CinemaKollywoodLatest NewsMovie GossipsWOODs

നായികയെ മാറ്റണം; വിദേശത്ത് ഷൂട്ട്‌ ചെയ്യണം; ഡബ്ബിംഗ് കുളിമുറിയില്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ; പ്രമുഖ നടന്‍ കാരണം തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് നിര്‍മ്മാതാവ്

വീണ്ടും സിനിമാ മേഖലയില്‍ വിവാദം. ഈ വിവാദത്തിലെയും നായകന്‍ ചിമ്പുവാണ്. നടന്‍ ചിമ്പുവിനെതിരെ ആരോപണവുമായി നിര്‍മാതാവ് മൈക്കിള്‍ രായപ്പന്‍ രംഗത്ത്. ഗ്ലോബല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉടമയായ ഇദ്ദേഹം നാടോടികള്‍, മിരുതന്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്. ചിമ്പുവിനെ നായകനാക്കി മൈക്കിള്‍ നിര്‍മിച്ച അന്‍ബാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (AAA) എന്ന സിനിമയുടെ പരാജയത്തിന് കാരണം നടന്റെ അഹങ്കാരമാണെന്നാണ് മൈക്കിളിന്റെ ആരോപണം. അദിക്ക് രവിചന്ദര്‍ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു. ചിത്രീകരണ സമയത്ത് തന്നെ നിരവധി വിവാദങ്ങളാണ് ചിത്രത്തെ ചുറ്റിപ്പറ്റിയുണ്ടായിരുന്നത്. അന്‍ബാനവന്‍ അസരാദവന്‍ അടങ്കാതവന്‍ എന്ന ചിത്രം നിര്‍മിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ചിമ്ബു തന്നെ വളരെ ദയനീയമായ അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും ഒരു നിര്‍മാതാവിനും തന്റെ അവസ്ഥ വരരുതെന്നും മൈക്കിള്‍ പറയുന്നു.

മൈക്കിളിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഒന്‍പത് വര്‍ഷങ്ങളിലായി പന്ത്രണ്ട് സിനിമ എടുത്ത ഒരു നിര്‍മാതാവാണ് ഞാന്‍. സിനിമയോട് എനിക്കത്രയ്ക്കും പാഷനാണ്. ഇതില്‍ പരാജയപ്പെട്ട ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ എങ്കിലും ഞാന്‍ സന്തോഷവാനായിരുന്നു. കാരണം, ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് പേര്‍ക്കെങ്കിലും ജീവിക്കാനുള്ള വക നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അത് തന്നെയാണ് കൂടുതല്‍ ചിത്രങ്ങളെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ചിത്രത്തിന്റെ കഥ പൂര്‍ണമായി കേട്ട് ബോധിച്ചതിന് ശേഷം മാത്രമാണ് ചിമ്ബു സിനിമ ഏറ്റെടുത്തത്. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ചിമ്ബുവിന് ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. സിനിമയുടെ ലൊക്കേഷനുകള്‍ ഡിണ്ടിഗല്‍, ദുബായ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു.

2016 മെയ് അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങണമായിരുന്നു. തമിഴ് സിനിമയിലെ ഒട്ടുമിക്ക നായികമാരും അയാള്‍ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറല്ലായിരുന്നു. തൃഷ അഡ്വാന്‍സ് മടക്കി തന്നു. ലക്ഷ്മി മേനോന്‍ സിനിമ നിരസിച്ചു. അവസാനം ശ്രിയ ശരണ്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. എല്ലാം ആസൂത്രണം ചെയ്ത് ശരിയാക്കി വരുമ്ബോള്‍ ചിമ്ബു അതില്‍ ഇടപെടും. ഞങ്ങള്‍ തീരുമാനിച്ചു വച്ച ലൊക്കേഷനുകളൊന്നും അദ്ദേഹത്തിന് സമ്മതമല്ലായിരുന്നു. ഡിണ്ടിഗലില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഇല്ലായിരുന്നു. ഷൂട്ടിങ് കാണാന്‍ പൊതുജനം വന്നാല്‍ അഭിനയിക്കുകയില്ല എന്നതായിരുന്നു അടുത്ത ഭീഷണി. ഈ പ്രതിസന്ധികളെല്ലാം ഒത്തു തീര്‍പ്പാക്കി അങ്ങനെ ചിത്രീകരണം ആരംഭിച്ചു. പ്രശ്നം അവിടെയും തീര്‍ന്നില്ല, ചിമ്ബുവിന്റെ സൗകര്യത്തിന് മാത്രമേ ഷൂട്ടിംങ് നടക്കൂ എന്നായി. കൃത്യസമയത്ത് വരാതായി. ആദ്യത്തെ ഷെഡ്യൂളിന്റെ അവസാനത്തില്‍ ഒരു പാട്ട് ചിത്രീകരിക്കാന്‍ ബാക്കി നില്‍ക്കെ ശ്രിയ കൊള്ളില്ലെന്നും മറ്റേതെങ്കിലും നടിയെ വച്ച്‌ സിനിമ പുന:ചിത്രീകരിക്കണമെന്നും പറഞ്ഞു. ആ പ്രശ്നം പരിഹരിച്ചപ്പോഴാണ് ദുബായില്‍ ചിത്രീകരിക്കേണ്ട പകരം ലണ്ടന്‍ മതിയെന്ന ആവശ്യവുമായി രംഗത്ത് വരുന്നത്. രണ്ട് മാസത്തോളമാണ് ചിമ്ബു അതിന് ആ വാശിക്ക് ഷൂട്ടിങ് മുടക്കിയത്. അവസാനം ദുബായില്‍ വച്ച്‌ ചിത്രീകരിക്കാമെന്ന് സമ്മതം നല്‍കി.

