ആഫ്രിക്കന്‍ രാജ്യമായ ചാഡിനെക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന മിഥ്യാധാരണകള്‍ മാറ്റാനായിരുന്നു തന്റെ ചിത്രങ്ങളിലൂടെ ശ്രമിച്ചതെന്ന് സംവിധായകനും ചാഡ് സാംസ്കാരിക വകുപ്പ് മന്ത്രിയുമായ മെഹ്മത് സാലെ ഹാറൂണ്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ നടന്ന ‘ഇന്‍ കോണ്‍വെര്‍സേഷനി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യരുടെ ജീവതിത്തിലൂടെ ചാഡിന്റെ ഗഹനമായ സാംസ്കാരിക പാരമ്പര്യമാണ് ദൃശ്യവത്കരിക്കാന്‍ ശ്രമിച്ചത്. കേവലം ബോക്സ് ഓഫീസ് വിജയം വഴി പണം സമ്പാദിക്കാനല്ല സിനിമ ചെയ്യുന്നത്. ആഭ്യന്തര യുദ്ധം ശിഥിലമാക്കിയ ചാഡിന്റെ ദൈനംദിന ജീവിതത്തിലെ രാഷ്ട്രീയം ലോകത്തിനു മുന്നില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇരുണ്ട ഭൂഖണ്ഡത്തിലെ കാഴ്ച്ചകള്‍ക്ക് വെളിച്ചം പകരേണ്ടത് തന്റെ കടമയാണെന്ന തിരിച്ചറിവാണ് സിനിമയില്‍ എത്തിച്ചത്. രാജ്യത്ത് സിനിമാപാരമ്പര്യം ഇല്ലാത്തതുകൊണ്ട് കുട്ടിക്കാലത്തു കണ്ട ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യത്തെ സിനിമകള്‍ തന്നില്‍ സ്വാധീനം ചെലുത്തിട്ടുണ്ട്. സമൂഹത്തിലെ അസമത്വങ്ങളുടെ ഉത്തരം തേടലായിരുന്നില്ല തന്റെ സിനിമകള്‍. അവയെ ചോദ്യം ചെയ്യാനാണ് താന്‍ ശ്രമിച്ചത്. രാജ്യത്ത് നിര്‍മ്മിക്കപ്പെടുന്ന സിനിമകളുടെ എണ്ണം പരിമിതമായത് കൊണ്ട് സിനിമകള്‍ സര്‍ക്കാര്‍തലത്തില്‍ സെന്‍സര്‍ ചെയ്യുന്ന സമ്പ്രദായം നിലവില്‍ ഇല്ല. രാഷ്ട്രീയമായ സെന്‍സര്‍ഷിപ്പ് ഇല്ലെങ്കിലും സിനിമകള്‍ സാമൂഹികവും മതപരവുമായ സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ട്. അതുകാരണം സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. തലസ്ഥാന നഗരമായ ന്യൂസമീയയില് പോലും ഒരു തിയറ്റര്‍ മാത്രമാണുള്ളത്. ടെലിവിഷനാണ് ചാഡില്‍ സിനിമയെ ജനകീയവത്കരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ആര്‍ട്സ് ആന്‍ഡ് ഏസ്തെറ്റിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ വീണ ഹരിഹരനാണ് മെഹ്മത് സാലെ ഹാറൂണുമായുള്ള ഇന്‍കോണ്‍വര്‍സേഷന്‍ നയിച്ചത്.
Post Your Comments