Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഈ വേദന നിനക്കു നല്‍കിയതിന് സിനിമാ ലോകത്തിനു വേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു; പാര്‍വതി

 

സിനിമ പൊതു സമൂഹത്തെ സ്വാധീനിക്കും എന്നതിന് തെളിവായി തനിക്ക് നേരിടേണ്ടി വന്ന അപമാനം വെളിപ്പെടുത്തിയ മുഹമ്മദ് ഉനൈസ് എന്ന യുവാവിന്റെ പോസ്റ്റിനു മറുപടിയുമായി നടി പാര്‍വതി. കസബ പോലുള്ള സിനിമകള്‍ സമൂഹത്തിന് അപമാനമാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ സിനിമ വെറും സിനിമ ആണെന്നും അത് വ്യക്തികളെ സ്വാധീനിക്കില്ല എന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനു മറുപടിയായി സിനിമ വ്യക്തി ജീവിതത്തെ ഏതൊക്കെ രീതിയില്‍ സ്വാധീനിക്കുന്നുണ്ട് എന്നതിന് സ്വന്തം ജീവിതത്തില്‍ നിന്നും ഉദാഹരണങ്ങള്‍ നിരത്തി മുഹമ്മദ് ഉനൈസ് എന്ന യുവാവ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. ഉനൈസിനെപ്പോലുള്ളവരെ വേദനിപ്പിച്ചതിന് മാപ്പു ചോദിക്കുന്നു എന്നു പാര്‍വതി ട്വിറ്ററിലൂടെ പറഞ്ഞു.

‘ഉനൈസ് നിന്നെ സല്യൂട്ട് ചെയ്യുന്നു. പ്രതിസന്ധികളെ താങ്കള്‍ ധീരമായി മറികടന്നു. ഈ വേദന നിനക്കു നല്‍കിയതിന് എന്റെ ഇന്റസ്ട്രിയ്ക്കുവേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു. നിന്നോടും നിന്നെപ്പോലുള്ള നിരവധി പേരോടും.’ എന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. സിനിമ സമൂഹത്തെ സ്വാധീനിക്കില്ല എന്ന് ഇപ്പോഴും അവകാശപ്പെടുന്നവര്‍ക്കുള്ള മറുപടിയാണ് ഉനൈസിന്റെ കുറിപ്പെന്നും പാര്‍വതി പറയുന്നു. ‘ന്യൂനപക്ഷമെന്ന് വിളിച്ച് വ്യക്തിപരമായ പോരാട്ടങ്ങളെ വില കുറച്ചുകാണരുത്. നിങ്ങള്‍ ചുറ്റുംനോക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് തന്നെ ബോധ്യമാകും. കണ്ണടച്ചിരിക്കുന്നത് അവസാനിപ്പിക്കുക’ എന്നും പാര്‍വതി പറയുന്നു.

കസബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍വതിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഉനൈസ് ജീവിതത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികള്‍ തുറന്നുകാട്ടിയത്. ലാല്‍ജോസ് സംവിധാനം ചെയ്ത ചാന്ത്‌പൊട്ട് എന്ന സിനിമ തന്റെ ജീവിതത്തിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു ഉനൈസിന്റെ കുറിപ്പ്.

ഉനൈസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തീവ്രമായ അനുഭവങ്ങളൊന്നും തന്നെ അത്ര വേഗം മായിച്ചു കളയാന്‍ ഒക്കില്ല എന്നുള്ളത് കൊണ്ട് തന്നെ, അതൊക്കെ ഇന്നും വളരെ വ്യക്തമായി ഓര്‍മനില്‍ക്കുന്നുണ്ട്.

ഞാന്‍ ഏഴാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചാന്ത്‌പൊട്ട് എന്ന സിനിമ റിലീസ് ചെയ്തത്. സംസാരത്തിലും ശരീരഭാഷയിലും അന്ന് ഭൂരിപക്ഷത്തില്‍ നിന്ന് ലേശം വ്യത്യസ്തപ്പെട്ടത് കൊണ്ടാകണം, ചില കൂടെ പഠിച്ചിരുന്നവരും, സീനിയേഴ്‌സുമൊക്കെ പെണ്ണെന്നും ഒമ്പതെന്നുമൊക്കെ കളിയാക്കി വിളിച്ചിരുന്നത്.

ട്യൂഷനില്‍ മലയാളം അധ്യാപകന്‍ പഠിപ്പിച്ചു കൊണ്ടിരുന്നതിനിടയില്‍ എന്നെ ചൂണ്ടിക്കാട്ടി ഇവന്‍ പുതിയ സിനിമയിലെ ചാന്ത്‌പൊട്ട് പോലെയാണന്ന് പറഞ്ഞപ്പോള്‍ ക്ലാസ് അട്ടഹസിച്ചു ചിരിച്ചു. എല്ലാവരുടേയും ആ അട്ടഹാസച്ചിരിയില്‍ എനിക്കനുഭവപ്പെട്ടത് നെഞ്ചിന്‍കൂട് പൊട്ടുന്ന വേദനയായിരുന്നു. ആ സംഭവത്തോട് കൂടി ആ ട്യൂഷന്‍ നിര്‍ത്തി.

