ബോളിവുഡിലെ ഇപ്പോഴത്തെ ഭാഗ്യനായിക ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ നടി ആലിയ ഭട്ട്, ആലിയ നായികയായെത്തുന്ന എല്ലാ ചിത്രങ്ങളും ബോക്സോഫീസില്‍ ആഘോഷിക്കപ്പെട്ടവയാണ്. എന്നാല്‍ താരത്തിന്റെ ഒരു മോശം സിനിമ ബോളിവുഡില്‍ സംഭവിച്ചത് ആലിയയെ സംബന്ധിച്ച് വലിയ വേദനയാണ് ഉണ്ടാക്കിയതെന്നു താരം തുറന്നു പറയുന്നു. വികാസ് ബഹല്‍ സംവിധാനം ചെയ്ത ‘ശാന്താര്‍’ എന്ന ചിത്രത്തിന്റെ പരാജയഭീതി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് താരം.
ഷാരൂഖ് അവതരിപ്പിക്കുന്ന ഒരു ടിവി ഷോയ്ക്കിടെയായിരുന്നു ആലിയ ബോക്സോഫീസില്‍ വിജയിക്കാതെ പോയ ‘ശാന്താര്‍’ എന്ന ചിത്രത്തെക്കുറിച്ച് പങ്കുവെച്ചത്. ഷാഹിദ് കപൂര്‍ നായകനായി അഭിനയിച്ച ചിത്രം നിര്‍മ്മിച്ചത് അനുരാഗ് കശ്യപും, കരണ്‍ ജോഹറും ചേര്‍ന്നായിരുന്നു.
“ഒരുപാടു പ്രതീക്ഷിച്ചിരുന്ന ചിത്രം വിചിത്രമായ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് തകര്‍ന്നുപോകുകയായിരുന്നു, എന്റെ ഹൃദയം തകര്‍ന്നു പോയ അനുഭവമായിരുന്നു അത്, ഞാന്‍ എന്റെ അച്ഛനോടാണ് എന്റെ എല്ലാ വിഷമങ്ങളും ഷെയര്‍ ചെയ്തത്. തോല്‍വിയില്‍ നിന്ന് തിരിച്ചു വരുക എന്നത് സവിശേഷമായ ഒരു കാര്യമാണ്. അന്ന് അച്ഛന് ഒരു പോസ്റ്റര്‍ അയച്ചുതന്നു. അതില്‍ ഫ്രാങ്ക് സിനാത്രയുടെ ഒരു ഉദ്ധരണി ഉണ്ടായിരുന്നു. ഒരു വമ്പന്‍ വിജയമാണ് ഏറ്റവും വലിയ പ്രതികാരം എന്നായിരുന്നു അതിലെ വാചകം. മുറിവ് ഭേദമായി. ഞാന്‍ എന്റെ ആദ്യത്തെ പരാജയം രുചിച്ചു. ഇനി എന്തും നേരിടാന്‍ തയ്യാറായിക്കഴിഞ്ഞു.” – ആലിയ വ്യക്തമാക്കി.
Post Your Comments