
ഇരുപത്തി രണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കനകകുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന നവതിയുടെ നിറവിലേക്ക് നീങ്ങുന്ന മലയാള സിനിമയുടെ ചരിത്രമുള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര വികസന കോര്‍പറേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം നടന് മധു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിശ്ചല ഛായാഗ്രാഹകന്‍ പി. ഡേവിഡ് പകര്‍ത്തിയ സിനിമ മേഖലയിലെ അപൂര്‍വ നിമിഷങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചല ഛായാഗ്രാഹണ മേഖലയില്‍ 55 വര്‍ഷം പിന്നിടുന്ന ഡേവിഡിനെ നടന് മധു പൊന്നാടയണിയിച്ച് ആദരിച്ചു. മലയാള സിനിമയുടെ 90 വര്‍ഷങ്ങള്‍ ഒന്നിച്ചു കാണുന്ന പ്രതീതിയാണ് ഉണ്ടായതെന്ന് മധു പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തങ്ങളെക്കുറിച്ച് തയാറാക്കിയ ‘സ്മരണിക’ ശ്രീകുമാരന്‍ തമ്പി നടി ഷീലയ്ക്ക് നല്കി പ്രകാശനം ചെയ്തു.
ഭാര്‍ഗവി നിലയം മുതല്‍ നായര്‍ പിടിച്ച പുലിവാല്, അഹിംസ, സതി, തുടങ്ങി അമരം വരെയുള്ള ചിത്രങ്ങളുടെ ലൊക്കേഷന്‍ സ്റ്റില്ലുകളും സത്യന്, വിന്‍സെന്റ്, രജനീകാന്ത്, ജോണ്‍ എബ്രഹാം, ഐ.വി ശശി, തുടങ്ങിയ നിരവധി ചലച്ചിത്രകാരന്മാരുടെ ചിത്രീകരണ നിമിഷങ്ങളും ഉള്‍പ്പെടുത്തി തയാറാക്കിയ ‘ഓര്മ ചിത്രങ്ങള്‍’ എന്ന പ്രത്യേക വിഭാഗം ഷീല ഉദ്ഘാടനം ചെയ്തു.




ആദ്യകാല സിനിമ ഉപകരണങ്ങളുടെ പ്രദര്‍ശനം ഇതിന്റെ മറ്റൊരു ആകര്‍ഷണമാണ്. 1928 ല്‍ പുറത്തിറങ്ങിയ ആദ്യ നിശബ്ദ ചിത്രം ‘വിഗതകുമാരന്’ ചിത്രീകരിച്ച ഡെബ്രി ക്യാമറയുടെ മോഡല്‍ മുതല്‍ അരീസ് പ്ലക്സ് 16, റോളക്സ് തുടങ്ങിയ ക്യാമറകളും സിങ്ക് മീറ്റര്‍ സപ്ലൈസര്‍, മൂവിയോള എന്നീ സിനിമാ ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്.



കനകകുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കെ.ടി.ഡി.സി ചെയര്മാന് എം വിജയകുമാര്‍, സംവിധായകന് ശ്രീകുമാരന്‍ തമ്പി, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, നടി ഷീല, അക്കാദമി എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം സിബി മലയില്‍, സംവിധായകന് ടി.കെ. രാജീവ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. . മലയാളത്തിന്റെ പ്രിയ നടന് മധുവും ഷീലയും ചേര്‍ന്നാണ് ഉത്ഘാടനം ചെയ്തത്. സംവിധായകരായ ശ്രീകുമാരന്‍ തമ്പി, സിബി മലയില്‍ എന്നിവരും ബീനാപോള്‍, സജിതമഠത്തില്‍, ദീദി ദാമോദരന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments