മലയാള സിനിമയിലേ സൗഹൃദങ്ങളെക്കുറിച്ച് നടി കെ.പി.എസ്.സി ലളിത പറയുന്നു. തനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പമുണ്ടായിരുന്നവര ജയഭാരതി, റാണി ചന്ദ്ര, ശാരദ തുടങ്ങിയവരോടായിരുന്നുവന്നു തന്റെ ആത്മകഥയായ കഥ തുടരും എന്ന പുസ്തകത്തില്‍ കെ.പി.എസ്.സി ലളിത പറയുന്നു. ഈ സൌഹൃദങ്ങളെ കുറിച്ച് തുറന്നു പറയുന്ന താരം ജയഭാരതിയുമായി ഇപ്പോള്‍ അത്ര അടുപ്പത്തില്‍ അല്ലെന്നും സൂചിപ്പിക്കുന്നു.
കെ.പി.എസ്.സി ലളിതയുടെ വാക്കുകള്‍ പ്രസക്ത ഭാഗം .. യൂസഫലി കേച്ചേരി ഒരുക്കിയ മരം എന്ന പടത്തില്‍ ഞാനും ഭാരതിയുമാണ് അഭിനയിച്ചത്. നെല്ലിക്കോട് ഭാസ്‌കരേട്ടനും ഞാനും, ഭാരതിയും നസീര്‍സാറും അങ്ങനെയായിരുന്നു ജോഡികള്‍. അശോക്‌നഗറിലാണ് ഭാരതി താമസിക്കുന്നത്. അവളന്ന് ഡാന്‍സ് പഠിക്കുന്നുണ്ട്. ഞാനും അവള്‍ക്കൊപ്പം ഡാന്‍സ് പഠിക്കണമെന്നായി. എന്നിട്ടൊന്നിച്ച് അരങ്ങേറണമെന്നൊക്കെ അവള്‍ പറയും. ഡാന്‍സ് മാഷെ വിളിക്കാന്‍ അവള്‍ വണ്ടി പറഞ്ഞുവിട്ടാല്‍ വഴിക്ക് എന്നെക്കൂടി കയറ്റിയിട്ടായിരിക്കും പോവുന്നത്. അങ്ങനെ കുറെനാള്‍ ഞാനവള്‍ക്കൊപ്പം ഡാന്‍സ് പഠിച്ചു. അങ്ങനെ ഡാന്‍സ് പഠിച്ചുപഠിച്ച് എന്റെ കാല്‍മുട്ട് വേദനിക്കാന്‍ തുടങ്ങി. ബഹദൂര്‍ക്കായുടെ കമന്റാണ്: ‘വയസ്സും പ്രായോം ഒക്കെ ആയാല്‍ പെണ്ണുങ്ങള്‍ ചുമ്മാ അടങ്ങിയിരിക്കണം. പോയി കാലിന്റെ മുട്ട് തല്ലിപ്പൊട്ടിക്കരുത്.’ എനിക്കും ഭാരതിക്കും പ്രായത്തില്‍ വലിയ വ്യത്യാസമില്ല. എന്നാലും ബഹദൂര്‍ക്കാ പറയും: ‘ഈ പ്രായത്തില്‍ നീയെന്തിനാ അവള്‍ടെ കൂടെ ചാടാന്‍ നടക്കുന്നത്?’ കണ്ടുകഴിഞ്ഞാല്‍ അന്ന് ഞാനാണ് ചെറിയത്. മെലിഞ്ഞിട്ടാണ്. ഭാരതിക്കാണെങ്കില്‍ ഇച്ചിരി തടിയൊക്കെയുണ്ട്.
എന്റെ ഡാന്‍സുപഠിത്തം അങ്ങനെ കുറേശ്ശയായി നിന്നു. അവള്‍ മാത്രം ഡാന്‍സ് തുടര്‍ന്നു. ആ മാഷ്‌ക്കെന്നെ വലിയ കാര്യമായിരുന്നു. എന്നോടു പറഞ്ഞിരുന്നു: ‘പഠിക്കണം. ഫീസൊന്നും തരേണ്ട.’ പഠിക്കാം. പക്ഷേ, എനിക്ക് പിന്നെ പോകാനൊന്നും പറ്റിയില്ല. ഡാന്‍സ് എനിക്ക് അത്ര ഇഷ്ടമായിരുന്നെങ്കിലും ആ ചുറ്റുപാടില്‍ എനിക്കെന്തോ തുടരാന്‍ കഴിഞ്ഞില്ല. അതിലൊരാവേശമില്ലാതായി. ഭാരതിക്ക് ഇപ്പഴും ആ മാഷ് ഉണ്ട്. ഇപ്പോഴും ഡാന്‍സ് ക്ലാസും പഠിത്തവുമൊക്കെയുണ്ട്. ഇപ്പം സിനിമയില്ല. ഡാന്‍സാണ് കൂടുതല്‍. അവള്‍ക്ക് അഭിനയം വേണ്ട. അഭിനയിക്കണമെങ്കില്‍ നായികയ്ക്കു കൊടുക്കുന്ന കാശുതന്നെ അവള്‍ക്കു കിട്ടണം. ഇത്രയൊക്കെ പൈസ ആരാണ് കൊടുക്കുക? അനിയത്തിമാരെയൊക്കെ അവള്‍ നല്ല നിലയില്‍ എത്തിച്ചു. രണ്ടു പേരെയും കല്യാണം കഴിച്ചയച്ചു. അതിലൊരാളുടെ മകനാണ് മുന്ന, രണ്ടാമത്തെ അനിയത്തിയുടെ മകന്‍. മുന്ന ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കേളമ്പാക്കംതന്നെ പതിമൂന്ന് ഏക്കര്‍ സ്ഥലം ഉണ്ട്. അതില്‍നിന്ന് മൂന്ന് ഏക്കര്‍ ഈയിടെയെങ്ങാണ്ട് വിറ്റുവെന്നാണ് അറിഞ്ഞത്. ഞങ്ങളിപ്പോള്‍ വലിയ അടുപ്പത്തിലല്ല. അതിനൊരു കാരണമുണ്ട്.
( കെ.പി.എസ്.സി ലളിതയുടെ കഥ തുടരും എന്ന പുസ്തകത്തില്‍ നിന്ന് )
Post Your Comments