എന്നാല്‍ ആ വിളിപ്പേര് ട്യൂഷനില്‍ നിന്ന് തൊട്ടടുത്ത ദിവസം തന്നെ സ്‌കൂളിലുമെത്തി. ഏറെ ഹിറ്റായി ഓടിയ, ക്വീയര്‍ ന്യൂനപക്ഷ വിരുദ്ധത തിങ്ങിനിറഞ്ഞ ആ സിനിമ തിയേറ്ററില്‍ നിന്ന് പോയെങ്കിലും ‘ചാന്ത് പൊട്ട്’ എന്ന വിളിപ്പേര് നിലനിര്‍ത്തിത്തന്നു. (ആ സിനിമ ഇറങ്ങിയ കാലത്ത് അതനുകരിച്ച്, തല്ല് കിട്ടിയ ആളുകളെ ഒരു പാട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടിട്ടുണ്ട്)

ഓരോ ദിവസവും കഴിഞ്ഞു പോവുക എന്നത് അസഹനീയമായിത്തീര്‍ന്നു. മരിക്കുക, മരിക്കുക എന്ന് ഒരു പാട് കാലം മനസ് മന്ത്രിച്ചു കൊണ്ടിരുന്നു. ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ പോകേണ്ടി വരുമെന്ന മതവിശ്വാസം ഏറെ അസ്വസ്ഥനാക്കുകയും പിന്നോട്ട് വലിക്കുകയും ചെയ്തിട്ടുണ്ട്.

പകല്‍ എല്ലാവര്‍ക്കും പരിഹാസമായിത്തീര്‍ന്ന്, രാത്രി ആരും കാണാതെ ഉറക്കമിളച്ചിരുന്ന് കരയുക എന്ന ഒരവസ്ഥ. പൊതുനിരത്തില്‍ ഇറങ്ങാനും ആള്‍ക്കൂട്ടത്തിനിടയിലേക്ക് ചെല്ലാനുമുള്ള പേടി; കളിയാക്കപ്പെടുമോ എന്ന ഭയം. ഉച്ചയൂണ് കഴിച്ച് കഴിഞ്ഞ്, പാത്രം പുറത്ത് കഴുകാന്‍ പോകാതെ അതടച്ച് ബാഗില്‍ വച്ച് കുടിക്കാന്‍ ഉള്ള വെള്ളത്തില്‍ത്തന്നെ കൈ കഴുകി ക്ലാസില്‍ തന്നെ സമയം കഴിച്ചുകൂട്ടിയിരുന്ന ഒരു കാലം ഉണ്ട്. അതൊരുപാട് വീര്‍പ്പുമുട്ടിച്ചപ്പോള്‍, ഏതാണ്ട് ഒമ്പതില്‍ പഠിക്കുമ്പോള്‍ സൈക്യാട്രിസ്റ്റിനെ പോയിക്കണ്ടു.

അടച്ചിട്ട മുറിയില്‍, അദ്ദേഹത്തോട് പൊട്ടിക്കരഞ്ഞ് സംസാരിച്ചതിപ്പഴും ഓര്‍മയുണ്ട്. അന്ന് അവിടെ നിന്ന തന്ന മരുന്നുകള്‍ ഊര്‍ജം നല്‍കിയിരുന്നു.

സ്‌ക്കൂള്‍ കാലഘട്ടത്തിലെ പുരുഷഅധ്യാപകരുടെ കളിയാക്കലുകള്‍ വീണ്ടുമൊരുപാട് തുടര്‍ന്നിട്ടുണ്ട്. അപരിചിതരായ നിരവധി കുട്ടികള്‍ കൂടി തിങ്ങിനിറഞ്ഞ കംബൈന്‍ഡ് ക്ലാസില്‍, പഠിപ്പിച്ചു കൊണ്ടിരുന്ന അധ്യാപകന്‍ എന്റെ നടത്തമിങ്ങനെയാണന്ന് കാണിച്ച് അതിസ്‌ത്രൈണതയോട് കൂടി നടന്ന് കാണിച്ച് ക്ലാസിനെ അത്യുച്ചത്തില്‍ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. അന്നേരമെല്ലാം തകര്‍ന്നു പോയിട്ടുണ്ട്.

