മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു മോനിഷ. അകാലത്തില്‍ മോനിഷ എന്ന ശാലീന സുന്ദരി ഓര്‍മ്മയായിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു. ആറുവര്‍ഷം മാത്രമാണ് മോനിഷ സിനിമയില്‍ നിറഞ്ഞു നിന്നത്. അഭിനയത്തികവാര്‍ന്ന കഥാപാത്രങ്ങളും അംഗീകാരങ്ങളും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ അഭിനേത്രിയെ തേടിയെത്തി. അപ്രതീക്ഷിതമായാണ് പ്രേക്ഷക സമൂഹത്തെ ഞെട്ടിപ്പിച്ചുകൊണ്ട് മോനിഷയുടെ മരണവാര്‍ത്ത എത്തുന്നത്. ‘ചെപ്പടി വിദ്യ’ എന്ന സിനിമയുടെ ചിത്രീകരണം നടക്കവേ ആലപ്പുഴ, ചേര്‍ത്തലയില്‍ വെച്ചാണ് മോനിഷയുടെ കാര്‍ അപകടത്തില്‍ പെടുന്നത്. തത്ക്ഷണം മോനിഷ മരിക്കുകയും അമ്മ ശ്രീദേവി ഉണ്ണി പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഇന്നും മകളുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കൊപ്പം ആണ് ശ്രീദേവി ജീവിക്കുന്നത്. മരണകാരണങ്ങളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടായി. യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയെന്നും കാര്‍ ടിവൈഡറില് ഇടിച്ചു മറിയുകയുമായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതും ഡിവൈഡറില്‍ കാര്‍ ഇടിച്ചതൊന്നുമല്ല യഥാര്‍ത്ഥ മരണകാരണമെന്നായിരുന്നു പിന്നീട് ശ്രീദേവിയുടെ വെളിപ്പെടുത്തിയത്.
എന്നാല്‍ മരണത്തിന് തലേദിവസം മോനിഷ തന്നോട് പറഞ്ഞ കാര്യങ്ങള്‍ അമ്മ ശ്രീദേവി ഉണ്ണി തുറന്നു പറയുകയാണ് :
“തലേദിവസം രാത്രി പത്തു മണിക്ക് സാധാരണ പോലെ നെറ്റിയില്‍ ഉതിര്‍ന്നു കിടക്കുന്ന മുടി പിടിച്ചുവലിച്ച് മോനിഷ എന്നോട് പറഞ്ഞു.”എന്തോ സംഭവിക്കാന്‍ പോകുന്ന പോലെ. ” മോനിഷയ്ക്ക് ഏറെ ഇഷ്ടമുള്ള റഷ്യന്‍ സാലഡ് ആയിരുന്നു രാത്രി ഭക്ഷണം. അതിനു ശേഷം പറഞ്ഞു. “ലൈഫ് ഈസ് വണ്‍സ്. യു ഡ്രിങ്ക് ആന്‍ഡ് ഈറ്റ്. എന്ജോയ് യുവര്‍ ലൈഫ്. ആരെയും അറിഞ്ഞു കൊണ്ട് നോവിക്കരുത്.” അതിനു മറുപടിയായി “ഓംങ്കാരപ്പൊരുളേ…” എന്നു വിളിച്ചു കളിയാക്കിയപ്പോള്‍ ശബ്ദമുണ്ടാക്കി അവള് പറഞ്ഞു. “ഐ ആം മോനിഷ.” കണ്ണുകള്‍ തുറന്നു പിടിച്ച് ശക്തമായ ഒരു നോട്ടവും. ആ നോക്കിയത് അന്നുവരെയുള്ള മോനിഷയേ ആയിരുന്നില്ല.” എന്നാണ് ശ്രീദേവി ഉണ്ണി പറയുന്നത്. അന്നത്തെ ദിവസം മറ്റൊരാളെ പോലെയാണ് മോനിഷയെ തനിക്ക് തോന്നിയതെന്നും ശ്രീദേവി ഉണ്ണി വ്യക്തമാക്കുന്നു.മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കണ്ണുകള്‍ ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ അമ്മയോട് പറഞ്ഞിരുന്നു. അപകടത്തില്‍ കാറിന്റെ ഡോറിലിടിച്ച് തലയോട്ടി തകര്‍ന്നുള്ള ആ മരണത്തിന്റെ ഭീകരതയില്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ കഴിഞ്ഞില്ല. പകരം അച്ഛന് പി.എന്‍ ഉണ്ണി മരിച്ചപ്പോള്‍ മകളുടെ ആ ആഗ്രഹം സഫലമാക്കിയെന്നും ശ്രീദേവി ഉണ്ണി പറയുന്നു.
Post Your Comments