കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്‌സവത്തിന് തുടക്കമായി. ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയ സായാഹ്‌നത്തിൽ നിശാഗന്ധിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങൾ ദീപം തെളിയിച്ചാണ് ആദരാഞ്ജലി അർപ്പിച്ചത്.
ചലച്ചിത്ര അക്കാഡമി ഡയറക്ടർ കമൽ, മുഖ്യാതിഥികളായ ബംഗാളി നടി മാധവി മുഖർജി, തമിഴ് നടൻ പ്രകാശ്‌രാജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, അക്കാഡമി വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, ജൂറി ചെയർമാൻ മാർക്കോമുള്ളർ, അടൂർ ഗോപാലകൃഷ്ണൻ, കെ. പി. കുമാരൻ, റസൂൽപൂക്കുട്ടി, ഷീല, ബംഗാളി ചലച്ചിത്ര പ്രവർത്തക അപർണ സെൻ, മഹമദ് സലെ ഹരൂൺ, അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, വിവിധയിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
വേദിയിലെ ചലച്ചിത്ര പ്രതിഭകൾക്ക് നടി രജിഷ വിജയൻ ദീപം പകർന്നു നൽകി. മാധവി മുഖർജിയെ ബീനാപോളും പ്രകാശ്‌രാജിനെ കമലും ആദരിച്ചു. ഫെസ്റ്റിവൽ ബുക്ക് അടൂർ ഗോപാലകൃഷ്ണനിൽ നിന്ന് മഹമദ് സലെ ഹരൂൺ ഏറ്റുവാങ്ങി. ഡെയിലി ബുള്ളറ്റിൻ മാർക്കോ മുള്ളർക്ക് നൽകി കെ. പി. കുമാരൻ പ്രകാശനം ചെയ്തു. മാധവി മുഖർജിയെക്കുറിച്ച് രാധിക സി. നായർ എഴുതിയ പുസ്തകം അപർണ സെൻ നടി ഷീലയ്ക്ക് നൽകി പ്രകാശനം ചെയ്തു. ചലച്ചിത്ര സമീക്ഷയുടെ പ്രത്യേക പതിപ്പ് റസൂൽ പൂക്കുട്ടിക്ക് കമൽ നൽകി. ചടങ്ങിനു ശേഷം ദ ഇൻസൾട്ട് എന്ന സിനിമ പ്രദർശിപ്പിച്ചു.
Post Your Comments