അനുഭവമൊന്നും സമ്മാനിക്കുന്നില്ലങ്കിലും ഒരു സംവിധായകന്റെ കയ്യൊപ്പ് അത്തരം രംഗ ചിത്രീകരണങ്ങളിലൊക്കെ തലപൊക്കുന്നുണ്ട്. സിദ്ധിഖിന്റെ അച്ഛന്‍ കഥാപാത്രം അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് , ജീത്തു ജോസഫിന്റെ എഴുത്തിനപ്പുറം സിദ്ധിഖ് എന്ന നടന്റെ അഭിനയ മികവായിരുന്നു അതിനു കാരണം. ലെനയുടെ അമ്മ വേഷം പലഘട്ടങ്ങളിലും കല്ല്‌ കടിയായി മാറി. മകന്‍റെ അവസ്ഥയില്‍ സങ്കടപ്പെടുന്ന ലെനയുടെ അമ്മ, ചില അമച്വര്‍ നാടകങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിച്ചു, ചിത്രത്തിന്റെ കഥാസാരം പതിവ് സ്ക്രീന്‍ കാഴ്ചയായപ്പോള്‍ ഉദ്വേഗജനകമായ നിമിഷങ്ങളൊന്നും പ്രേക്ഷകന് എവിടെയും അനുഭവമായില്ല. “മാസ് ശൈലിയിലുള്ള ചിത്രമല്ല ആദി” എന്ന് ജീത്തു ജോസഫ് പ്രഖ്യാപിക്കുമ്പോള്‍ മാസ് ടച്ച് മാത്രം മതിയായിരുന്നല്ലോ? എന്ന് പ്രേക്ഷകന് തോന്നിപ്പോകുന്നത് ഒരിക്കലും പ്രേക്ഷകന്റെ കുറ്റമല്ല. കാരണം മികച്ച ബോഡി ബാലന്‍സോടെയാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങളിലെ പ്രണവ് മോഹന്‍ലാലിന്‍റെ പ്രകടനം. വളരെ ഫ്ലെക്സിബിളായി ആക്ഷന്‍ രംഗങ്ങളിലേക്ക് പറന്നടുക്കുന്ന പ്രണവ് മോഹന്‍ലാലിന് ദുര്‍ബലത കുറഞ്ഞ ഒരു തിരക്കഥയാണ് ജീത്തു ജോസഫ് നല്‍കിയത്.

മലയാള സിനിമ ആവര്‍ത്തിച്ചു കണ്ടിട്ടുള്ള നാരായണ റെഡ്ഡിയെപ്പോലെയുള്ളവരുടെ പ്രതികാര കഥകളില്‍ പ്രണവ് വീണു പോയതും സങ്കടകരമാണ്. പ്രണവിനെ ഡ്രാമാറ്റിക്കായ ഇത്തരമൊരു ടിപ്പിക്കല്‍ കഥയിലൂടെ മലയാളത്തിനു പരിചയപ്പെടുത്തണമായിരുന്നോ? ‘ആദി’ ഇമോഷണല്‍ മൂഡിലുള്ള ഹൃദയ സ്പര്‍ശിയായ ചിത്രം കൂടിയാണെന്ന് സംവിധായകന്‍ വ്യക്തമാക്കുമ്പോള്‍
‘ആദി’ എന്ന ചിത്രം ഹൃദയസ്പര്‍ശിയായിരുന്നോ? എന്ന ചോദ്യത്തിന് എത്ര പ്രേക്ഷകര്‍ക്കാകും കൃത്യമായ ഉത്തരം നല്‍കാന്‍ സാധിക്കുക? ചിത്രത്തിലെ ഏത് ഇമോഷണല്‍ രംഗത്തിനാണ് തീവ്രത ഉണ്ടായിരുന്നത്? ക്ലീഷേ കഥകളെ അടിമുടി വിമര്‍ശിക്കുന്ന നിരൂപകര്‍ ‘ആദി’യെ മാനത്തേക്ക് ഉയര്‍ത്തുമ്പോള്‍ അവര്‍ ആദിയില്‍ കണ്ട ആഴം എന്താകും?പ്രണവ് മോഹന്‍ലാലിനെ മാത്രം മുന്‍നിര്‍ത്തിയാണ് ആദി ആഘോഷിക്കപ്പെടുന്നത്. ഒരു സിനിമയുടെ വിലയിരുത്തലിനപ്പുറം അതില്‍ അഭിനയിച്ച താരത്തെ കേന്ദ്രീകരിച്ച് മാത്രമായി മാറുകയാണ് ‘ആദി’യുടെ ചര്‍ച്ച.

