അച്ഛന്‍ നഷ്ടപ്പെട്ടതുമുതല്‍ അച്ഛന്റെയും അമ്മയുടെയും സ്നേഹം നല്‍കിയാണ് മല്ലികാ സുകുമാരന്‍ തന്റെ രണ്ടു മക്കളെയും വളര്‍ത്തിയത്. ഇരുവരും ഇന്ന് മലയാള സിനിമയിലെ യുവ സൂപ്പര്‍ താരങ്ങളായി തിളങ്ങുകയാണ്. ഏതൊരു വീട്ടിലേതും പോലെ ഈ അമ്മയ്ക്കും മക്കള്‍ വിവാഹിതരായപ്പോള്‍ ഒരുപാട് ആശങ്കകള്‍ ഉണ്ടായിരുന്നു. മക്കള്‍ തന്നില്‍ നിന്നും അകന്നു പോകുമോ എന്ന ആശങ്ക.അതുപോലെ തന്നെ അമ്മായി അമ്മ പോര് ഉണ്ടാകുമോ എന്നാ ആശങ്ക പെണ്‍കുട്ടികള്‍ക്കും ഉണ്ടാകും. എന്നാല്‍ അത്തരം ആശങ്കകള്‍ക്കൊന്നും തന്റെ മരുമക്കള്‍ ഇടവരുത്തിയിട്ടില്ലെന്നു തുറന്നു പറയുകയാണ് മല്ലിക സുകുമാരന്‍ പറയുന്നത്.
”പൃഥ്വിരാജും ഇന്ദ്രജിത്തും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്. അവരുടെ ആഗ്രഹത്തിന് താന്‍ എതിരു നിന്നില്ല. പൂര്‍ണിമയെ ഇഷ്ടമാണെന്ന് ഇന്ദ്രന്‍ പറഞ്ഞപ്പോള്‍ പഠിത്തം കഴിഞ്ഞു ജോലി നേടിയിട്ടു വിവാഹം ആകാമെന്നായിരുന്നു എന്റെ മറുപടി. ഇന്ദ്രന്‍ ബിടെക്ക് കഴിഞ്ഞു ജോലി ലഭിച്ച ശേഷമാണ് കല്യാണം നടത്തിയത്. പൂര്‍ണിമ മകളുടെ സ്ഥാനത്തു നിന്ന് എല്ലാ കാര്യങ്ങളും നോക്കി. ഇന്ദ്രനെക്കാള്‍ എന്നെയും പൃഥ്വിരാജിനെയും ശ്രദ്ധിക്കാനും അവള്‍ മിടുക്കു കാണിച്ചു.
സിനിമയില്‍ എത്തിയതോടെ പൃഥ്വിയെ കുറിച്ച് പല നടിമാരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നു. എന്നാല്‍ അങ്ങിനെ ഒരു ബന്ധമുണ്ടെങ്കില്‍ അത് എന്നോട് തുറന്നു പറയുമെന്ന് അറിയാവുന്നതിനാല്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. സുപ്രിയയെ ഇഷ്ടമാണെന്ന് അവന്‍ അറിയിച്ചു. ഞങ്ങള്‍ കല്യാണം നടത്തിക്കൊടുത്തു. ആദ്യത്തെ കുറച്ചു മാസം സുപ്രിയയ്ക്ക് എന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതു ഞാന്‍ മനസിലാക്കി ബുദ്ധിപൂര്‍വം പെരുമാറി.” മല്ലിക പറയുന്നു
”നമ്മള്‍ കൂടെ താമസിച്ചാല്‍ അവര്‍ക്ക് പലതും ത്യജിക്കേണ്ടി വരും. അതിനാല്‍ കൊച്ചിയില്‍ ഇന്ദ്രന്റെയും പ്രിഥ്വിരാജിന്റെയും ഫ്ളാറ്റുകള്‍ക്ക് അടുത്ത് മറ്റൊരു ഫ്ളാറ്റിലാണ് എന്റെ താമസം. ഇന്ദ്രനും പ്രിഥ്വിരാജിനും അഞ്ചു മിനിറ്റു യാത്ര ചെയ്താല്‍ എന്റെ ഫ്ളാറ്റിലെത്താം. മക്കള്‍ കൊച്ചിയിലുണ്ടെങ്കില്‍ എല്ലാവരും ഒന്നിച്ചാണ് ഭക്ഷണം. അവര്‍ സ്ഥലത്തില്ലെങ്കില്‍ മരുമക്കള്‍ വരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകണമെങ്കില്‍ മക്കള്‍ക്കും മരുമക്കള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം നല്‍കണമെന്നും” മല്ലിക പറയുന്നു.
Post Your Comments