മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുതെന്ന അഭ്യർത്ഥനയുമായി എഴുത്തുകാരിയും സഹസംവിധായികയുമായ ശ്രീബാല കെ മേനോന് രംഗത്ത്. കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ മാധവിക്കുട്ടിയെപ്പറ്റി ആദ്യമായി ചര്‍ച്ച ചെയ്യുന്നവര്‍ അവരെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കുന്നുണ്ട്. ഈ കാരണത്താലാണ് ശ്രീബാല ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചത്.
ശ്രീബാലയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സിനിമക്കാരുടേയും, ആമി എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ മാധവിക്കുട്ടിയെപ്പറ്റി ആദ്യമായി ചര്‍ച്ച ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്,
ദയവ് ചെയ്ത് അവരെ മാധവിക്കുട്ടിയമ്മ എന്ന് വിളിക്കരുത്. അവരുടെ അമ്മയുടെ പേരാണ് ബാലാമണിയമ്മ. അവരെയാണ് അമ്മ ചേര്‍ത്ത് എല്ലാവരും സംബോധന ചെയ്തിരുന്നത്. അമ്മ ചേര്‍ത്തുള്ള സംബോധന മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല. ആമി, കമല, മാധവിക്കുട്ടി, കമല സുരയ്യ, ആമിയോപ്പു, കമലേടത്തി തുടങ്ങിയ വിളികളേ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നുള്ളൂ. മാധവിയമ്മ, മാധവിക്കുട്ടിയമ്മ തുടങ്ങിയ വിളികള്‍ ചര്‍ച്ചകളിലും ഫേസ് ബുക്ക് പോസ്റ്റുകളിലും കണ്ട് സഹിക്കാതെയാണ് ഈ കുറിപ്പ്. അവര്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ആ വിളി ഒഴിവാക്കാന്‍ അപേക്ഷിക്കുന്നു.
എന്ന്
മാധവിക്കുട്ടിയുടെ ‘എന്തും ചെയ്യാന്‍ മടിക്കാത്ത ആരാധിക’
Post Your Comments