Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodMovie Reviews

കലിപ്പടക്കി കപ്പടിച്ച് മമ്മൂട്ടിയും, മാസ്റ്റര്‍പീസും; ‘മാസ്റ്റര്‍പീസ്‌’ റിവ്യൂ

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിന്‍റെ സൂപ്പര്‍താരം മമ്മൂട്ടി വലിയ ഒരു ആഘോഷ ചിത്രത്തിന്റെ ഭാഗമാകുന്നത്. ‘രാജാധിരാജ’ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന മാസ്റ്റര്‍പീസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ‘പുലിമുരുകന്‍’ സമ്മാനിച്ച വലിയ ഇമേജിന്റെ ഉത്തരവാദിത്ത്വവും പേറിയാണ് മാസ്റ്റര്‍പീസുമായി ഉദയകൃഷ്ണയെത്തുന്നത്. ഒരു എന്റര്‍ടെയ്ന്‍മെന്‍റ് പാക്കേജിനപ്പുറം അത്ഭുതം സമ്മാനിക്കുന്ന സിനിമയൊന്നുമല്ല മാസ്റ്റര്‍പീസ്‌ എന്ന് ചിത്രത്തിന്‍റെ ടീസറും, ട്രെയിലറുമൊക്കെ പ്രകടമാക്കി തന്നതാണ്. ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിലെ സൗമ്യനായ കഥാപാത്രത്തില്‍നിന്ന് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ചട്ടമ്പി കഥാപാത്രത്തിലേക്ക് മാറുമ്പോള്‍ മമ്മൂട്ടി എന്ന നടന് മാസ്റ്റര്‍പീസ്‌ ഒരര്‍ത്ഥത്തില്‍ മാറ്റമുള്ള സിനിമയാണ്.

ക്യാമ്പസ് കഥ പ്രമേയമാക്കി ത്രില്ലര്‍ ശൈലിയോടെ പ്രസന്റ് ചെയ്യുന്ന മാസ്റ്റര്‍പീസിനെ മാസ് സൃഷ്ടിയെന്ന നിലയിലാണ് അണിയറ ടീം പ്രമോട്ട് ചെയ്തത്. ഗ്രേറ്റ്‌ഫാദറിന് ശേഷം ബോക്സോഫീസ് വിജയത്തിന്റെ കാര്യത്തില്‍ ഏറ്റവും ബെസ്റ്റ് ആയി മാസ്റ്റര്‍പീസ്‌ മാറുമെന്നു പ്രേക്ഷകര്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തിയത് മമ്മൂട്ടിയുടെ കേരളത്തിലെ ആരധക സംഘമാണ്. ക്ലീഷേ ഉറപ്പു വരുത്തുന്ന ഉദയകൃഷ്ണയുടെ തിരക്കഥയ്ക്ക് ഏതൊരു മലയാളി പ്രേക്ഷകനും സിനിമ റിലീസിന് എത്തും മുന്‍പേ ഒരു മിനിമം ഗ്യാരന്റി നല്‍കും. ആ ഗ്യാരന്റിയില്‍ അജയ് വാസുദേവ് എന്ന യുവസംവിധായകന്‍ അടിത്തറയോടെ ചിത്രം ചെയ്തെടുത്താല്‍ ബോക്സോഫീസില്‍ മാസ്റ്റര്‍പീസിനു ചരിത്രം രചിക്കാം എന്ന ചിന്തയോടെയാണ് ചിത്രം കാണാനിരുന്നത്.

ക്രിസമസ് റിലീസായി മാസ്റ്റര്‍പീസ്‌ ഉള്‍പ്പടെ അഞ്ചോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്, നാലു ചിത്രങ്ങള്‍ ഡിസംബര്‍ 22 (നാളെ) പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഡിസംബര്‍ 21-ന് മലയാള സിനിമയിലെ ഒറ്റയാനായിട്ടായിരുന്നു മാസ്റ്റര്‍പീസിന്റെ വരവ്, താരമൂല്യം കൊണ്ടും ആശയപരമായും മറ്റു ചിത്രങ്ങളേക്കാള്‍ വാണിജ്യ സാധ്യതയുള്ള ചിത്രത്തിന് കേരളത്തില്‍ കിട്ടിയ പ്രദര്‍ശന കേന്ദ്രങ്ങളും ചെറുതല്ല.

