അന്‍പാനവന്‍ അടങ്കാതവന്‍ അസറാതവന്‍ എന്ന ചിത്രം പരാജമായതിനു കാരണം നടന്‍ ചിമ്പുവിന്റെ അഹങ്കാരമാണെന്ന് ആരോപിച്ചു നിര്‍മ്മാതാവ് മൈക്കിള്‍ റായപ്പന്‍ രംഗത്ത് എത്തിയിരുന്നു. ചിമ്പുവിന്റെ വാശിയും ഡിമാന്‍ഡുകളും സിനിമയുടെ നിര്‍മാണത്തെ ബാധിച്ചുവെന്ന് റായപ്പന്‍ ആരോപണം ഉന്നയിച്ചിരുന്നു. നടികര്‍ സംഘത്തില്‍ താരത്തിനെതിരെ പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ചിമ്പുവിനെ സിനിമകളില്‍ നിന്നും വിലക്കിയിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുവേദിയില്‍ മാപ്പു ചോദിച്ചിരിക്കുകയാണ് ചിമ്പു. സന്താനം നായകനാകുന്ന സക്കപോട് രാജ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ചിമ്പു മനസ്സ് തുറന്നത്. ധനുഷും വേദിയില്‍ ഉണ്ടായിരുന്നു.
ചിമ്പുവിന്റെ വാക്കുകള്‍ ഇങ്ങനെ ..”ഒരാളെ എല്ലാവരും ചേര്‍ന്ന് കുറ്റപ്പെടുത്തുമ്പോള്‍ അയാളുടെ മേല്‍ എന്തെങ്കിലും ചെറിയ തെറ്റെങ്കിലും കാണും. എനിക്ക് തെറ്റുപറ്റിയതായി ഞാന്‍ സമ്മതിക്കുന്നു. എന്റെ ചിത്രം ട്രിപ്പിള്‍ എ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. രസകരമായ ചിത്രമാണെങ്കിലും പരാജയം നേരിടേണ്ടി വന്നു. അതുകൊണ്ട് രണ്ട് ഭാഗങ്ങളിലായി എടുക്കേണ്ട ചിത്രം അവസാനിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ നിര്‍മാതാവിന് മാനസിക വിഷമം ഉണ്ടായിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിഷമം സിനിമ ചിത്രീകരിക്കുമ്പോള്‍ പറഞ്ഞിരിക്കണം, അല്ലെങ്കില്‍ റിലീസ് ആയതിന് ശേഷമെങ്കിലും പറഞ്ഞിരിക്കണം. സിനിമ റിലീസ് ചെയ്ത് ആറ് മാസം കഴിഞ്ഞാണ് അദ്ദേഹം ഇക്കാര്യം പരസ്യപ്പെടുത്തിയിരിക്കുന്നത്. എങ്കിലും സാരമില്ല, ഈ വേദിയില്‍ വെച്ച് അദ്ദേഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുകയാണ്.
എനിക്ക് ഇനി അഭിനയിക്കാന്‍ കഴിയില്ലെന്ന് എല്ലാവരും പറയുന്നു. എനിക്ക് അക്കാര്യത്തില്‍ വിഷമം ഇല്ല. മണിരത്‌നം സാര്‍ എന്നെ അഭിനയിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. എന്ത് വിശ്വാസത്തിലാണ് അദ്ദേഹം എന്നെ അഭിനയിപ്പിക്കുന്നതെന്ന് അറിയില്ല. ഞാന്‍ അഭിനയിക്കുന്നത് എന്റെ ആവശ്യങ്ങള്‍ക്കല്ല. എന്റെ ആരാധകരെ സന്തോഷിപ്പിക്കാനാണ്. സിനിമ കിട്ടില്ലെങ്കിലും കുഴപ്പമില്ല, ഞാന്‍ ജനസേവനത്തിന് മുന്നിട്ടിറങ്ങും. അത് ആര്‍ക്കും തടുക്കാനാകില്ലല്ലോ”.
Leave a Comment