CinemaEast Coast SpecialGeneralIndian CinemaLatest NewsNEWSWOODs

പണം മുടക്കാന്‍ വേണ്ടി മാത്രമാണോ നിര്‍മ്മാതാക്കള്‍; അതിനപ്പുറം സിനിമയില്‍ അവര്‍ക്കൊരു സ്ഥാനവുമില്ലേ?

മാറ്റങ്ങളുടെ വഴിയിലൂടെയാണ് സിനിമ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ മാറ്റങ്ങളില്ലാതെ പഴയ കീഴ് വഴക്കങ്ങളോടെയാണ്  നിലവിലുള്ള സിനിമാ നിര്‍മ്മാണരീതികള്‍. അതിനും മാറ്റം വരേണ്ടിയിരിക്കുന്നു. പരിചയ സമ്പന്നരായ നിര്‍മ്മാതാക്കളുടെ വ്യക്തമായ ബഡ് ജറ്റും സാമ്പത്തിക നിയന്ത്രണങ്ങളും അവരുടെ സിനിമയെ ഒരുപരിധി വരെ വിജയഘടകങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. എന്നാല്‍, പണം മുടക്കാന്‍ തയ്യാറായി വരുന്ന പല പുതിയ നിര്‍മ്മാതാക്കളുടെയും അവസ്ഥ പുറത്തു പറയാന്‍ തന്നെ കഴിയില്ല. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയുമൊക്കെ പ്രലോഭനങ്ങളില്‍ മയങ്ങി സിനിമ നിര്‍മ്മിക്കാന്‍ പുറപ്പെടുകയും ഒടുവില്‍ കടക്കാരനായി കെണിയിലാവുകയും ചെയ്യുന്ന നിര്‍മ്മാതാക്കളുമുണ്ട്. നാലും അഞ്ചും കോടി രൂപ വരെ ബഡ്ജറ്റ് പറയുകയും എന്നാല്‍ അതില്‍ കൂടുതല്‍ ചിലവാക്കേണ്ടി വന്നാലും പടം പൂര്‍ത്തിയാകാത്ത അവസ്ഥയും നിലവിലുണ്ട്.

