നരച്ച മുടിയും താടിയുമുള്ള കഥാപാത്രങ്ങളായി പൃഥ്വിരാജും ജയസൂര്യയും മലയാള സിനിമയില്‍ കളം നിറയുമ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ആ പഴയകാലത്തെ പതിവ് മേക്കപ്പ് ശൈലിയിലാണ് ഇന്നും സിനിമയിലെത്തുന്നത്. പ്ലസ്ടു കുട്ടിയുടെ പിതാവായി വേഷമിട്ടിട്ടും മുപ്പത് കഴിഞ്ഞ ചെറുപ്പകാരന്റെ സ്റ്റൈലിലാണ് ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ മേക്കപ്പ്. ‘പുള്ളിക്കാരന് സ്റ്റാറാ’ എന്ന ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രത്തിന് പ്രായമേറെയുണ്ടെന്നു പല ഘട്ടങ്ങളിലും പരമാര്ശിക്കുമ്പോഴും ചിത്രത്തിലെ രാജകുമാരന് മുപ്പത് വയസ്സിനപ്പുറം തോന്നിക്കാത്ത ഒരു രാജകുമാരന് തന്നെയാണ്.
വാണിജ്യ സിനിമയായിട്ടും ‘ആട് 2’-വിലെ ഷാജി പാപ്പന് എന്ന കഥാപാത്രത്തെ പ്രായത്തിനു ചേരും വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ ഗ്ലാമര്‍ ലുക്കിലുള്ള കഥാപാത്രമായി ഷാജി പാപ്പാനെ ചിത്രീകരിച്ചാല്‍ ഇത്രത്തോളം കയ്യടി ലഭിക്കില്ല. ‘വിമാനം’ എന്ന ചിത്രത്തില്‍ പൃഥ്വിരാജും എഴുപത് കഴിഞ്ഞ കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍ പ്ലസ്ടു കുട്ടിയുടെ അച്ഛനായി അഭിനയിച്ചാലും, മമ്മൂട്ടിയുടെ കഥാപാത്രം 45 വയസ്സ് കഴിഞ്ഞതാണെന്ന് സിനിമയില്‍ പരാമര്‍ശിച്ചാലും ഒരു താടിയോ മുടിയോ നരക്കാത്ത സുന്ദര കുട്ടപ്പന്മാരായിട്ടായിരിക്കും ഇവര്‍ ഇരുവരും സ്ക്രീനിലെത്തുക. ‘വില്ലന്‍’ എന്ന സിനിമയില്‍ മാത്യൂ മാഞ്ഞൂരാന് പ്രായത്തിനൊത്ത മേക്കപ്പ് നല്കിയതിനാല് ആ കഥാപാത്രത്തിന്റെ ഗെറ്റപ്പ് കൂടുതല്‍ തിളക്കമുള്ളതായി അനുഭവപ്പെട്ടിരുന്നു.
Post Your Comments