CinemaGeneralLatest NewsMollywoodNEWSWOODs

നടി റിമ കല്ലിങ്കലിനോട് മാപ്പ് പറയാന്‍ പാര്‍വതിയെ ഉപദേശിച്ച് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അംഗം

ചാന്തു പൊട്ടു എന്ന ലാല്‍ ജോസ് ചിത്രം തനിക്ക് ഉണ്ടാക്കിയ അപമാനത്തെ ക്കുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട ഉനൈസിനോട് മലയാള സിനിമക്ക് വേണ്ടി മാപ്പ് പറഞ്ഞ പാര്‍വതിയ്ക്ക് മറുപടിയുമായി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അംഗമായ ബൈജുരാജ് ചേകവര്‍. കാട് പൂക്കുന്ന നേരത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ വിമര്‍ശിച്ച നടി റിമ കല്ലിങ്കലിനോട് മാപ്പ് പറയാന്‍ പാര്‍വതി പറയണമെന്ന് ബൈജുരാജ് ചേകവര്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് ബൈജുരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ബൈജുരാജ് ചേകവരുടെ കുറിപ്പ്:

പ്രിയപ്പെട്ടവരെ ,

തീവ്രമായ ജീവിത അനുഭവങ്ങളില്‍ നിന്ന് ഉയിര്‍ കൊണ്ട ഉനൈസിനെ ആദ്യമേ അഭിവാദ്യം ചെയ്യുന്നു.

അഭിനേത്രി പാര്‍വ്വതി ചാന്ത്‌പൊട്ട് സിനിമയുമായി ബന്ധപ്പെട്ട് ഉനൈസിനോട് മലയാള സിനിമക്ക് വേണ്ടി മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് കണ്ടു.

ആ മാപ്പ് ചാന്ത്‌പൊട്ടിന് ചേരില്ല. അത് അര്‍ഹിക്കുന്നത് കൂട്ടുകാരി റിമ കല്ലിങ്കലിനും അവര്‍ അഭിനയിച്ച കാട് പൂക്കുന്ന നേരം എന്ന സിനിമക്കുമാണ്.

ഉനൈസ് പറയുന്നത് പോലെ ഭൂരിപക്ഷത്തിന്റേതല്ലാത്ത ശരീര ഭാഷയെ നമ്മുടെ സമൂഹം എക്കാലവും ഒമ്പതെന്നും പെണ്ണെന്നും മറ്റ് പേരുകളിലും കളിയാക്കി പോന്നു.

2005 ല്‍ ബെന്നി പി നായരമ്പലത്തിന്റെ രചനയില്‍ ദിലീപ് നായകനായി ലാല്‍ജോസ് സംവിധാനം ചെയ്ത ചാന്ത് പൊട്ട് എന്ന സിനിമക്ക് ശേഷം മലയാളികള്‍ സ്‌ത്രൈണതയുള്ള പുരുഷന്മാരെ ചാന്ത്‌പൊട്ട് എന്നാണ് വിശേഷിപ്പിക്കാറ്.അതുവരെ അവരെ വിശേഷിപ്പിക്കാന്‍ ഒരു പൊതു പദം ഭാഷയില്‍ ഉണ്ടായിരുന്നില്ല എന്ന സത്യം നാം കാണാതെ പോകരുത്. ( ക്വിയര്‍ എന്നല്ലാതെ കൃത്യമായൊരു മലയാള പദം ഇത്രയായിട്ടും ഉനൈസും പ്രയോഗിച്ചു കണ്ടില്ല. )

പക്ഷെ ചാന്ത്‌പൊട്ട് എന്ന സിനിമ മുമ്പോട്ട് വെക്കുന്ന പ്രത്യയശാസ്ത്രം ഉനൈസും , മാപ്പ് പറഞ്ഞ പാര്‍വ്വതിയും ബോധപൂര്‍വ്വം മറച്ച് വെക്കുന്നു എന്നത് പ്രതിഷേധാര്‍ഹമാണ്.

