CinemaGeneralMollywoodNEWS

നേരിട്ട്‌ മെസേജുകൾക്ക്‌ മറുപടി കൊടുക്കണമെന്നുണ്ട്‌, പക്ഷേ ; ടോവിനോ

ആഷിഖ് അബുവിനോടും റിമ കല്ലിങ്കലിനോട്മുള്ള പ്രതിഷേധത്തെ തുടര്‍ന്നു മായനദി എന്ന ചിത്രം തിരസ്കരിക്കുന്നവര്‍ക്ക് ടോവിനോയുടെ മറുപടി. കസബ വിവാദവുമായി ബന്ധപ്പെട്ടു പാര്‍വതിയെ പിന്തുണച്ച ആഷിഖിനും റിമയ്ക്കുമെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ചിത്രത്തിലെ നായകനായ ടോവിനോ പ്രേക്ഷകരോട് അപേക്ഷയുമായി എത്തിയിരിക്കുന്നത്.

ടോവിനോയുടെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം

മായാനദി എന്ന ചിത്രം ഈ 22നു തീയറ്ററുകളിലെത്തി.അന്നു മുതൽ ഇന്നു വരെ നേരിട്ടും, സോഷ്യൽ മീഡിയ വഴിയായുമൊക്കെ ഒരുപാട്‌ പേഴ്സണൽ മെസേജുകൾ എനിക്ക്‌ കിട്ടുന്നുണ്ട്‌ – സിനിമ ഇഷ്ടപ്പെട്ടു , കഥാപാത്രങ്ങൾ ഹോണ്ട്‌ ചെയ്യുന്നു എന്നൊക്കെ അറിയിച്ച്‌ കൊണ്ട്‌.നേരിട്ട്‌ മെസേജുകൾക്ക്‌ മറുപടി കൊടുക്കണമെന്നുണ്ട്‌ , പക്ഷേ ഷൂട്ടിനിടയിൽ അതിനു നിർവ്വാഹമില്ലാത്തത്‌ കൊണ്ടാണു ഇങ്ങനെയൊരു പോസ്റ്റിടുന്നത്‌ – എല്ലാവർക്കും ഒരുപാട്‌ നന്ദി , ഒരുപാട്‌ സ്നേഹം ആദ്യ ദിവസം മുതൽ തീയറ്ററുകളിൽ എത്തിയതിനു , സിനിമ കണ്ടിഷ്ടപ്പെട്ട്‌ നല്ല വാക്കുകൾ മറ്റുള്ളവരോട്‌ പറഞ്ഞ്‌ കൂടുതൽ ആളുകളെ തീയറ്ററുകളിലെത്തിച്ചതിനു, സർവ്വോപരി മാത്തനെയും അപ്പുവിനെയും ചേർത്തു പിടിച്ച്‌ നെഞ്ചിലേറ്റിയതിനു …!

ഇനിയും സിനിമ കാണാത്തവരുണ്ടെങ്കിൽ തീർച്ചയായും അടുത്തുള്ള തീയറ്ററുകളിൽ പോയി കണ്ടു അഭിപ്രായങ്ങൾ അറിയിക്കണം.

ഈ സിനിമ കാണുന്നില്ല എന്നു തീരുമാനിച്ചവരോടും യാതൊരു പരാതിയുമില്ല ,വിരോധവുമില്ല, പിണക്കവുമില്ല.കാരണം ഇതിനു മുന്നെയുള്ള എന്റെ സിനിമകൾ തീയറ്ററുകളിലും അല്ലാതെയും കണ്ടവരാണു നിങ്ങൾ . ഈ സിനിമയും തീയറ്റർ അല്ലാത്ത മറ്റൊരു മാദ്ധ്യമത്തിലൂടെ കാണുമെന്നു പറയുന്നു , അത്‌ നിങ്ങളുടെ ഇഷ്ടമാണു , നിങ്ങളുടെ തീരുമാനമാണു. പക്ഷേ മായാനദി എന്ന ചിത്രം നിങ്ങൾക്ക്‌ തരുന്ന ഒരു തീയറ്റർ എക്സ്പീരിയൻസ്‌ – തീർത്തും നിസ്സാരമായ കാരണങ്ങളുടെ പേരിൽ,അതു നിങ്ങൾ നഷ്ടപ്പെടുത്തരുത്‌ എന്നാണു നിങ്ങൾ സ്നേഹിക്കുന്ന , നിങ്ങളെ സ്നേഹിക്കുന്ന ഒരാൾ എന്ന രീതിയിൽ എനിക്ക് പറയാനുള്ളത് .സിനിമയുടെതല്ലാത്ത ഒരു കാരണം കൊണ്ട് മായാനദി തീയറ്ററിൽ കാണില്ല എന്ന ഒരു തീരുമാനത്തിൽ തോൽക്കുന്നത്‌ ഞാനോ നിങ്ങളോ മായാനദിയുടെ അണിയറ പ്രവർത്തകരോ അല്ല മറിച്ച്‌ നമ്മൾ സ്നേഹിക്കുന്ന , എന്നെയും നിങ്ങളെയും ഒരുമിപ്പിക്കുന്ന സിനിമ എന്ന കലാരൂപമാണു.അതിനിട വരാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു,പ്രാർത്ഥിക്കുന്നു.

2017 അവസാനിക്കുകയാണു.ഈ ഒരു വർഷകാലം നിങ്ങൾ എനിക്ക്‌ തന്ന സ്നേഹത്തിനു , പിന്തുണയ്ക്ക്‌, അംഗീകാരങ്ങൾക്ക്‌ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി, സ്നേഹം.

പുതിയ വർഷത്തിൽ എല്ലാവർക്കും നന്മകൾ മാത്രം , നല്ലത്‌ മാത്രം സംഭവിക്കട്ടെ.

സ്നേഹപൂർവ്വം

ടൊവിനോ തോമസ്

shortlink

Related Articles

Post Your Comments


Back to top button