Indian CinemaMollywoodMovie ReviewsWOODs

കപട സദാചാരത്തിന്റെ ദുഷിച്ച കണ്ണുകളുമായി സ്ത്രീക്ക് പിന്നാലെ പായുന്ന ഓരോ പുരുഷനും കാണേണ്ടത്; പെണ്ണൊരുത്തി മൂവി റിവ്യൂ

 

” ഒരു മൻചേരാതിന്റെ മങ്ങിയ വെളിച്ചം
മറന്നു നീ പോവുക എൻ പൊന്മകളെ…
ബലമാർന്ന പാദങ്ങൾ പുൽകി ചലിക്കുക
നെഞ്ചിൽ ദൃഢമായ ചിന്തകൾ തന്നെ വേണം…….
…………………………….
നിന്നെ തടയുവാൻ ആരുമില്ല ഭൂവിലാരും.
നീ പെണ്ണൊരുത്തി……. “

കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റിയും കേരള വനിതാ വികസന കോർപറേഷനും, നോളേജ് ട്രീ ഫൗണ്ടേഷനും ചേർന്ന് നിർമിച്ച പെണ്ണൊരുത്തി….
കഴിഞ്ഞ ദിവസം ആണ് ആ കൊച്ചു ചിത്രം കാണാൻ സാധിച്ചത്… ആദ്യ പ്രദർശനത്തിന്റെ ദിവസം ഈ ചിത്രത്തിന്റെ സംവിധായകൻ സുധിയേട്ടൻ (സുധി കൃഷ്ണൻ) ക്ഷണിച്ചിരുന്നെങ്കിലും പോകാൻ സാധിച്ചിരുന്നില്ല…. അന്ന് അത് കാണാൻ സാധിക്കാതിരുന്ന കുറച്ചു പേർക്ക് വേണ്ടി… കോഴിക്കോട് ഓറിയന്റൽ ഫിലിം ഇന്സ്ടിട്യൂട്ടിൽ വച്ച് നടന്ന ആ പ്രദർശനം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം… 

 

കുറച്ചു നിമിഷങ്ങൾ എനിക്ക് മുന്നിൽ കൊണ്ടു വന്നത്.. ജീവിതത്തിൽ വലിയ ഒരു മാറ്റത്തിലേക്കുള്ള പാത ആയിരുന്നു… കപട സദാചാരത്തിന്റെ ദുഷിച്ച കണ്ണുകളുമായി സ്ത്രീക്ക് പിന്നാലെ പായുന്ന ഓരോ പുരുഷനും സ്വയം ഒരു തിരിച്ചറിവ് നല്കുന്ന ചിത്രം…ഈ ചിത്രത്തിൽ ഒരു വില്ലൻ ഇല്ല… നമുക്ക് മുൻപിൽ നന്മയുടെ പ്രതിരൂപമാവുന്ന ഓരോ മനുഷ്യന്റെ ഉള്ളിലും ചിലപ്പോഴെങ്കിലും തല പൊക്കാൻ ശ്രമിക്കുന്ന ആണധികാരത്തിന്റെ അഹന്തയാണ്… ഇതിലെ വില്ലൻ…

ഒരു രാത്രി നഗരമധ്യത്തിലൂടെ ഒരു സ്ത്രീ ഒറ്റയ്ക്ക് നടന്നു പോകുന്നത് കാണുന്ന നമുക്കുള്ളിൽ ആണധികാരത്തിന്റെ സംരക്ഷകൻ ഉയർത്തെണീക്കുന്നു.. പിനീട് അവളെക്കാൾ ആവലാതിയാണ് നമുക്ക്.. അവളെ നമ്മളെ പോലെ ഒരു മനുഷ്യ ജീവിയായി കരുതാൻ പലപ്പോഴും സാധിക്കുന്നില്ല… പുരുഷൻ എന്ന വട വൃക്ഷത്തിന്റെ തണലിൽ കഴിയേണ്ട വെറും ഒരു പുൽച്ചെടി മാത്രം ആണ് സ്ത്രീ എന്ന ചിന്ത…. സ്ത്രീയെ പാടി പുകഴ്ത്തുന്നവരും, അവൾക്കു വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്നവർ പോലും ചിലപ്പോൾ അവളുടെ ഒരു ചില്ലയെങ്കിലും നമ്മളെക്കാൾ ഉയരത്തിൽ വളരാൻ തുടങ്ങിയാൽ വെട്ടിക്കളയാൻ തുനിയുന്നവരാണ്….

