ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്രമേളയില്‍ അവഗണിച്ച സംഭവത്തില്‍ സുരഭിക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. വിഷയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ നിലപാടിന് മറുപടിയായാണ് ശാരദക്കുട്ടി പ്രതികരിച്ചത്.
പരിമിതികളുണ്ടായിട്ടും താരാധിപത്യം കൊടികുത്തി വാഴുന്ന ഭാഷയില്‍ നിന്നും സുരഭി നേടിയെടുത്ത അംഗീകാരത്തെ ആദരിക്കാന്‍ വേദിയില്‍ ഇടം കൊടുക്കുന്നത് കേവല മര്യാദയാണെന്നും മുന്‍കാലങ്ങളില്‍ നടിമാരായ മഞ്ജു വാര്യര്‍ക്കും ഗീതുമോഹന്‍ ദാസിനും ഇപ്പോള്‍ രജിഷയ്ക്കും ലഭിച്ച പരിഗണന സുരഭിയ്ക്ക് നല്‍കാത്തത് മറവി മൂലമാണെങ്കില്‍ മാന്യമായി അത് സമ്മതിക്കണമെന്നും ശാരദക്കുട്ടി പറയുന്നു.ദിലീപിനും രാമലീലയ്ക്കും ആക്രമിക്കപ്പെട്ട നടിക്കും വേണ്ടി ശബ്ദമുയര്‍ത്തിയവര്‍ സുരഭിയ്ക്ക് വേണ്ടി ഒരു വാക്ക് ഉരിയാടാന്‍ തയ്യാറായില്ലെന്നും ശാരദക്കുട്ടി ആരോപിച്ചു.
ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രിയമുള്ള ശ്രീ കമല്‍,
മിന്നാമിനുങ്ങ് എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാത്തതല്ല ഇവിടെ വിഷയം. സുരഭിക്ക് വീട്ടില്‍ കൊണ്ട് പാസ് കൊടുക്കാത്തതുമല്ല. വിഷയത്തെ ഇങ്ങനെ ചുരുക്കി കാണുന്നത് അങ്ങയുടെ പദവിക്കു ചേര്‍ന്നതല്ല. മിന്നാമിനുങ്ങ് കണ്ട വ്യക്തിയാണ് ഞാന്‍. ആ ചിത്രം ഒരു ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കത്തക്ക മികവുള്ളതായി ഞാന്‍ കരുതുന്നില്ല. പക്ഷേ, പരിമിതമായ പ്രോത്സാഹനങ്ങള്‍ക്കിടയില്‍ നിന്ന്, താരാധിപത്യം കൊടികുത്തി വാഴുന്ന ഒരു ഭാഷയില്‍ നിന്ന്, താരറാണിമാരും രാജാക്കന്മാരും ഒരു പോലെ വിലസുന്ന ഒരു കാലഘട്ടത്തില്‍ സുരഭി നേടിയ അംഗീകാരത്തെ ആദരിക്കുവാന്‍ ആ വേദിയില്‍ ഒരിടം കൊടുക്കുക എന്നത് കേവല മര്യാദ മാത്രമായിരുന്നു. ഇത്തരം ഒരവസരത്തിലല്ലാതെ പിന്നെ എപ്പോഴാണ് അവരെ ലോകത്തിനു മുന്നില്‍ ഒന്നുയര്‍ത്തിക്കാട്ടാന്‍ നമുക്കവസരമുണ്ടാവുക?
ഉന്നത നിലവാരമുള്ള ഒരു മേള സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ മുന്‍കാലങ്ങളില്‍ മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്‍ദാസിനും ഇപ്പോള്‍ രജിഷക്കും കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടാഞ്ഞത് മറവി ആണെങ്കില്‍ അത് പരസ്യമായി സമ്മതിക്കുകയാണ് മാന്യത. പൊതുജനങ്ങള്‍ എത്ര പിന്തുണച്ചാലും ചലച്ചിത്ര നടിക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്രലോകം നല്‍കുന്ന പിന്തുണക്കു തുല്യമാകില്ല അത്.
സ്ത്രീകളുടെ അന്തസ്സിനു വേണ്ടി നിലകൊള്ളുന്ന ംരരക്ക് സര്‍വ്വ പിന്തുണയും നല്‍കിയവരാണ് ഞങ്ങളെ പോലുള്ള സാധാരണ പ്രേക്ഷകര്‍. സുരഭി യെ അംഗീകരിക്കുവാന്‍ ഒപ്പം നിന്നിരുന്നുവെങ്കില്‍ WCC യുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് അത് വിശ്വാസ്യത കൂട്ടുകയേ ഉണ്ടാകുമായിരുന്നുള്ളു. ദിലീപിനും രാമലീലക്കും വേണ്ടി ശബ്ദമുയര്‍ത്തിയ വരോ, ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ചാനലുകളില്‍ ദിവസങ്ങളോളം സംസാരിച്ചവരോ ഒരു വാക്കുരിയാടാന്‍ തയ്യാറായില്ല എന്നതു കൊണ്ട് പറയേണ്ടി വന്നതാണ്. പുറത്തു നിന്നുള്ള ഇത്തരം സപ്പോര്‍ട്ടുകള്‍ സിനിമയില്‍ ആ കലാകാരിക്ക് ദോഷമേ ചെയ്യൂ എന്ന് ഉത്തമ ബോധ്യവുമുണ്ട്. പക്ഷേ, പറയാതെ വയ്യ.
Post Your Comments