ചിമ്ബു അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തിന് മേക്കപ്പ് ഇടാന്‍ ഏകദേശം മൂന്ന് മണിക്കൂറോളം സമയം വേണമായിരുന്നു. അതിനൊന്നും അദ്ദേഹം തയ്യാറായിരുന്നില്ല. ചിമ്ബു കാരണം തമന്ന, കോവൈ സരള, മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവര്‍ നന്നായി ബുദ്ധിമുട്ടി. ചിത്രത്തിലെ മൂന്നാമത്തെ കഥാപാത്രം തനിക്ക് ചെയ്യാന്‍ താല്പര്യമില്ലെന്നായി പിന്നെ ചിമ്ബുവിന്റെ നിലപാട്. അദിക് കരഞ്ഞു പറഞ്ഞു നോക്കി. ഒരു മണിക്കൂര്‍ നേരം മാത്രം മതി ചിമ്ബുവിന്റെ ഇഷ്ടപ്രകാരം അഭിനയിച്ചോളു അത് ചിത്രീകരിക്കാമെന്ന് വരെ പറഞ്ഞു. ഒടുവില്‍ സ്വന്തം വീട്ടില്‍ വച്ച്‌ തന്നെ ചിത്രീകരിക്കാന്‍ ചിമ്ബു സമ്മതിച്ചു. എന്നിട്ടും തയ്യാറായി വരാതെ ചിത്രീകരണം വൈകിപ്പിച്ചു. റിലീസ് തീയതി അടുക്കാറായി. ചിമ്ബു ഡബ്ബിങ്ങിന് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. ഒടുവില്‍ വീട്ടിലെ കുളിമുറിയില്‍ ഇരുന്നാണ് ചിമ്ബു ഡബ്ബ് ചെയ്തത്. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഞങ്ങള്‍ക്ക് അയച്ചു തന്നു. ക്വാളിറ്റി വളരെ മോശമായതിനാല്‍ അത് മിക്സ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. സെന്‍സര്‍ ചെയ്യാന്‍ വെറും അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ ഞങ്ങള്‍ വോയ്സ് മോഡുലേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ ശബ്ദം അഡ്ജസ്റ് ചെയ്തെടുത്തു.
ഈ കഷ്ടപാടുകളെല്ലാം സഹിച്ചാണ് ഞങ്ങള്‍ റിലീസ് ചെയ്തത്. എല്ലാവര്‍ക്കുമറിയാം ആ ചിത്രം എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന്. മുപ്പത് ദിവസത്തെ കാള്‍ ഷീറ്റ് ഉണ്ടായിരുന്നിട്ടും തമന്ന പതിമൂന്ന് ദിവസത്തെ ചിത്രീകരണത്തിനേ നിന്നുള്ളൂ. പതിനഞ്ച് ദിവസത്തെ കാള്‍ ഷീറ്റില്‍ ശ്രിയ ചെയ്തത് ഏഴ് ദിവസം. എല്ലാം വെറുതെയായി. 76 ദിവസത്തെ ചിത്രീകരണം തീരുമാനിച്ചിട്ട് നടന്നത് 48 ദിവസം. അതില്‍ ചിമ്ബു പങ്കെടുത്തത് വെറും 38 ദിവസം. ചിമ്ബു കാരണം ഞാനനുഭവിച്ച യാതനകള്‍ ഇനിയൊരു നിര്‍മാതാവിനും ഉണ്ടാവരുതെന്നാണ് എന്റെ പ്രാര്‍ത്ഥന. നിങ്ങളെ നിങ്ങള്‍ തന്നെ സംരക്ഷിക്കുക.”

shortlink

Related Articles

Post Your Comments


Back to top button