മലയാള സിനിമ സൈബര്‍ ക്രിമിനലുകളുടെ പിടിയില്‍ അമരുന്നത് മോളിവുഡ് വ്യവസായത്തിന് കനത്ത തിരിച്ചടിയാണ്. തിയേറ്ററില്‍ പണം കൊയ്യുന്ന ചിത്രങ്ങളുടെ സാമ്പത്തിക വരുമാനത്തിന്‍റെ ഒഴുക്ക് കുറയ്ക്കുന്ന ഇത്തരം നീച പ്രവൃത്തികള്‍ പലരും കണ്ടില്ലെന്നു നടിക്കുകയാണ്. തമിഴ് റോക്കേഴ്സിനെപ്പോലെയുള്ള വില്ലന്മാര്‍ കോളിവുഡിലടക്കമുള്ള ചിത്രത്തിന് വലിയ രീതിയിലുള്ള തടസം സൃഷ്ടിക്കുമ്പോള്‍ ജയസൂര്യയുടെ ‘ആട് 2’ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു കൊണ്ടാണ് ചില വിരുതന്മാര്‍ സുഖം കണ്ടെത്തിയിരിക്കുന്നത്. തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരുന്ന ആടിന്റെ വ്യാജപ്രിന്‍റ് പ്രചാരം ചിത്രത്തിന്റെ കളക്ഷനു കാര്യമായ രീതിയില്‍ ദോഷം ചെയ്യുകയാണ്. ആട്-2 വിന്‍റെ നിര്‍മ്മാതാവായ വിജയ് ബാബു ഉള്‍പ്പടെയുള്ളവര്‍ ഇവര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.
തമിഴ് സിനിമാ മേഖലയെ വെല്ലുവിളിച്ചു കൊണ്ടാണ് തമിഴ് റോക്കേഴ്സ് വ്യാജനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്നുള്ളതാണ് വലിയ അത്ഭുതം, ചിത്രമിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ വ്യാജ സൈറ്റിലേക്ക് സിനിമ പകര്‍ത്തുന്നു. മലയാളത്തിലും സമാനമായ സാഹചര്യം ആവര്‍ത്തിക്കുകയാണ്. മോളിവുഡ് വിപണിയ്ക്ക് ഏറെ ഉയര്‍ച്ച നല്‍കിയ ആട് 2-വിന്‍റെ വ്യാജന്‍ ആയിരകണക്കിന് ആളുകള്‍ ഷെയര്‍ ചെയ്യുകയും ചിത്രം കാണുകയും ചെയ്യുന്നത് ഓരോ പ്രേക്ഷകനും സിനിമാ വ്യവസായത്തോട് ചെയ്യുന്ന നെറികേട് ആണ്.
മുന്‍പ് അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ‘പ്രേമം’ എന്ന ചിത്രത്തിന്റെ വ്യാജനും ആരോ ചോര്‍ത്തിയിരുന്നു. അന്‍പത് കോടി ക്ലബില്‍ ഇടം നേടാന്‍ സാധ്യതയുണ്ടായിരുന്ന പ്രേമം എന്ന ചിത്രത്തിനും വില്ലനായി മാറിയത് വ്യാജ പകര്‍പ്പായിരുന്നു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലുള്ള ആര്‍ക്കെതിരെയും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയുന്നില്ല എന്നത് ഖേദകരമാണ്.
സൂര്യ നായകനായ ‘താനേ സെര്‍ന്ത കൂട്ടം’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തമിഴ് റോക്കെഴ്സിനോട് ചിത്രം അപ്ലോഡ് ചെയ്യരുതെന്ന് അപേക്ഷിക്കുന്ന അവസ്ഥ എത്രയോ നിര്‍ഭാഗ്യകരമാണ്. നൂറു കോടി ക്ലബില്‍ ഇടംനേടിയ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്റെ വ്യാജ പ്രിന്റ് പോലും വ്യാജ സൈറ്റുകളില്‍ സുലഭമായിരുന്നു.
Post Your Comments