പെണ്ണിന്റെ ശാരീരിക ചലനങ്ങളോടും മാനസിക വ്യവഹാരങ്ങളോടും ആഭിമുഖ്യമുള്ള നായകനായ രാധാകൃഷണന്‍ എല്ലാവരുടേയും ആഗ്രഹം പോലെ നല്ല ഒന്നാംതരം ആണൊരുത്തനായി മാറുന്നത് കാത്തിരിക്കുകയാണ് ഞാനടക്കമുള്ള കാണികള്‍. അന്നത്തെ പൊതുബോധം അതൊരു പെരുമാറ്റ വൈകല്യമായിട്ടാണ് കരുതിപ്പോന്നത്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകള്‍ ലക്ഷ്യം വെച്ചല്ല , സാമ്പ്രദായിക ജനപ്രിയ ബിംബങ്ങളെ താലോലിക്കുന്ന ദിലീപ് ലാല്‍ ജോസ് കുടുംബ പ്രേക്ഷകര്‍ക്ക് മുമ്പിലാണ് ചാന്ത്‌പൊട്ട് അവതരിപ്പിക്കപ്പെടുന്നതെന്ന് പ്രത്യേകം അടിവരയിടുന്നു.

അതേവരെ സമൂഹം വികലമെന്ന് കരുതി വന്ന നായകന്റെ ശാരീരിക മാനസിക സ്വത്വത്തെ ഒട്ടും മാറ്റാതെ ഉത്തമ പുരുഷ കേസരിയാക്കാതെ ക്ലൈമാക്‌സിലും അതേപടി നിലനിര്‍ത്തുക വഴി രാധാകൃഷ്ണന്മാര്‍ക്ക് കൂടി അവകാശപെട്ടതാണ് ഈ ഭൂമിയെന്ന് നിശബ്ദമായി പ്രഖ്യാപിച്ചു കൊണ്ടാണ് ലാല്‍ജോസ് സിനിമ അവസാനിപ്പിക്കുന്നത്.

പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ ഒരു ജനപ്രിയ മുഖ്യധാര സിനിമയില്‍ നായക സങ്കല്‍പ്പത്തെ ഇത്രമേല്‍ സൗമ്യമായി അട്ടിമറിച്ച മറ്റൊരു സിനിമ നിര്‍ദ്ദേശിക്കാമോ..? പ്രയാസമാണ്. കാരണം സിനിമയുടെ തുടക്കത്തില്‍ നായകന്‍ എന്തിന്റെ പേരിലാണോ ഇകഴ്ത്തപ്പെടുന്നത് ക്ലൈമാക്‌സില്‍ അത് കരസ്ഥമാക്കുന്നത് കണ്ട് കയ്യടിച്ച് ശീലമുള്ള പ്രേക്ഷകര്‍ക്ക് വിരുദ്ധ അനുഭവം നല്‍കുക എന്നത് മുഖ്യധാര സിനിമയില്‍ വെല്ലുവിളിയാണ്.

എന്നിട്ടും പൊതുജനം ചാന്ത്‌പൊട്ട് എന്ന പേരില്‍ ഉനൈസിനെ കളിയാക്കിയത് അന്നത്തെ സാമൂഹികമായ വളര്‍ച്ചക്കുറവായി വേണം തിരിച്ചറിയാന്‍.

സിഗരറ്റ് വലി ഹാനികരം എന്ന ബോര്‍ഡ് കാണവെ ഒരാള്‍ക്ക് സിഗരറ്റ് വാങ്ങേണ്ട കാര്യമാണ് ഓര്‍മ്മവരുന്നതെങ്കില്‍ അത് പരസ്യത്തിന്റെ കുഴപ്പമല്ല , ആളിന്റെ ശീലത്തിന്റെ തുടര്‍ച്ചയാണെന്ന് വേണം മനസിലാക്കാന്‍.

