മരിക്കുന്നതിന് മുമ്പ് വരെ അബിയോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷെരീഫ് ചുങ്കത്ത് എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.നാളെ കാണാമെന്ന് പറഞ്ഞ് പോയ സുഹൃത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ല ഷെരീഫ്.
ഷെരീഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :
ഇന്നലെ (29-11-17) ഉച്ചകഴിഞ്ഞ് ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ എന്റെ മൊബൈല്‍ റിംഗ് ചെയ്യുന്നത് കണ്ട് നോക്കുമ്പോള്‍ അബീക്കയാണ്. അത്യാവശ്യമായി നീ ഒന്ന് എന്റെ വീട്ടിലേക്ക് വരണം. എനിക്ക് ഒരിടം വരെ പോകാനുണ്ട് കൂടെ നീ വരണം. എങ്ങോട്ട് എന്നെന്റെ ചോദ്യത്തിന് വന്നിട്ട് പറയാമെന്ന് പറഞ്ഞു.
ഞാന്‍ കൃത്യം രണ്ട് മണിക്ക് അബീക്കയുടെ വീട്ടിലെത്തി. എന്നെ വിളിച്ചിരുത്തി ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നോട് പറഞ്ഞു നമുക്ക് ചേര്‍ത്തല കായ്പുറം എന്ന സ്ഥലം വരേ ഒന്ന് പോകണം ഒരു വൈദ്യനെ കാണണം കുറച്ച് മരുന്നും വാങ്ങണം. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ചേര്‍ത്തലയിലേക്ക് യാത്ര തിരിച്ചു, ആയുര്‍വേദം കഴിച്ചിട്ട് ഇക്കയുടെ അസുഖം ഭേദമാകുന്നില്ലെങ്കില്‍ വേറെ ഏതെങ്കിലും ഹോസ്പിറ്റലില്‍ നമുക്ക് പോയാലോ എന്ന എന്റെ ചോദ്യത്തിന് തന്ന മറുപടി.
”ഇതും കൂടി നോക്കാം കുറഞ്ഞില്ലെങ്കില്‍ അമേരിക്കയില്‍ ചികില്‍സ തേടാം. ചേര്‍ത്തലയിലെ വൈദ്യ ചികില്‍സയില്‍ അസുഖം പൂര്‍ണ്ണമായി മാറും”.വൈദ്യനെ കണ്ട് തിരിച്ച് വരുമ്പോള്‍ രാത്രി 9 മണി കഴിഞ്ഞു. 7 മണിക്കൂര്‍ മനസ്സ് തുറന്ന് എന്നോട് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അബിക്കയുടെ കഴിഞ്ഞ 35 വര്‍ഷത്തെ മിമിക്രി ജീവിതത്തെ കുറിച്ചുള്ള ഓര്‍മകള്‍ പുതുക്കി. അതില്‍ അബിക്കയുടെ ജന്മനാടായ മൂവാറ്റുപുഴയും ഉണ്ടായിരുന്നു.
സിനിമ ലോകത്ത് എങ്ങും എത്താതിരുന്നതില്‍ ആരോടും പരിഭവം ഇല്ല എന്ന് കൂടെ കൂടെ എന്നോട് പറഞ്ഞിരുന്നു. മകന്‍ ഷെയിന്‍ നിഗത്തില്‍ ഇക്കാക്കുള്ള പ്രതീക്ഷകള്‍ എന്നോട് തുറന്നു പറഞ്ഞിരുന്നു. അവസാനം ഞങ്ങള്‍ പിരിയുന്നതിന് മുന്‍പ് വണ്ടിയില്‍ ഇരുന്ന് ഒരുപാട് സിനിമ നടന്‍മാരെ അനുകരിക്കുകയും കോമഡി പറഞ്ഞ് എന്നെ പൊട്ടി ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ആ നിമിഷം ഞാന്‍ ഒരിക്കലും കരുതിയില്ല ഇത് മിമിക്രിയുടെ സുല്‍ത്താന്‍ അവതരിപ്പിക്കുന്ന അവസാന വേദിയാകും ഇതെന്ന്, അവസാന ഓഡിയന്‍സാകും ഈ ഞാനെന്ന്.
Post Your Comments