കച്ചവട സിനിമകളില്‍ നിന്ന് മാറി കലാമൂല്യമുള്ള സിനിമയിലേക്ക് ശ്രദ്ധ പതിപ്പിച്ച താരമാണ് നടന് എം.ആര് ഗോപകുമാര്‍, അടൂര്‍ ഗോപാലകൃഷണന് സംവിധാനം ചെയ്ത ‘വിധേയന്’ എന്ന ചിത്രത്തിലെ എം.ആര് ഗോപകുമാറിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെയായി വാണിജ്യ പ്രധാന്യമുള്ള സിനിമകളിലും നടന് ഗോപകുമാര്‍ പ്രത്യക്ഷപ്പെടാറുണ്ട്, പുലിമുരുകനിലെ മൂപ്പനായി പ്രേക്ഷകരെ ഞെട്ടിച്ച ഗോപകുമാര്‍ മലയാള സിനിമയിലെ ഒഴിച്ചു നിര്‍ത്താനാകാത്ത താരമാണ് താനെന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു. പുലിയൂരിലെ മുരുകന്റെ വീരകഥകള്‍ പറയുന്ന മൂപ്പനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ‘മൂപ്പന്റെ തള്ളലുകള്‍’ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയും വലിയ ആഘോഷത്തോടെ എം,ആര് ഗോപകുമാറിന്റെ കഥാപാത്രത്തെ ചര്‍ച്ചചെയ്തിരുന്നു. കഴിഞ്ഞ ദിവസം അമൃതടിവിയിലെ ലാല്‍ സലാം ഷോയുടെ ഭാഗമായി എം.ആര് ഗോപകുമാര്‍ അതിഥിയായി വന്നിരുന്നു, മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘മാടമ്പി’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച എപ്പിസോഡിലായിരുന്നു പ്രേക്ഷകരുടെ സ്വന്തം മൂപ്പന് പ്രോഗ്രാമിന്റെ ഭാഗമായത്.
മോഹന്‍ലാലിനെക്കുറിച്ച് ഗോപകുമാര്‍ പറഞ്ഞതിങ്ങനെ
“ഞാന്‍ ഒരു അഭിനേതാവയത് കൊണ്ട് എന്നെ അതിശയപ്പെടുത്തിയിട്ടുള്ള നടന്മാര് വിരളമാണ്, എന്നെ അത്രത്തോളം അതിശയപ്പെടുത്തിയിട്ടുള്ള നടന്മാരില് ഒരാളാണ് മോഹന്‍ലാല്‍, മോഹന്‍ലാലിന്റെ കാര്യത്തില്‍ അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് തോന്നും, ഇദ്ദേഹം കാണിക്കുന്നത് ഇത്രയും മതിയോ? പക്ഷെ ഇത് സ്ക്രീനില്‍ വരുമ്പോള്‍ ആ കാണിച്ചതില്‍ നിന്നും ഒട്ടും കൂടുതലോ കുറവോ ഉണ്ടായിരുന്നെങ്കില്‍ ഉദ്ദേശിച്ച രീതിയില്‍ വരില്ല എന്ന് നമുക്ക് തന്നെ തോന്നും. അപ്പോള്‍ നമ്മുടെ വിലയിരുത്തലാണ് തെറ്റിയതെന്ന് മനസിലാകും. നമ്മള് നടനെക്കുറിച്ച് പറയുമ്പോള്‍, ഹോളി ആക്ടര്‍ ഡിവൈന്‍ ആക്ടര്‍ എന്നൊക്കെ പറയാറുണ്ടെങ്കിലും മോഹന്‍ലാല്‍ എന്ന നടന് എന്റെ കാഴ്ചപാടില്‍ സൂക്ഷ്മ ജ്ഞാനമുള്ള അഭിനേതാക്കളില്‍ ഒരാളാണ്.”
Post Your Comments