നമുക്ക് ഇഷ്ടം ആവുന്ന വേഷം, പെരുമാറ്റം, സംസാരം, ഇവ പ്രകടിപ്പിക്കുന്ന സ്ത്രീ .. അവൾ നമുക്ക് മുന്നിൽ പതിവ്രത.. സ്വന്തം വ്യക്തിത്വത്തെ പണയം വയ്ക്കാതെ തല ഉയർത്തി ജീവിക്കുന്നവൾ……… അവൾക്കു പേരുകൾ നിരവധി, അഹങ്കാരി, തന്റേടി, എന്ന് തുടങ്ങി. തേവിടിശ്ശി എന്ന് വരെ…..

ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഓരോ ചെറിയ കഥാപാത്രങ്ങളും അവരവരുടെ കഥാപാത്രത്തോട് നീതി പുലർത്തിയാണ് അഭിനയിച്ചിരിക്കുന്നത്…
പ്രധാന കഥാപാത്രമായ രമേശേട്ടനെ അവതരിപ്പിച്ച രാജേഷ് ഹെബ്ബാര്‍ എന്ന നടൻ എത്ര ഭംഗി ആയാണ് ഓരോ സീനും മനോഹരമാക്കിയിരിക്കുന്നതു.. അദ്ദേഹത്തിന്റെ കണ്ണുകളുടെ ചലനങ്ങൾ പോലും കഥാപാത്രത്തിന്റെ ഓരോ വികാരങ്ങളും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു… അൻസിബ എന്ന നടിയുടെ അഭിനയം ദൃശ്യത്തിൽ നിന്നും പെണ്ണൊരുത്തിയിലേക്കുള്ളത് വലിയ ഒരു ഉയർച്ചയാണ്… രമേശേട്ടൻ എന്ന കഥാപാത്രത്തോടുള്ള ഓരോ ചോദ്യങ്ങളും പ്രേക്ഷകരുടെ ഉള്ളിലേക്ക് ശരങ്ങളായാണ് ചെന്ന് തറയ്ക്കുന്നത്….താലി കെട്ടിയ നിമിഷം മുതൽ അവൾക്കു മുൻപിൽ അധികാരത്തിന്റെ വാൾ മുന കൊണ്ട് കുത്തി നോവിക്കുമ്പോൾ… ശ്വാസം മുട്ടിക്കുന്ന ആ ചരട് പൊട്ടിച്ചെറിയാൻ അവൾ കാണിച്ച ആർജ്ജവം പ്രശംസനീയം തന്നെ… കാരണം വിവാഹം എന്നത് സ്ത്രീക്ക് മാത്രം പവിത്രവും …. പുരുഷന് എന്തും ചെയ്യാവുന്ന ലൈസൻസ് കൂടി ആയി മാറുന്ന ദുഷിച്ച ചിന്താഗതികൾക്കു നേരെയാണ് അവളതു വലിച്ചെറിഞ്ഞു നടക്കുന്നത്….

സ്വന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയുന്ന ഒരു മനുഷ്യജീവിയെ വെറും കളിപ്പാവ ആയി നിർത്താൻ ശ്രമിക്കുന്ന കപട സദാചാരത്തിനു് നേരെയുള്ള ചൂണ്ടു വിരൽ ആണ് ഈ ചിത്രം…. അതിൽ സംവിധായകൻ 100 ശതമാനം വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം…

ഒരു തുണിക്കടയിലെ പ്രതിമയിലൂടെ കഥ പറഞ്ഞു കൊണ്ട് സംവിധായകൻ വരച്ചു കാട്ടുന്നത് ആർക്കൊക്കെയോ എന്തിനൊക്കെയോ വേണ്ടി ജീവിതാവസാനം വരെ പ്രതിമയായി പോവേണ്ടി വന്ന എത്രയോ സ്ത്രീ ജീവിതങ്ങളുടെ നോവാണ്…
ചിത്രത്തിലെ ഓരോ ഫ്രെയിമും മനോഹരം….. മരണത്തിനു അപ്പുറം …. രമേശേട്ടൻ പ്രതിമയെയും കൈകളിൽ എടുത്തു കൊണ്ട് പോവുന്ന ആ ചിത്രം… ഏതോ സ്വപ്ങ്ങളിൽ കണ്ട… മനോഹരമായ സ്ഥലം ആയിരുന്നു… ഈ ചിത്രത്തിന്റെ അണിയറയിലും അരങ്ങിലും പ്രവർത്തിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നു….
എനിക്കുറപ്പുണ്ട്.

ശ്രീഹരി വിശ്വനാഥ്‌

 

shortlink

Related Articles

Post Your Comments


Back to top button