കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിയോട് ചില പ്രേക്ഷകര്‍ പ്രതികാരം വീട്ടുന്നത് പാര്‍വതി നായികായി അഭിനയിക്കുന്ന പുതിയ ചിത്രത്തിലെ ഗാനത്തിന് ഡിസ്ലൈക്ക് നല്‍കിയാണ്. റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഗാനത്തിനാണ് യുട്യൂബില്‍ ഡിസ്ലൈക്കുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത്.
ഫാസ്റ്റ് മൂഡിലുള്ള ചിത്രത്തിലെ പ്രണയഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനാണ്, പാര്‍വതി അഭിനയിച്ചതിന്റെ പേരില്‍ പാട്ടിനെ അവഗണിക്കുന്ന പ്രേക്ഷക നിലപാടിനെ എതിര്‍ത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാന്‍ ഒത്തിരി പ്രതീക്ഷയോടെ ചെയ്ത ഗാനമാണിത്. അതിനോട് ഇത്തരത്തിലൊരു പ്രതികരണമുണ്ടാകുമ്പോള്‍ തീര്‍ച്ചയായും വിഷമം തോന്നും. ആദ്യമായിട്ടാണ് എന്റെ ഒരു പാട്ടിനോട് ആളുകള്‍ ഇങ്ങനെ പ്രതികരിക്കുന്നത്. എനിക്കു മാത്രമല്ല അതുമായി ബന്ധപ്പെട്ട എല്ലാവര്ക്കും വിഷമമുണ്ട്. അത്രേയുള്ളൂ. അവരുടെ പ്രതികരണം എല്ലാവരേയും ബാധിക്കുന്നുണ്ട്. സത്യത്തില്‍ എനിക്ക് ചിത്രത്തിന്റെ സംവിധായികയെ ഓര്‍ത്താണ് ഏറെ വിഷമം. കാരണം, എനിക്ക് ഒരു സ്റ്റുഡിയോയിലോ റൂമിലോ ഇരുന്നു ഗാനം മാത്രം ചെയ്താല്‍ മതി. പക്ഷേ റോഷ്നി എന്ന സംവിധായികയുടെ കാര്യം അങ്ങനെയല്ല. അവര്‍ ഒരുപാട് കഷ്ടപ്പെട്ടാണ് ഇത്തരത്തിലൊരു ചിത്രം ചെയ്യുന്നത്. ആ ചിത്രത്തിലെ ആദ്യ ഗാനത്തിനു തന്ന ഇത്തരത്തിലൊരു പ്രതികരണം ലഭിക്കുമ്പോള്‍ അവര്‍ക്കെത്രമാത്രം വിഷമമുണ്ടാകും”. മനോരമ ഒണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാന്‍.
Post Your Comments