തെരുവില്‍ വെയിലേറ്റ് മുദ്രാവാക്യം മുഴക്കുന്ന ആത്മാര്‍ത്ഥതയുള്ള കുറെ ആക്റ്റിവിസ്റ്റുകളുടെ നിരന്തര ശ്രമഫലമായിട്ടാണ് മുഖം ചുളിച്ചിട്ടാണെങ്കിലും പൊതുസമുഹവും നമ്മുടെ കുടുംബ വ്യവസ്ഥയും മൂന്നാം ലിംഗക്കാരേയും വിമത ലൈംഗികതയേയും അംഗീകരിച്ചത്. സമൂഹ മാധ്യമങ്ങളുടെ വരവോടെ സാമ്പ്രദായിക ഊട്ട്പുരകള്‍ പലതും വമ്പിച്ച പൊളിച്ചെഴുത്തുകള്‍ക്ക് വിധേയമായി. മന്ദബുദ്ധി എന്ന പ്രയോഗം നാം റദ്ദ് ചെയ്യുകയും ഭിന്നശേഷിക്കാര്‍ എന്ന് അവരെ അഭിസംബോധന ചെയ്യാനും തുടങ്ങി.

പക്ഷെ കലയും രാഷ്ട്രീയവും ഒന്നാണെന്ന് പ്രഖ്യാപിച്ച റിമ കല്ലിംഗല്‍ ഇതൊന്നും അറിഞ്ഞില്ലെന്നും വേണം കരുതാന്‍. അടുത്ത കാലത്തിറങ്ങിയ ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം എന്ന സിനിമയില്‍ റിമ അവതരിപ്പിച്ച കഥാപാത്രം , അതും ഒരു മാവോയിസ്റ്റ് കഥാപാത്രം പൊലീസ്‌കാരനെ അധിക്ഷേപികുന്നത് ആണും പെണ്ണും കെട്ടവന്‍ എന്ന് ആക്രോശിച്ച് കൊണ്ടാണ് …
ആ പദമൊക്കെ മലയാളികള്‍ നിഘണ്ടുവിലേക്ക് മാറ്റിക്കഴിഞ്ഞ കാര്യം മാവോയിസ്റ്റ് കഥാപാത്രമോ റിമയോ അറിഞ്ഞില്ല..

പാര്‍വ്വതീ.., നിങ്ങളുടെ എല്ലാ വാക്കുകള്‍ക്കും കയ്യടിക്കുന്ന ട്രാന്‍സ്ജന്റര്‍ സമൂഹത്തോട് കൂട്ടുകാരി റിമക്ക് വേണ്ടി മനസ്സറിഞ്ഞൊരു ക്ഷമ പറയാന്‍ തയ്യാറാവണം. ഇത്രയും കാലം പറഞ്ഞ വാക്കുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍.

ജനവിരുദ്ധ സീനുകളോ സംഭാഷണങ്ങളോ സിനിമയില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ കൂവണമെന്നും അത് ഉത്തരവാദിത്തമില്ലാത്ത സിനിമാക്കാരുടെ മുഖത്ത് തുപ്പലായി പതിയട്ടേയെന്നും ഫെയ്‌സ്ബുക്കിലൂടെ ആഹ്വാനം ചെയ്ത സംവിധായകന്‍ ഡോക്ടര്‍ ബിജു .., ഇതിന്റെ പേരില്‍ അങ്ങ് മലര്‍ന്ന് കിടന്ന് മേലോട്ട് തുപ്പുകയൊന്നും വേണ്ട, ഫെയ്‌സ് ബുക്കിലൂടെ തെറ്റ് പറ്റിയെന്ന് ഒന്ന് സൂചിപ്പിച്ചാല്‍ മതി.