ക്യാമ്പസ് നടുവട്ടത്തിലെക്കാണ് അജയ് വാസുദേവും ടീമും പ്രേക്ഷകരെ ക്ഷണിക്കുന്നത് തന്‍റെ ആദ്യ ചിത്രമായ രാജാധിരാജയില്‍ സംഘട്ടനത്തിനൊപ്പം സരസമായ നര്‍മത്തിനും ഇടം നല്‍കിയിരുന്നു എന്നാല്‍ അജയ്-ഉദയ ടീം അവരുടെ രണ്ടാം ചിത്രവുമായി എത്തുമ്പോള്‍ മാസ് ടച്ചുള്ള ഫൈറ്റ് സീനുകള്‍ കൊണ്ട് ചിത്രത്തെ ‘മാസ്റ്റര്‍ ഓഫ് മാസസ്’ ആക്കാന്‍ ശ്രമിച്ചിരികുകയാണ്. രണ്ടു ഗ്രൂപ്പായി തിരിഞ്ഞുള്ള ക്യാമ്പസ് വിദ്യാര്‍ഥികളുടെ ആരോഗ്യപരമായ ഇടപെടലും മാനസിക സംഘര്‍ഷങ്ങളുമൊക്കെ പതിവ് ക്ലീഷേ കാഴ്ചയാകുന്നുണ്ടെങ്കിലും തണുപ്പന്‍ രീതിയിലല്ല മാസ്റ്റര്‍ പീസ്‌ എന്ന ചിത്രത്തെ അണിയറ ടീം ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്. ക്യാമ്പസ് കൊലപാതകവും തുടര്‍ന്ന് ഉണ്ടാകുന്ന ദുരൂഹ സംഭവങ്ങളുമാണ് മാസ്റ്റര്‍പീസ്‌ ചര്‍ച്ച ചെയ്യുന്നത്. ചിത്രം തുടങ്ങി വളരെ വൈകിയാണ് മെഗാ താരത്തിന്റെ രംഗപ്രവേശം. നായകന്റെ ഇന്ട്രോ സീനുകള്‍ മനോഹരമാക്കുന്നതില്‍ ഉദയകൃഷ്ണയെപ്പോലെയുള്ള കൊമ്മേഴ്സിയല്‍ റൈറ്ററുടെ മിടുക്ക് പ്രശംസനീയമാണ്, മമ്മൂട്ടിയെ പോലെയുള്ള വലിയ ഒരു താരത്തിന്റെ ചിത്രത്തിലേക്കുള്ള ആഗമനം ദൗര്‍ബല്യമാകാത്ത വിധം അവതരിപ്പിച്ചപ്പോള്‍ ആരാധകരില്‍ വലിയ ആവേശം സൃഷ്ടിച്ചാണ് ലിവിംഗ്സ്റ്റണ്‍ സ്ക്രീനിലെത്തിയത്.

ചിത്രത്തിന്റെ ആദ്യ പകുതി ത്രസിപ്പിക്കുന്ന ഫൈറ്റ് രംഗങ്ങള്‍ ഉള്‍പ്പടെ മാസ് മസാല പരുവത്തിലേക്ക്‌ വഴിമാറിയപ്പോള്‍ രണ്ടാം പകുതി ഉദ്വേഗജനകമായ സംഭവവികാസത്തിലേക്ക് കഥ തിരുത്തപ്പെടും, എന്ന കരുതലോടെയാണ് പ്രേക്ഷകര്‍ ആദ്യ പകുതിക്ക് കയ്യടിച്ചു എഴുന്നേറ്റത്. പുലിമുരുകന്‍റെ തിരക്കഥയില്‍ പ്രയോഗിച്ച വാണിജ്യതന്ത്രം കൃത്യമായ കൂട്ടോടെ മാസ്റ്റര്‍പീസിലും ഉദയകൃഷ്ണ അരച്ചു ചേര്‍ത്തിട്ടുണ്ട്. ഒരു അവധിക്കാല ആഘോഷ ചിത്രത്തിന് വേണ്ട വേഗമുണ്ടായിരുന്നു ഉദയകൃഷ്ണയുടെ തിരക്കഥയ്ക്ക്. കളര്‍ഫുള്‍ സ്റ്റൈലിലുള്ള ആവിഷ്കാരരീതി അജയ് വാസുദേവില്‍ നിന്ന് പ്രകടമായപ്പോള്‍ മാസ്സര്‍ പീസിന്റെ ആദ്യ പകുതി മടുപ്പില്ലാത്ത അനുഭവമായി.

