നവാഗത സിനിമാക്കാരുമായി ഒട്ടേറെ പ്രോജക്റ്റുകള്‍ മോഹന്‍ലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും, ജോഷി, ഷാജി കൈലാസ്, സിബി മലയില്‍ തുടങ്ങിയ സീനിയര്‍ സംവിധായകര്‍ക്കൊപ്പവും വൈകാതെ മോഹന്‍ലാല്‍ സിനിമ ചെയ്യും.
മോഹന്‍ലാലിന്‍റെ മഹത്തായ സിനിമാ കരിയറിന്‍റെ ഗ്രാഫ് ഉയര്‍ത്തിയതില്‍ സംവിധായകനെന്ന നിലയില്‍ സുപ്രധാന പങ്കുവഹിച്ചവരാണ് ഇവര്‍ മൂവരും. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്ന മോഹന്‍ലാല്‍ ചിത്രവും, ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ജോഷി-ഉദയ്കൃഷ്ണ ടീമിന്റെ കാട് പാശ്ചാത്തലമാക്കിയുള്ള ചിത്രവും മോഹന്‍ലാലിന്‍റെതായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. മോഹന്‍ലാല്‍ നായകനാകുന്ന സിബി മലയില്‍ ചിത്രം ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്, കൂടാതെ മോഹന്‍ലാലിന് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശനും മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ വര്‍ഷം വൈശാഖ്, ജിബു ജേക്കബ് തുടങ്ങിയ യുവസംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ പ്രവര്‍ത്തിച്ചത് നടനെന്ന നിലയിലും താരമെന്ന നിലയിലും അദ്ദേഹത്തിന് വലിയ രീതിയില്‍ ഗുണം ചെയ്തിരുന്നു. ഒടിയനും, മഹാഭാരതവുമൊക്കെ മോഹന്‍ലാലിന് വലിയ പ്രതീക്ഷകള്‍ നല്‍കുമ്പോള്‍ പഴയ മടയിലേക്ക് താരം വീണ്ടും തിരിച്ചു കയറുന്നത് അപകടകരമാണോ? എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
2004-ല്‍ പുറത്തിറങ്ങിയ നാട്ടുരാജാവാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ അവസാന ഹിറ്റ് ചിത്രം, അതിനു ശേഷം ‘ബാബ കല്യാണി’, ‘അലിഭായ്’, ‘റെഡ് ചില്ലീസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ കൂട്ടുകെട്ട് ഒന്നിച്ചെങ്കിലും ബോക്സോഫീസ് വിജയം ആവര്‍ത്തിക്കാനായില്ല.
2012-ല്‍ പുറത്തിറങ്ങിയ ‘റണ്‍ ബേബി റണ്‍’ ആയിരുന്നു ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ അവസാന വിജയ ചിത്രം. അതിനു ശേഷം പുറത്തിറങ്ങിയ ‘ലോക്പാല്‍’, ‘ലൈലാ ഓ ലൈലാ’ എന്നീ ചിത്രങ്ങള്‍ തിയേറ്ററില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ ചിത്രങ്ങളായിരുന്നു.
അതിലും ദയനീയമാണ് സിബി മലയില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ അവസാന ചിത്രങ്ങള്‍. 1992-ല്‍ പുറത്തിറങ്ങിയ ‘കമലദളം’ എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ ഒരു വിജയം ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം, 1999-ല്‍ പുറത്തിറങ്ങിയ ‘ഉസ്താദ്’ ഒരു ശരാശരി വിജയം നേടിയെന്നതിനപ്പുറം ഒരു വലിയ വിജയം സ്വന്തമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. ‘കമലദള’ത്തിനു ശേഷം ഇറങ്ങിയ ചെങ്കോല്‍, ‘ദേവദൂതന്‍’, ‘ഫ്ലാഷ്’ തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററില്‍ തിരസ്കരിക്കപ്പെട്ടിരുന്നു.
Post Your Comments