1978-ല്‍ പുറത്തിറങ്ങിയ ‘ആരവം’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നടി സുചിത്ര മുരളി വെള്ളിത്തിരയിലെത്തുന്നത്. ജോഷി സംവിധാനം ചെയ്തു ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തിലൂടെയാണ് സുചിത്ര നായികയായി തുടക്കം കുറിച്ചത്. നായികയായുള്ള ആദ്യ ചിത്രം തന്നെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും, മോഹന്‍ലാലിനുമൊപ്പം ചെയ്യാന്‍ കഴിഞ്ഞത് സുചിത്രയിലെ നടിക്ക് ഭാവി പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘അഭിമന്യു’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ സുചിത്ര മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി. ‘മിമിക്സ് പരേഡ്’ എന്ന ചിത്രത്തില്‍ ജഗദീഷിന്റെ നായികയായതോടെ സുചിത്ര പിന്നീടു നിരവധി ചിത്രങ്ങളില്‍ ജഗദീഷിന്റെയും സിദ്ധിഖിന്റെയുമൊക്കെ ടൈപ്പ് ചെയ്യപ്പെട്ട കാമുകി കഥാപാത്രങ്ങളായി തളക്കപ്പെട്ടു. പിന്നീടു അതില്‍ നിന്നും ഒരു മോചനം ഉണ്ടായിട്ടേയില്ല. മുന്‍നിര നായകന്മാരായ മോഹന്‍ലാലിന്റെയും ജയറാമിന്റെയുമൊക്കെ സഹോദരി വേഷങ്ങള്‍ അവതരിപ്പിച്ച സുചിത്രയ്ക്ക് നല്ല വേഷങ്ങളൊന്നും അധികം ലഭിച്ചതുമില്ല . സിദ്ധിഖ്, ജഗദീഷ്, മുകേഷ് ചിത്രങ്ങളില്‍ നായകന്‍റെ കാമുകിയായി മാത്രം പ്രത്യക്ഷപ്പെട്ട സുചിത്രയ്ക്ക് മരംചുറ്റി പ്രണയത്തിനും, പൈങ്കിളി പ്രണയത്തിനുമപ്പുറം കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഇതേ അവസ്ഥ തന്നെയായിരുന്നു നടി സുനിത നേരിട്ടതെങ്കിലും അന്നത്തെ പ്രധാന സൂപ്പര്‍ താരങ്ങളുടെ നായികയാനുള്ള ഭാഗ്യം സുനിതയ്ക്ക് ലഭിച്ചിരുന്നു. ‘അപ്പു’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും, ‘മൃഗയ’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പവും മികച്ച പ്രകടനം നടത്തിയ സുനിത തെന്നിന്ത്യന്‍ സിനിമകളിലേയും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 1980-ല്‍ പുറത്തിറങ്ങിയ ‘ഹം പാഞ്ച്’ എന്ന ബോളിവുഡ് ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു സുനിതയുടെ അരങ്ങേറ്റം. ‘പൂക്കാലം വരവായി’, ‘ജോര്‍ജ്ജ്കുട്ടി കെയര്‍ ഓഫ് ജോര്‍ജ്ജ്കുട്ടി’ എന്നീ ചിത്രങ്ങളില്‍ ജയറാമിന്റെ നായികയായും സുനിത അഭിനയിച്ചു. നടി സുചിത്രയേക്കാള്‍ മികച്ച സിനിമകള്‍ സുനിയ്ക്ക് ലഭിച്ചെങ്കിലും അത്തരം ചിത്രങ്ങളിലൊന്നും സുനിതയ്ക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, നീലഗിരിയിലെ തന്റെടി പെണ്‍കുട്ടിയും, മൃഗയിലെ വായാടി കഥാപാത്രവും സുനിതയുടെ കരിയറിലെ മോശമല്ലാത്ത വേഷങ്ങളായിരുന്നു. ജഗദീഷിന്റെ നായികയായി വളരെ ചുരുക്കം ചിത്രങ്ങളിലെ സുനിത അഭിനയിച്ചിട്ടുള്ളുവെങ്കിലും മുകേഷ്-സിദ്ധിഖ് താരങ്ങളുടെ ടിപ്പിക്കല്‍ കാമുകിയായി ഒട്ടേറെ സിനിമകളില്‍ സുനിത വേഷമിട്ടു.
Post Your Comments