മൂലകഥ ക്ലീഷേ ശൈലിയിലുള്ളതെങ്കിലും ഫാസ്റ്റ് മൂഡിലുള്ള ചിത്രത്തിന്റെ ആവിഷ്കാരശൈലി മാസ്റ്റര്‍ പീസിനു ഒരു കോമേഴ്സിയല്‍ സിനിമയെന്ന നിലയില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ രണ്ടാം പകുതി എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിന് വേണ്ടി മാറ്റി വയ്ക്കപ്പെട്ടതായിരുന്നു. മമ്മൂട്ടിയുടെ താരമൂല്യത്തെ പരിഗണിക്കേണ്ടിടത്ത് പരിഗണിച്ചും കഥയുടെ ഒഴുക്കിന് തടസ്സം വരാതെയും കയ്യടക്കത്തോടെ ചിത്രത്തിന്റെ രണ്ടാം പകുതിയും സ്ക്രീനിലോടി. മമ്മൂട്ടിയിലെ താരത്തെ മാക്സിമം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചത് അജയ് വാസുദേവിന്റെ മിടുക്കാണ്. കൊലപാതകം പോലെയുള്ള ത്രില്ലര്‍ വിഷയങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമായി ഒരു പ്രത്യേക കളമൊരുക്കാന്‍ ബുദ്ധിമുട്ടാണ്, പക്ഷെ ഇവിടെ മമ്മൂട്ടിയിലെ താരമൂല്യത്തെ സംവിധായകന്‍ തെറ്റില്ലാത്ത രീതിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. സംഘട്ടന രംഗങ്ങളില്‍ അറുപത് വയസ്സ് കടന്ന മമ്മൂട്ടിയെ പലഘട്ടങ്ങളിലും ആറാം തമ്പുരാനാക്കി മാറ്റുന്നുണ്ട് അജയ് വാസുദേവ്. കൊലപാതകത്തിന്റെ ദുരൂഹത ചുരുളഴിക്കുന്ന അന്വേഷണ കഥകളില്‍ മമ്മൂട്ടി എന്ന നടന്‍ നേരത്തെയും പ്രത്യക്ഷനായിട്ടുള്ളതിനാല്‍ ചിത്രത്തിന്‍റെ കഥാപരിസരം മമ്മൂട്ടിക്ക് ഒരിക്കലും പുതുമയുള്ളതാകുന്നില്ല.

മമ്മൂട്ടി നായകനായി എ.കെ സാജന്‍ സംവിധാനം ചെയ്ത ‘പുതിയ നിയമം’ ക്ലാസ് ശൈലിയിലുള്ള ത്രില്ലര്‍ ആയിരുന്നെങ്കില്‍ മാസ് അന്തരീക്ഷത്തില്‍ പരുവപ്പെടുത്തിയ ത്രില്ലര്‍ സ്വഭാവ സിനിമയാണ് മാസ്റ്റര്‍പീസ്‌. പുതിയ നിയമത്തിലെ ക്ലാസ് ടച്ചില്‍ നിന്ന് മാസ്റ്റര്‍ പീസിലെ മാസ് ടച്ചിലെക്ക് മമ്മൂട്ടി എന്ന നടന്‍ മനോഹരമായ ശരീര ഭാഷയോടെ രൂപമാറ്റം നടത്തിയിട്ടുണ്ട്.

മലയാള സിനിമയ്ക്ക് അധികം പരിചിതമല്ലാത്ത കൊല്ലത്തിന്‍റെ മനോഹാരിത വിനോദ് ഇല്ലംപ്പള്ളി വര്‍ണ്ണപ്രഭയോടെ ക്യാമറയില്‍ പകര്‍ത്തിയെടുത്തിരിക്കുന്നു. കൊല്ലം ഫാത്തിമ മാതാ കോളേജിന്റെ ചുറ്റുവട്ടങ്ങളും പരിസര പ്രദേശങ്ങളുമൊക്കെ മാസ്റ്റര്‍പീസിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പുലിമുരുകനിലൂടെ തന്റെ ക്രാഫ്റ്റ് തെളിയിച്ച എഡിറ്റര്‍ ജോണ്‍കുട്ടി മാസ്റ്റര്‍പീസിലും തന്‍റെ ചിത്രസംയോജക ജോലി അന്തസ്സോടെ അടയാളപ്പെടുത്തി. ദൈര്‍ഘ്യമെന്ന് തോന്നിപ്പിക്കുന്ന ഒട്ടേറെ ഷോട്ടുകളില്‍ കൃത്യമായി കത്രികവെച്ച്കൊണ്ട് ജോണ്‍കുട്ടി തന്‍റെ എഡിറ്റിംഗ് ജോലി ഭംഗിയാക്കി.

