
വില്ലന്‍ വേഷങ്ങളിലൂടെയും, ക്യാരക്ടര്‍ വേഷങ്ങളിലൂടെയും 80-90 കാലഘട്ടങ്ങളില്‍ നിറഞ്ഞു നിന്ന മലയാളത്തിന്റെ പ്രിയനടനായിരുന്നു ലാലു അലക്സ്. സ്വാഭാവികമായ അഭിനയ ശൈലിയോടെ പ്രേക്ഷകരെ അതിശയിപ്പിച്ച ലാലു അലക്സിനു കോമഡി കഥാപാത്രങ്ങള്‍ ചെയ്യാനും ഒരു പ്രത്യേക കഴിവുണ്ട്. നര്‍മം പേറുന്ന പ്രതിനായക കഥാപാത്രങ്ങളെയും ലാലു അലക്സ് അതിമനോഹരമായി അവതരിപ്പിക്കും. റോഷന് ആണ്ട്രൂസ്-മോഹന്‍ലാല്‍ ടീമിന്റെ ‘ഇവിടം സ്വര്‍ഗമാണ്’ എന്ന ചിത്രത്തിലെ ലാലു അലക്സിന്റെ നര്‍മ പ്രധാനമായ പ്രതിനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമീപകാലത്ത് നായികയുടെ സ്നേഹിക്കുന്ന പപ്പയായിട്ടായിരുന്നു ലാലു അലക്സ് കൂടുതല്‍ തിളങ്ങിയത്. എന്നാല്‍ 2014നു-ശേഷം ലാലു അലക്സിനു മലയാള സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു തുടങ്ങി.
രണ്‍ജി പണിക്കരുടെ അഭിനയ രംഗത്തേക്കുള്ള വരവാണ് ഒരു പരിധിവരെ ലാലു അലക്സിനു സിനിമകള്‍ കുറയാന്‍ ഇടയാക്കിയത്. ഒരേ അഭിനയ ശൈലിയുള്ള രണ്ടു നടന്മാരാണ് ഇവര്‍. അഭിനയത്തിന്റെ ശരീര ഭാഷയില്‍പ്പോലും സാമ്യതയുണ്ട്. ചിത്രത്തിലെ നായികയെ സ്നേഹിക്കുന്ന പപ്പയുടെ റോള്‍ രണ്‍ജി പണിക്കര്‍ ഏറ്റെടുത്തതോടെ ലാലു അലക്സിനെ അത്തരം സിനിമകളിലേക്ക് ആരും വിളിക്കാത്ത അവസ്ഥയായി. ഏതു വേഷങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിവുള്ള നടനാണ് രണ്‍ജി പണിക്കര്‍. ‘ഓംശാന്തി ഓശാന’ എന്ന ചിത്രത്തിലെ നായികയുടെ അച്ഛന് വേഷം ശ്രദ്ധിക്കപ്പെട്ടതോടെ രണ്‍ജി പണിക്കര്‍ മലയാളത്തിലെ തിരക്കേറിയ നടനായി മാറുകയായിരുന്നു. 2014-മുതല്‍ 2017 വരെയുള്ള മൂന്നു വര്‍ഷങ്ങളില്‍ രണ്‍ജി പണിക്കര്‍ അഭിനയിച്ചു തീര്‍ത്തത് നാല്‍പ്പതോളം ചിത്രങ്ങളാണ്. ഈ ഒരു കാലയളവിലാണ് ലാലു അലക്സിനു പൂര്‍ണ്ണമായും സിനിമകള്‍ കുറഞ്ഞു തുടങ്ങിയത്. 2013-ല്‍ ഇറങ്ങിയ ‘റോമന്‍സ്’, ‘എബിസിഡി’, ‘നേരം’ തുങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊക്കെ പ്രാധാന്യമേറിയ റോളിലായിരുന്നു ലാലു അലക്സ്. ദുല്‍ഖര്‍ സല്മാന് നായകനായ ‘എബിസിഡി’ ഈ വര്‍ഷം ഇറങ്ങിയിരുന്നേല് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ദുല്‍ഖറിന്റെ അച്ഛനായി ആദ്യം പരിഗണിക്കുന്നത് രണ്‍ജി പണിക്കരെ ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വി.കെ പ്രകാശ് ചിത്രം ‘മരുഭൂമിയിലെ ആന’ എന്ന ചിത്രത്തില്‍ ലാലു അലക്സിനു നല്ല ഒരു വേഷം ലഭിച്ചിരുന്നു. ‘ഓംശാന്തി ഓശാന’യില്‍ തുടങ്ങി വില്ലന്‍ വരെ എത്തി നില്ക്കുന്ന രണ്‍ജി പണിക്കരുടെ കുതിപ്പ് ഏറ്റവും കൂടുതല്‍ ദോഷം ചെയ്തത് ലാലു അലക്സ് എന്ന നടനാണ്. 1978-ല്‍ പുറത്തിറങ്ങിയ ‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് ലാലു അലക്സ് മലയാള സിനിമയുടെ ഭാഗമാകുന്നത്.
Post Your Comments