സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പത്മാവതിയെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും തുടരുകയാണ്. ചിത്രത്തിലെ നായികയുടെ തലയ്ക്ക് വില പറയുന്നതുവരെ കാര്യങ്ങള്‍ എത്തി. ഇതിനെതിരെ ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കം ഒന്നിച്ചു. എന്നാല്‍ അതില്‍ അപസ്വരമയി കങ്കണ മാറിനിന്നത് ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പദ്മാവതിക്കെതിരെ ഉയരുന്ന ഭീഷണിയില്‍ നായിക ദീപികയെ പിന്തുണച്ച് നിവേദനത്തില്‍ ഒപ്പിടില്ലെന്ന കങ്കണ റണാവത്തിന്റെ നിലപാട് വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.
ദീപികയുമായുള്ള പ്രശ്നമല്ല, മറിച്ച് ശബാന ആസ്മിയുടെ രാഷ്ട്രീയ നിലപാടിനോടുള്ള യോജിപ്പില്ലായ്മ കാരണമാണ് നിവേദനത്തില്‍ ഒപ്പിടാതിരുന്നതെന്ന് കങ്കണ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. “ഞാന്‍ ജോധ്പുരില്‍ മണികര്‍ണികയുടെ ചിത്രീകരണത്തിലായിരുന്നു. അപ്പോഴാണ് പ്രിയപ്പെട്ട കൂട്ടുകാരി അനുഷ്ക ശര്‍മയില്‍ നിന്ന് ഒരു ഫോണ്‍കോള്‍ വന്നത്. ശബാന ആസ്മി എഴുതി തയ്യാറാക്കിയ ഒരു നിവേദനത്തില്‍ ഒപ്പിടണം എന്നതായിരുന്നു ആവശ്യം. ദീപികയ്ക്ക് എന്റെ എല്ലാവിധ പിന്തുണയുമുണ്ടെന്ന് ഞാന്‍ അനുഷ്കയോട് പറഞ്ഞു. എന്നാല്‍, ഇടതുപക്ഷവും വലതുപക്ഷവും രണ്ടുചേരിയിലായ രാഷ്ട്രീയത്തില്‍ ശബാനയ്ക്കുള്ള നിക്ഷിപ്ത താത്പര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എനിക്ക് എന്റേതായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്. പല കാര്യത്തിലും ഞാന്‍ വേലിപ്പുറത്താണ്. ഞാന്‍ അധിക്ഷേപിക്കപ്പെട്ടപ്പോള്‍ എന്നെ വ്യക്തിഹത്യ നടത്താന്‍ മുന്നില്‍ നിന്നവര്‍ നയിക്കുന്ന ദീപികയെ രക്ഷിക്കൂ എന്ന വനിതാ മുന്നേറ്റത്തോടും എന്റെ നിലപാട് ഇതുതന്നെയാണ്. അനുഷ്കയ്ക്ക് ഇതു മനസ്സിലായി. എങ്കിലും അവര്‍ എന്നെ സമീപിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ദീപികയ്ക്ക് എന്റെ പിന്തുണയുണ്ടെന്ന് പറഞ്ഞതുപോലെ തന്നെ മറ്റാരുടെയും പ്രേരണയില്ലാതെ എനിക്ക് ഇഷ്ടപ്പെട്ടവരെ പിന്തുണയ്ക്കാനുള്ള സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിയാണ് ഞാനെന്നും എനിക്ക് അവരെ ബോധിപ്പിക്കാനായി-പ്രസ്താവനയില്‍ കങ്കണ പറഞ്ഞു.
കങ്കണ മാത്രമല്ല, ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ദീപികയ്ക്കെതിരെ ഭീഷണി മുഴക്കിയവര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആലിയ ഭട്ട് എന്നിവരും നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ലയെന്നും റിപ്പോര്‍ട്ടുകള്‍.
Post Your Comments