ദീപക് ദേവിന്റെ ബിജിഎം മാസ്റ്റര്‍പീസിന്റെ നട്ടെല്ലാകുന്നു, സമീപകാലത്ത് മലയാള സിനിമയില്‍ കേട്ടിട്ടുള്ള ഏറ്റവും മികച്ച പശ്ചാത്തല ഈണ സൃഷ്ടി വിസ്മയകരമായ രീതിയില്‍ ദീപക് ചെയ്തിരിക്കുന്നു. ദീപക് ദേവ് ഈണമിട്ട ഗാനങ്ങളും മാസ്റ്റര്‍പീസിനു മാസ്റ്റര്‍ പരിവേഷം സമ്മാനിക്കുന്നു. ഈസ്റ്റ്‌ കോസ്റ്റിന്റെ ഒദ്യോഗിക യുട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ജാസി ഗിഫ്റ്റ് ആലപിച്ച ചിത്രത്തിലെ ‘മൈലാഞ്ചി’ ഗാനത്തിനൊപ്പം നൃത്തം വെച്ച ആരാധകകൂട്ടം ചിത്രത്തിലെ എല്ലാ ഗാനങ്ങളെയും കയ്യടികളോടെയാണ് സ്വീകരിച്ചത്. മധുബാലകൃഷ്ണന്‍ ആലപിച്ച ചിത്രത്തിലെ ക്ലാസിക് മെലഡിയും സിനിമാ പ്രേമികള്‍ക്ക് മികച്ച അനുഭവമായി. റഫീക്ക് അഹമ്മദും സന്തോഷ്‌ വര്‍മ്മയുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

നെഗറ്റിവ് പബ്ലിസിറ്റിയുടെപ്പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന സംവിധായകനും, നടനുമൊക്കെയായ സന്തോഷ്‌ പണ്ഡിറ്റിനെ മുഖ്യധാര സിനിമയിലേക്ക് പരിഗണിച്ചതാണ് മാസ്റ്റര്‍ പീസിന്റെ മറ്റൊരു പ്രത്യകത. ‘ശങ്കരന്‍കുട്ടി’ എന്ന കഥാപാത്രത്തെ അരോചകമാകാത്തവിധം തെറ്റില്ലാതെ അഭിനയ ശൈലിയോടെ സന്തോഷ്‌ പണ്ഡിറ്റ് ചെയ്തു തീര്‍ത്തിട്ടുണ്ട്.

ചിത്രത്തിലെ പെണ്‍മുഖങ്ങളായി എത്തിയ പൂനം ബജ്വയും, വരലക്ഷ്മി ശരത് കുമാറും അവരുടെ റോളുകള്‍ അതിഭാവുകത്വം ഇല്ലാതെ അവതരിപ്പിച്ചു. യൂത്ത് സ്റ്റാര്‍ ഉണ്ണിമുകുന്ദന്‍ മലയാള സിനിമയുടെ താരപ്രഭയിലെക്ക് തലക്കനമില്ലാതെ നടന്നടുക്കുന്നുണ്ട്. മറ്റൊരു താരപുത്രന്‍ ഗോകുല്‍ സുരേഷിനും മാസ്റ്റര്‍പീസ് എന്ന ചിത്രം താരത്തിന്‍റെ ഭാവി സിനിമാ സഞ്ചാരത്തിനു പ്രയോജനം ചെയ്തേക്കാം.

മുകേഷ്, സുനില്‍ സുഖദ, കലാഭവന്‍ ഷാജോണ്‍, സാജു നവോദയ, കൈലാഷ്, നന്ദു, അര്‍ജുന്‍ നന്ദകുമാര്‍, മണിക്കുട്ടന്‍, മക്ബുല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

എല്ലാ പ്രേക്ഷകരെയും ഒരുപോലെ ഇഷ്ടപ്പെടുത്തുന്ന ചിത്രത്തിന്‍റെ ക്ലൈമാസ് മാസ്റ്റര്‍പീസ്‌ എന്ന ചിത്രത്തിന് കൂടുതല്‍ കരുത്താകുന്നു.

അവസാനവാചകം

കേരള ബ്ലാസ്റ്റേഴ്സിന്റെ ആപ്തവാക്യമായ ‘കലിപ്പടക്കണം കപ്പടിക്കണം’ എന്നത് എഡ്വേര്‍ഡും കൂട്ടാളികളും തിരുത്തി എഴുതിയിരിക്കുന്നു, മമ്മൂട്ടിയും മാസ്റ്റര്‍പീസും കലിപ്പടക്കി,കപ്പടിച്ചിരിക്കുന്നു…..

നിരൂപണം ; പ്രവീണ്‍.പി നായര്‍

shortlink

Related Articles

Post Your Comments


Back to top button