
മോഹന്‍ലാലിനെ നായകനാക്കി സിദ്ധീഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു വിയറ്റ്നാം കോളനി. ചിത്രം വന്‍ വിജയമായതിനൊപ്പം തന്നെ ചിത്രത്തില്‍ വില്ലനായ റാവുത്തര്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉദയ് രാജ് കുമാര്‍ എന്ന നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇദ്ദേഹത്തെക്കുറിച്ച് ഇടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് മറുപടിയായി മലയാളി പ്രേക്ഷകരോട് തനിക്കെന്നും ഏറെ സ്നേഹമുണ്ടെന്ന് ഉദയ് രാജ് പറയുകയും ചെയ്തു. നടി ജ്യൂവല്‍ മേരിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ നടനെക്കുറിച്ചുള്ള വിശേഷങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.
ജ്യൂവല്‍ നായികയായി അഭിനയിക്കുന്ന ‘അണ്ണാദുരൈ’ എന്ന തമിഴ് ചിത്രത്തില്‍ നല്ലൊരു വേഷത്തില്‍ ഉദയ് രാജ് കുമാര്‍ അഭിനയിക്കുന്നുണ്ട്. നല്ല അവസരം മലയാള സിനിമയില്‍ നിന്നും ലഭിച്ചാല്‍ താന്‍ അഭിനയിക്കുമെന്നും ഉദയ് രാജ് പറയുന്നു. വിയറ്റ്നാം കോളനിക്ക് ശേഷം മറ്റ് ഭാഷകളില്‍ അഭിനയിച്ച ഉദയ് രാജ് വര്‍ഷങ്ങള്‍ കഴിഞ്ഞ് മനുഷ്യ മൃഗം, വെനീസിലെ വ്യാപാരി എന്നീ മലയാളചിത്രങ്ങളിലും അഭിനയിച്ചിരുന്നു. എന്നാല്‍ ആ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. തുടര്‍ന്നാണ് വീണ്ടും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാം എന്ന് ഉദയ് രാജ് വ്യക്തമാക്കിയിരിക്കുന്നത്..
Post Your Comments