എന്താണ് സ്‌നേഹം എന്ന ചോദ്യത്തിന് അതാത് കാലത്തെ ആവശ്യമാണ് സ്‌നേഹം എന്നതാണ് കാല്‍പ്പനികത ഒട്ടുമേയില്ലാത്ത , ഏറ്റവും ലളിതമായ മറുപടി . അതുകൊണ്ടാണ് കാല്‍മുട്ടില്‍ സിഗരറ്റ് കുത്തുന്ന കാമുകന്‍ പ്രണയകാലത്ത് ഹീറൊ ആകുന്നതും , ഒരിക്കല്‍ നമ്മള്‍ മധുരത്തോടെ ആസ്വദിച്ച ആ വേദനയെ പില്‍ക്കാലം അന്ന് കണ്ട സിനിമയുടെ അക്കൗണ്ടിലേക്ക് വലിച്ചിട്ട് തള്ളിപ്പറയേണ്ടി വരുന്നതും.

അന്നും ഇന്നും എന്നും കാലിലോ ചങ്കിലോ തറയുന്ന വേദന തന്നെയാണ് പ്രണയം. വേദനയില്ലാത്ത പ്രണയത്തെ വിഭാവനം ചെയ്യാന്‍ മാത്രം അരസികരല്ല നമ്മളാരും.

ഈയ്യിടെ ഹിന്ദി സിനിമയുടെ പ്രമോഷനിടയില്‍ നായകനായ ഇര്‍ഫാന്‍ ഖാന്‍ പാര്‍വ്വതിയോട് കേരളീയ സ്ത്രീകളെ കുറിച്ച് ഒരു ഒളിഞ്ഞ് നോട്ടക്കാരന്റെ ലൈംഗികച്ചുവയോടെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയപ്പോള്‍ പാര്‍വ്വതി പ്രതികരികരിച്ചതേയില്ല.

ഭാവിയില്‍ ഒരു (omkv) അങ്ങേര്‍ക്കും ചാര്‍ത്തി കൊടുക്കാന്‍ പാര്‍വ്വതിയുടെ ഹോളിവുഡ് അരങ്ങേറ്റത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു .

കാരണം ഒരു കാലത്തെ ഉഭയ സമ്മത പ്രകാരമുള്ള ഇഷ്ടങ്ങളേയും സൗഹൃദങ്ങളേയുമെല്ലാം മറ്റൊരു അവസരത്തില്‍ പീഡനമായി തള്ളിപ്പറയുന്ന ശീലത്തിലേക്കാണല്ലൊ നമ്മുടെ സമൂഹത്തെ നിങ്ങള്‍ നയിച്ചുകൊണ്ടിരിക്കുന്നത്.

താജ് മഹലിന്റെ ചരിത്രത്തില്‍ മാത്രമല്ല , ഇപ്പോള്‍ നമ്മള്‍ ആരാധിച്ച്‌കൊണ്ടിരിക്കുന്ന പല സുന്ദര ശില്‍പ്പങ്ങളും പണി പൂര്‍ത്തിയാക്കിയ ശില്‍പ്പികളെ വളരെ വിദ്ഗദമായി ഇല്ലായ്മ ചെയ്തവരോ തള്ളിപ്പറഴഞ്ഞവരോ ആണ്. ഒന്നുകില്‍ ദയനീയമായ ഭൂതകാലം മറച്ച് വെക്കാന്‍ , അല്ലെങ്കില്‍ കടപ്പാടിനോടുള്ള ഭീതി. ( Fear of obligations )

ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞ് പോകുന്ന ഞങ്ങളെപ്പോലുള്ള കുറേ സാധാരണ ചലച്ചിത്ര പ്രവര്‍ത്തകര്‍ നിങ്ങളുടെയൊക്കെ ആവേശ ഭാഷണങ്ങള്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരുന്നുണ്ട്.

അതുകൊണ്ട് പൊന്ന് ചേട്ടന്മാരെ പ്ലീസ് ..

shortlink

Related Articles

Post Your Comments


Back to top button