ഈയിടെ പുറത്തിറങ്ങിയ ഒരു സൂപ്പര്‍ താര ചിത്രത്തിന് സംഭവിച്ചതും അതാണ്‌. ഏതാണ്ട് ഒമ്പത് കോടിയോളം ബഡ്ജറ്റ് പ്രതീക്ഷിച്ച ചിത്രം പൂര്‍ത്തിയാക്കിയപ്പോള്‍ പതിനാറ് കോടിയോളമായി എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. എങ്ങനെയാണ് ഇത്തരം ചിത്രങ്ങളുടെ മുടക്കുമുതല്‍ തിരികെ പിടിക്കാന്‍ കഴിയുന്നത്‌. വീട് വിറ്റും ലോണെടുത്തും കടം വാങ്ങിയും സിനിമ നിര്‍മ്മിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് ഇതൊരു വന്‍ ബാധ്യതയായി മാറുകയും ചെയ്യുന്നു. കഥ പറയാന്‍ സമീപിക്കുമ്പോഴും നിര്‍മ്മാണചിലവ് പറയുമ്പോഴും പ്രകടിപ്പിക്കുന്ന സ്വഭാവ രീതിയും സമീപനങ്ങളും ആയിരിക്കില്ല സിനിമ തുടങ്ങിയാല്‍ സംവിധായകനില്‍ നിന്നും മറ്റ് സാങ്കേതിക പ്രവര്‍ത്തകരില്‍ നിന്നുമൊക്കെ ഉണ്ടാകുന്നത് എന്നും പല നിര്‍മ്മാതാക്കള്‍ക്കും പരാതിയുണ്ട്. 40 ദിവസത്തെ ചിത്രീകരണം എന്ന് പറഞ്ഞു തുടങ്ങുന്ന സിനിമകള്‍ ചിലപ്പോള്‍ 100 ദിവസം വരെയെടുത്താണ് ചിത്രീകരണം തന്നെ പൂര്‍ത്തിയാക്കുക. രണ്ട് ലക്ഷം മുതല്‍ പത്തു ലക്ഷം വരെ ഒരു ദിവസത്തെ ചിത്രീകരണത്തിനായി ചിലവ് വരുന്ന സിനിമകളുണ്ട്. ഒരു സാധാരണ ചെറിയ സിനിമയ്ക്ക് പോലും രണ്ടു ലക്ഷത്തിലേറെ ദിവസചെലവുണ്ട്. എന്നിരിക്കെ അലസമായി ആവശ്യമുള്ള രംഗങ്ങള്‍ ഏതാണെന്ന് ധാരണയില്ലാതെ ചിത്രീകരണം നടത്തുമ്പോള്‍ നിര്‍മ്മാതാവിന് ഉണ്ടാകുന്നത് വലിയ നഷ്ടമാണ്. രണ്ട് മണിക്കൂര്‍ പതിനഞ്ച് മിനിറ്റ് ഒക്കെയാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക സിനിമകളുടെയും സമയ ദൈര്‍ഖ്യം. റഫ് കട്ട് കഴിഞ്ഞ് ഏതാണ്ട് മൂന്നര നാലുമണിക്കൂര്‍ നീളമുള്ള സിനിമകളാണ് ഒടുവില്‍ 2 – 2.30 മണിക്കൂറിനുള്ളില്‍ വെട്ടിയൊതുക്കുന്നത്‌. അത് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സിനിമയെക്കുറിച്ചുള്ള ധാരണയില്‍ വരുന്ന പ്രശ്നമാണ്. അധിക സമയ ചിത്രീകരണത്തിലൂടെ സിനിമയുടെ നിര്‍മ്മാണം ഉള്‍പ്പടെയുള്ള ചിലവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രൊഡക്ഷന്‍ കണ്ട്രോളറുടെയും ശിങ്കിടികളുടെയും ഇഷ്ടത്തിനു വഴങ്ങാത്ത നിര്‍മ്മാതാവ് ആണെങ്കില്‍ പറയുകയും വേണ്ട. കള്ളക്കണക്കുകള്‍ ഉണ്ടാക്കിയും തെറ്റിദ്ധരിപ്പിച്ചും ലൊക്കേഷനും താമസസ്ഥലങ്ങള്‍ക്കുമുള്ള വാടക കൂട്ടി കാണിച്ചും നിര്‍മ്മാതാവിനെ പരമാവധി പിഴിയുന്ന സ്ഥിതി വിശേഷവും സിനിമയിലുണ്ട്. പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുക എന്നതാണ് ഇവരുടെ പൊതുവേയുള്ള രീതി. പാതിവഴിയില്‍ ചിത്രീകരണം നിന്നുപോയ ചിത്രങ്ങളുടെയും ഭാഗ്യം കൊണ്ട് മാത്രം സാറ്റലൈറ്റും മുടക്കുമുതലും തിരികെ കിട്ടിയ നിര്‍മ്മാതാക്കളുടെയും ചരിത്രം പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാവും പുറത്തു വരുക.

സിനിമയില്‍ നിര്‍മാതാവിനും സ്ഥാനം ഉണ്ടാകണം.. നല്ല സിനിമകള്‍ പുറത്തിറങ്ങണം. ഈ വ്യവസായം ഇനിയും നിലനില്‍ക്കണം എന്നാണ് ആഗ്രഹമെങ്കില്‍ വെറുമൊരു നിര്‍മ്മാണയന്ത്രമല്ല നിര്‍മ്മാതാവ് എന്ന് സിനിമാക്കാര്‍ തിരിച്ചറിയണം..തിരിച്ചറിയട്ടെ .. കാരണം നിര്‍മ്മാതാവ് ഉണ്ടെങ്കില്‍ മാത്രമേ സിനിമ വ്യവസായമുള്ളു.. കടബാധ്യത മൂലം ഇനി ഇവിടെയൊരു നിര്‍മ്മാതാവും കയറെടുക്കരുത്…

shortlink

Related Articles

Post Your Comments


Back to top button