ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഗാകന്മാരില് ഒരാളായ മുഹമ്മദ് റാഫിക്ക് ആദരവുമായി ഗൂഗിള്‍, അദ്ദേഹത്തിന്റെ 93-ആം ജന്മദിന വേളയിലാണ് ഗൂഗിളിന്റെ ആദരം. ബോളിവുഡിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച മുഹമ്മദ് റാഫി പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു. 1967ൽ പത്മശ്രീ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. ഹിന്ദിക്ക് പുറമേ മറാത്തി, ഉറുദു, തെലുങ്ക് തുടങ്ങിയ നിരവധി ഭാഷകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. 1924-ല്‍ പഞ്ചാബിലെ അമൃതസറിലാണ് മുഹമ്മദ് റാഫിയുടെ ജനനനം.
1942-ലായിരുന്നു മുഹമ്മദ് റാഫിയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം. ഗുൽ ബാലോച്ച് എന്ന ചിത്രത്തില്‍ സോണിയേ നീ, ഹീരിയേ നീ എന്ന ഗാനം ആലപിച്ചു കൊണ്ടായിരുന്നു മുഹമ്മദ് റാഫിയുടെ തുടക്കം. പിന്നീടു റേഡിയോ നിലയത്തിലെ സ്ഥിരം ഗായകനായി തുടര്‍ന്ന മുഹമ്മദ് റാഫിയുടെ സിനിമാ ഗാനശാഖായിലേക്കുള്ള ഉയര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അദ്ദേഹം ആലപിച്ച പ്രണയ ഗാനങ്ങളും ഗസലുകളും മുഹമ്മദ് റാഫിയെ ശ്രോതാക്കളുടെ ഇഷ്ടഗായകനാക്കി . വിവിധ ഭാഷകളിലായി ഏഴായിരത്തില്‍പ്പരം ഗാനങ്ങള്‍ മുഹമ്മദ് റാഫി ആലപിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംഗീത ലോകത്തെ വാഴ്ത്തപ്പെട്ട ഈ സംഗീത വിസ്മയത്തിന്റെ ഗാനങ്ങള്‍ ഇന്നത്തെ ജനറേഷനും ചുണ്ടില്‍ മൂളുന്നു. പഴയ തലമുറയിലെ ആളുകള്‍ സ്വീകരിച്ച അതെ പുതുമയോടെ ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ശ്രോതാക്കള്‍ ശ്രവിക്കുന്നു.
1947-ൽ പുറത്തിറങ്ങിയ ജുഗ്നു എന്ന ചിത്രത്തിലെ യഹാൻ ബാദ്ലാ വഫാ കാ എന്ന ഗാനമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്.തന്റെ സ്വതസിദ്ധമായ ഗാനാലാപനം കൊണ്ട് ലോകമെങ്ങും ഒട്ടേറെ ആരാധകരെയും അദ്ദേഹം സൃഷ്ടിച്ചു. ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ മുഹമ്മദ് റാഫി ഇന്ത്യന്‍ സംഗീത ലോകത്ത് ആദ്യം ഓര്‍മ്മിക്കപ്പെടുന്ന അതുല്യഗായകരില് പ്രധാനിയാണ്. നിരവധി ഭാഷകളില്‍ തന്റെ മനോഹര ശബ്ദത്തിന്റെ സാന്നിധ്യമെത്തിയിട്ടുണ്ടെങ്കിലും ബോളിവുഡ് ആയിരുന്നു മുഹമ്മദ് റാഫിയുടെ പ്രധാന ഇടം. 1980-ജൂലായ് 31-ആണ് മുഹമ്മദ് റാഫി അന്തരിക്കുന്നത്, അദ്ദേഹത്തിനോടുള്ള ആദര സൂചകമായി സര്‍ക്കാര്‍ രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സംഗീത ലോകത്ത് ഒരിക്കലും വിസ്മരിക്കപ്പെടാത്ത നാമധേയമായി അദ്ദേഹം ഓരോ ഗാനപ്രേമിയുടെടെയും മനസ്സില്‍ എന്നെന്നും നിലനില്ക്കും.
Post Your Comments