പ്രതിസന്ധികള്‍ക്കും പ്രതികാരങ്ങള്‍ക്കുമിടയില്‍ വെടിപൊട്ടിയ ക്ലീഷേ കഥയില്‍ വേറിട്ട സംഘട്ടന രംഗങ്ങള്‍ അവതരിപ്പിച്ചു എന്നല്ലാതെ ജീത്തു ജോസഫില്‍ നിന്ന് വലിയ മികവൊന്നും കണ്ടെത്താനായില്ല. ചിത്രത്തിന്റെ കഥയുടെ മര്‍മ്മ പ്രധാനമായ ഒരു മരണത്തിന്റെ പ്രതിസസന്ധി ഘട്ടങ്ങളിലേക്ക് ആദി എത്തപ്പെടുന്ന സാഹചര്യങ്ങള്‍ പോലും കേമമായി തോന്നിയില്ല. എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തപ്പോലെ ഫീല്‍ ചെയ്യിപ്പിച്ചാണ് ഓരോ രംഗവും കടന്നു പോയത്. താന്‍ എപ്പോഴും സിനിമ ചെയ്യുമ്പോള്‍, പ്രേക്ഷകന് ഇഷ്ടമാകത്തക്ക വിധം റിയാലിറ്റിയില്‍ നിന്ന് ഒരു സ്റ്റെപ്പ് കയറ്റിവയ്ക്കും എന്നായിരുന്നു ജീത്തു ജോസഫ് പറയാറുള്ളത്. എന്നാല്‍ ‘ആദി’യിലെത്തുമ്പോള്‍ ചിത്രം റിയാലിറ്റി എന്ന വാചകത്തെ ദൂരെ ഉപേക്ഷിക്കുകയും ചിത്രത്തിലെ സംഭാഷണങ്ങള്‍ കൃത്രിമത്വത്തിന്‍റെ മഹോല്‍സവമാക്കുകയും ചെയ്യുന്നുണ്ട്.

നായകനായുള്ള പ്രണവ് മോഹന്‍ലാലിന്‍റെ എന്ട്രി എന്ന നിലയിലും ഫിലിം മേക്കര്‍ എന്ന നിലയില്‍ ജീത്തു ജോസഫ് സംഘട്ടന രംഗങ്ങളില്‍ കൈവരിച്ച മികവിലൂടെയും മാത്രമാകും ഈ സിനിമ ബോക്സോഫീസില്‍ രക്ഷപ്പെടുക, എന്നാല്‍ ദൃശ്യവും മെമ്മറീസുമൊക്കെ പോലെ സിനിമയുലുടനീളമുള്ള ജീത്തു ജോസഫ് ‘മാസ്റ്റര്‍ ക്രാഫ്റ്റ്’ ഈ സിനിമ കൂടെ ചേര്‍ക്കുന്നില്ല.

