ഈ പുതുവര്‍ഷത്തില്‍ മൂന്ന്‍ താരപുത്രന്മാരാണ് നായകന്‍മാരായി രംഗപ്രവേശം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്‍റെ വരവാണ് പ്രേക്ഷകര്‍ ആകാംഷപൂര്‍വ്വം ഉറ്റുനോക്കുന്നത്.
‘പാര്‍ക്കൌര്‍’ അഭ്യാസമുറ പരിശീലിച്ചാണ് പ്രണവ് തന്റെ ആദ്യചിത്രമായ ‘ആദി’യിലൂടെ വരവറിയിക്കുന്നത്, വ്യത്യസ്ത രീതിയിലുള്ള പ്രമേയം അവതരിപ്പിക്കുന്ന ‘ആദി’ ഹോളിവുഡ് ചൈനീസ് ചിത്രങ്ങളിലുള്ള പാര്‍ക്കൌര്‍ സംഘട്ടന രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് കഥ പറഞ്ഞിരിക്കുന്നത്, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരുന്നു , ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’ ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.
ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം നായകനാകുന്ന ‘പൂമര’മാണ് ഈ വര്‍ഷം പുറത്തിറങ്ങുന്ന മറ്റൊരു താരപുത്ര ചിത്രം. ക്യാമ്പസ് പശ്ചാത്തലത്തില്‍ എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പൂമരം പ്രേക്ഷകര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ്. കാളിദാസ് കോളിവുഡില്‍ നായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും ഹീറോയായി മലയാള സിനിമയിലേക്കുള്ള ആദ്യ രംഗപ്രവേശമാണിത്, ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട പൂമരത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് അവസാനിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധപിടിച്ചു പറ്റിയതോടെ പൂമരം പ്രേക്ഷക മനസ്സില്‍ പ്രദര്‍ശനത്തിനും മുന്‍പേ സ്ഥാനം പിടിച്ചു കഴിഞ്ഞു.
നടനും എം.എല്‍.എയുമായ നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ‘കല്യാണം’. എ.രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ.കെ രാധമോഹനാണ്. മുകേഷ് ശ്രീനിവാസന്‍ തുടങ്ങിയ വലിയ താരനിര കൊണ്ട് സമ്പന്നമായ ചിത്രം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും.
Post Your Comments