
പൃഥിരാജ് പാര്‍വതി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘മൈ സ്റ്റോറി’. നവാഗതയായ രോഷ്നി ദിനകര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചു സംവിധായിക തുറന്നു പറയുന്നു. ”തന്റെ പുതിയ ചിത്രമായ ‘മൈ സ്റ്റോറി’യ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമാണ്. അത് പെയ്ഡാണ്. ഒരേതരത്തിലുള്ള കമന്റുകള്‍ ധാരാളമായി കോപ്പി പേസ്റ്റ് ചെയ്യുന്നതായി കാണാം. എന്നാല്‍, ആരാണ് ഇതിനു പിന്നിലെന്ന് എനിക്കറിയില്ല. അറിയണമെന്നുമില്ല” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രോഷ്നി വ്യക്തമാക്കി.
” പാട്ടിന് ലഭിച്ച ഡിസ്ലൈക്കുകളെ കുറിച്ചല്ല, നമ്മുടെ സംസ്കാരത്തെ കുറിച്ചാണ് എനിക്ക് ദുഖം തോന്നുന്നത്. ഒരു സ്ത്രീയ്ക്കെതിരെ ഇത്രയും മോശമായ കമന്റുകളിടാന്‍ എങ്ങനെയാണ് സാധിക്കുന്നത്. ഞാനൊരു സ്ത്രീയാണ്. എന്റെ പേജില്‍ പോലും വന്ന് മറ്റൊരു സ്ത്രീയെ കുറിച്ച് പറയാന്‍ പോലുമറയ്ക്കുന്ന തരത്തിലുള്ള കമന്റുകളാണിടുന്നത്. പാര്‍വതിയ്ക്കെതിരെ എന്നല്ല ഒരു സ്ത്രീയ്ക്കെതിരെയും, അവള്‍ എത്ര മോശപ്പെട്ടവരായാലും, ഇത്തരം കമന്റുകളിടരുത്. ആക്രമണം നടത്തുന്നത് ചെറിയൊരു വിഭാഗമാണ് എന്ന് പറയുന്നതില്‍ കാര്യമില്ല. അവരും നമ്മുടെ സമൂഹത്തെ പ്രതിനിധീകരിക്കുന്നവരല്ലേ. അവര്‍ നടത്തുന്ന ഇത്തരം പ്രതികരണങ്ങള്‍ കൊണ്ട് കേരളത്തിനാണ് നാണക്കേടുണ്ടാകുന്നത്. മറ്റ് ഇന്‍ഡസ്ട്രികളില്‍ ജോലി ചെയ്തിരുന്നതിനാല്‍ എനിക്ക് അവിടെ നിന്നൊക്കെ ധാരാളം സുഹൃത്തുക്കളുണ്ട്. ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളും മോശം കമന്റുകളും നമ്മുടെ ചെളിവാരി എറിയലുമെല്ലാം പുറത്തുള്ളവരും കാണുന്നുണ്ട്. അവര്‍ നമ്മെ നോക്കി ചിരിക്കുകയാണ്. അവര്‍ക്ക് മുന്നില്‍ നമ്മള്‍ ലജ്ജിക്കേണ്ടി വരുന്നു”. രോഷ്നി കൂട്ടിച്ചേര്‍ത്തു.
Post Your Comments