ഭൂമി പിളര്‍ന്ന് അതിനിടയിലേക്ക് വീണ് പോകുന്ന തോന്നലാണ് അതൊക്കെ ഉണ്ടാക്കിയിരുന്നത്. ഇതൊക്കെത്തന്നെയായിരുന്നു മുഖ്യധാരാ ജനപ്രിയ സിനിമകളിലും കണ്ടത്. സിനിമക്കിടയില്‍ കാണികള്‍ക്ക് ചിരിയുണര്‍ത്താനായി നിങ്ങള്‍ പുരുഷനില്‍ അതിസ്‌ത്രൈണത പെരുപ്പിച്ചുകാട്ടി!

വാഹന പരിശോധനക്കിടയില്‍ എസ്.ഐ.ബിജു പൗലോസിന്റെ കയ്യില്‍ ഒരാള്‍ പിടിച്ചത് കണ്ട് തിയേറ്റര്‍ കൂട്ടച്ചിരിയിലമര്‍ന്നപ്പോള്‍, അതൊരുപാട് പേരെ വേദനിപ്പിച്ചിട്ടും ഉണ്ട്.

സമൂഹത്തിന്റെ ചില ധാരണകളെ അങ്ങനെത്തന്നെയന്ന് പറഞ്ഞ് അരക്കിട്ടുറപ്പിച്ച് നിലനിറുത്തുന്നതില്‍ ജനപ്രിയ വിനോദാപാധി ആയ സിനിമ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്ത്രീക്വീയര്‍ ന്യൂനപക്ഷവിരുദ്ധത തിരുകിക്കയറ്റിയ ‘ആക്ഷന്‍ ഹീറോ ബിജു’ മികച്ച സിനിമയാണന്നും സാമൂഹിക സന്ദേശം ഉള്‍ക്കൊള്ളുന്ന സിനിമയാണന്നും കേള്‍ക്കേണ്ടി വന്നപ്പോള്‍ കഷ്ടം തോന്നി!

ബിജു പൗലോസിനെപ്പോലുള്ള പോലീസുകാരാണ് നാടിനാവശ്യമെന്ന് നിവിന്‍ പോളി പറഞ്ഞപ്പോഴും, ആ സിനിമക്ക് സര്‍ക്കാര്‍ നല്കിയ സ്വീകാര്യതയും പിന്തുണയും ഏറെ ഭയപ്പെടുത്തിയിട്ടുണ്ട്. പ്രതീക്ഷക്ക് തീരെ വകയില്ലാത്തൊരു സമൂഹത്തിലാണ് ജീവിക്കുന്നതെന്ന ചിന്ത ഞാനുള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളുടെ ഉള്ളില്‍ അതൊക്കെ ഉണ്ടാക്കിയിട്ടുണ്ട്.

‘ചാന്ത് പൊട്ട്’ എന്ന സിനിമയുടെ പേരില്‍ ആ ഏഴാം ക്ലാസുകാരന്‍ അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍, 11 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സിനിമയിലെ നായകന്റേയും സംവിധായകന്റെയും കാപട്യവും ക്രൂരതയും ജനങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടതില്‍ സന്തോഷിക്കാന്‍ കഴിയില്ലായിരുന്നു. 11 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമയില്‍ കരുത്തുറ്റ ഒരു സ്ത്രീ, വ്യവസ്താപിതമായി ആധിപത്യം സൃഷ്ടിച്ചിരിക്കുന്ന വന്‍മരങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടി അവരുടെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങളെ വിമര്‍ശിച്ചത് കാണാന്‍ കഴിയില്ലായിരുന്നു.

ഉദ്ധരിച്ച ലിംഗം പ്രദര്‍ശിപ്പിച്ച് ആണത്വം തെളിയിക്കാന്‍ ആക്രോശിച്ച് പാഞ്ഞടുക്കുന്ന ആണ്‍ക്കൂട്ടങ്ങള്‍ക്ക് നേരെ നിന്ന്, ഭയത്തിന്റെ വേലിക്കെട്ടുകളെ പിഴുതെറിഞ്ഞ് വളരെ കൂളായി നിന്ന് ഛങഗഢ പറയാന്‍ ഉള്ള നിങ്ങളുടെ മനസുണ്ടല്ലോ, അതുണ്ടായാല്‍ വിജയിച്ചു കഴിഞ്ഞു.

ആത്മാഭിമാനത്തോട് കൂടി, അന്തസോട് കൂടി തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ ആവശ്യമായത് അതുപോലുള്ള കരുത്തുള്ള മനസും മനോഭാവവുമാണ്.

മുഖ്യധാരാ സിനിമ ഇത്രയും നാള്‍ നോവിച്ച എല്ലാവര്‍ക്കും വേണ്ടിയാണ് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് പാര്‍വതീ! ഒരുപാട് ഊര്‍ജവും പ്രചോദനവും നിങ്ങള്‍ അവര്‍ക്കെല്ലാവര്‍ക്കും കൊടുക്കുന്നുണ്ട്. സമത്വത്തിനെക്കുറിച്ചുള്ള മന്ദീഭവിച്ച പ്രതീക്ഷയെ നിങ്ങള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button