ആരാധകരും മാധ്യമങ്ങളും ഏറെ ആഘോഷിച്ച ഒരു താര വിവാഹമാണ് അനുഷ്ക-കോലി വിവാഹം. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാമീപ്യത്തില്‍ അതി രഹസ്യമായി ഇറ്റലിയില്‍ വച്ചായിരുന്നു വിവാഹം. എന്നാല്‍ ഇവരുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടു കാലങ്ങള്‍ ആയിരുന്നു. ഇരുവരും ഇതിനെ കുറിച്ച് ആദ്യം ഒന്നും പ്രതികരിച്ചിരുന്നില്ല. അഭിമുഖങ്ങളിലും പൊതുവേദികളിലും വിരാട് കോലിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് താന്‍ ഒഴിഞ്ഞു മാറിയത് മന:പൂര്‍വ്വമാണെന്ന് അനുഷ്ക ശര്‍മ്മ പറയുന്നു. വിവാഹത്തിന് ശേഷമാണ് ഒരു ദേശിയ മാധ്യമത്തോട് ഇതെക്കുറിച്ച് അനുഷ്ക പ്രതികരിച്ചത്.
‘ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. അവയില്‍ ഏതെങ്കിലും പ്രമോഷന്റെ ഭാഗമായി അഭിമുഖമോ വാര്‍ത്താ സമ്മേളനമോ നടത്തിയാല്‍ എന്നോട് എല്ലാവര്ക്കും ചോദിക്കേണ്ടതും അറിയേണ്ടതും വിരാടുമായുള്ള ബന്ധത്തെക്കുറിച്ചാണ്. അവരുടെ റിപ്പോര്‍ട്ടുകളിലേക്ക് വായനക്കാരനെ അല്ലെങ്കില്‍ പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ തലക്കെട്ടില്‍ അനുഷ്കയും കോലി നിര്‍ബന്ധമായി ഉണ്ടായിരിക്കും. എല്ലായ്പ്പോഴും എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചറിയാനാണ് അവര്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് വിരാടിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയത്. ഹോളിവുഡ് താരങ്ങളോട് മാധ്യമപ്രവര്‍ത്തകര്‍ അപൂര്‍വ്വമായി മാത്രമേ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കൂ. പക്ഷേ ഇവിടുത്തെ സ്ഥിതി അല്‍പ്പം വ്യത്യസ്തമാണ്.
ഇത്തരം ചോദ്യങ്ങള്‍ കൊണ്ട് എന്റെ സിനിമയ്ക്കോ അല്ലെങ്കില്‍ അതില്‍ ഭാഗമായവര്‍ക്കോ യാതൊരു ഗുണവും ലഭിക്കില്ല. വിരാടും എന്നേപ്പോലെ ഈ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഒരു കായിക താരത്തിന് അത്തരം സന്ദര്‍ഭങ്ങളിലൂടെ അപൂര്‍വ്വമായി മാത്രമേ കടന്നു പോകേണ്ടി വരൂ. പക്ഷേ സിനിമാ താരത്തിന് മാധ്യമങ്ങളുമായി എപ്പോഴും സംവദിക്കേണ്ടി വരും. അതുകൊണ്ടാണ് അത്തരം ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിയിരുന്നത്”- അനുഷ്ക പറയുന്നു.
Post Your Comments