പ്രകടനത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ അഭിനയം തൃപ്തികരമാണ്, പല താരപുത്രന്‍മാരും അഭിനയം അത്ഭുതമാക്കിയല്ല, മലയാള സിനിമയിലേക്ക് എന്ട്രി ചെയ്തത്. പക്ഷെ അവരൊക്കെ ഇപ്പോള്‍ നല്ല നടനത്തിന്റെ പര്യായങ്ങളുമാണ്, ആ രീതിയില്‍ നോക്കിയാല്‍ പ്രണവിന്റെ തുടക്കം മറ്റു താരപുത്രന്‍മാരില്‍ നിന്ന് ഏറെ മുന്നിലാണ്. സംഘട്ടന രംഗങ്ങള്‍ക്കപ്പുറം കൂടുതല്‍ പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഒന്നും പ്രണവിനു ചിത്രം സമ്മാനിക്കുന്നില്ല. വീട്ടുകാരുടെ ചെല്ലക്കുട്ടിയായി നിഷ്കളങ്കത നിറയ്ക്കുന്ന, ചിത്രത്തിന്‍റെ തുടക്കമുള്ള പ്രണവിന്റെ ഡയലോഗ് ഡെലിവറിയൊക്കെ മോഹന്‍ലാലിനെ ഓര്‍മ്മിക്കുന്നുണ്ട്. ചിത്രം മറ്റൊരു കഥാ സഞ്ചാരത്തിലേക്ക് വഴി മാറുമ്പോള്‍ ആ സന്ദര്‍ഭത്തിനനുസരിച്ചുള്ള നിസ്സഹായത, ഭയം എന്നിവയിലൂടെ മാത്രം കടന്നു പോകാനാണ് പ്രണവിനോട് സംവിധായകന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്, അവിടെയൊന്നും കൂടുതല്‍ അഭിനയ സാധ്യത നല്‍കുന്ന രംഗ ചിത്രീകരണങ്ങള്‍ കടന്നു വരുന്നില്ല. ചിത്രം അതിന്റെ അവസാനത്തോടു അടുക്കുമ്പോഴാണ് ‘ആദി’ എന്ന കഥാപാത്രം കൂടുതല്‍ ഊര്‍ജ്ജ സ്വലാനായി എന്തും നേരിടാനുള്ള പ്രാപ്തി കൈവരിക്കുന്നത് അത്തരം നിമിഷങ്ങളിലെക്കെ മനോഹരമായ ശരീര ഭാഷയോടെയും ഭാവ പ്രകടനങ്ങളിലൂടെയും പ്രണവ് മോഹന്‍ലാല്‍ നിലവാരം കാത്തു സൂക്ഷിക്കുന്നുണ്ട്. ഒരു ഡ്യൂപ്പ് അഭിനയിച്ചിരിക്കുന്നത് പോലെയാണ് ചിത്രത്തിലെ പ്രണവിന്റെ സാഹസിക പ്രയാണം. ഇനിയുള്ള മലയാള സിനിമയില്‍ ചിലതൊക്കെ അത്ഭുതമാക്കി മാറ്റാന്‍ ത്രാണിയുള്ള മോഹന്‍ലാലിന്‍റെ സ്വന്തം  സ്പൈഡര്‍ മാന്‍, ആദ്യ ചിത്രത്തില്‍ തന്നെ  അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ ചടുലമായ നീക്കം നടത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് മലയാളത്തിലെ സൂപ്പര്‍ താരമാകാതിരിക്കട്ടെ, പകരം പപ്പയുടെ പ്രിയപ്പെട്ട ‘അപ്പു’ സൂപ്പര്‍ നടനായി ഉയരട്ടെ…

ചിത്രത്തില്‍ പ്രണവിനൊപ്പം അഭിനയിച്ച സഹതാരങ്ങള്‍ കാര്യമായ വിലയിരുത്തലിലേക്ക് പോകാനുള്ള ആഴമൊന്നും നല്‍കുന്നില്ല. സിദ്ധിഖിന്റെ അച്ഛന്‍ വേഷവും, ആദിയുടെ സുഹൃത്തായ ഷറഫുദീന്‍റെ കഥാപാത്രവും മോശമല്ലാത്തതായിരുന്നു. സംഗീതത്തില്‍ വേറിട്ടൊരു ശൈലി ക്രിയേറ്റ് ചെയ്യാന്‍ സാധിച്ചെങ്കിലും ചിത്രത്തിലെ ഓരോ ഗാനങ്ങളും തിയേറ്ററില്‍ വച്ച് തന്നെ മറക്കപ്പെടുന്നുണ്ട്. പശ്ചാത്തല സംഗീതവും ശരാശരി സുഖം മാത്രമാണ് നല്‍കിയത് . പലയിടത്തുമുള്ള ചിത്രത്തിലെ സൈലന്റ് മൂഡില്‍ പശ്ചാത്തല സംഗീതം പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ കുറച്ചു കൂടി ഫീല്‍ ലഭിച്ചേനെ.

അവസാന വാചകം

പ്രണവ് മോഹന്‍ലാലിന്‍റെ വേഗതയുള്ള ആക്ഷന്‍ മൂവ്മെന്‍റ് മനോഹരമാണ് . ആ രംഗ ചിത്രീകരണങ്ങള്‍ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ജീത്തു ജോസഫ് അന്തസ്സോടെ ചെയ്തിട്ടുണ്ട് …. അത് ഒരിക്കലും നിങ്ങള്‍ നഷ്ടപ്പെടുത്തരുത്.അതിനായി മാത്രം ധൈര്യമായി ടിക്കറ്റ് എടുക്കാം അതിനായി മാത്രം….

പ്രവീണ്‍.പി നായര്‍

shortlink

Related Articles

Post Your Comments


Back to top button