മലയാളത്തിലെ ഏറ്റവും മികച്ച അഞ്ചു തിരക്കഥാകൃത്തുക്കളുടെ പേരെടുത്താല്‍ അതില്‍ ശ്രീനിവാസന്‍ എന്ന പേര് തീര്‍ച്ചയായും ഉണ്ടാകും, ഒട്ടേറെ മികച്ച സിനിമകള്‍ ശ്രീനിവാസന്‍ മലയാളത്തിനു സംഭാവന ചെയ്തിട്ടുണ്ട്. ‘സന്ദേശം’, ‘വടക്കുനോക്കിയന്ത്രം’, ‘മഴയെത്തും മുന്‍പേ’ അങ്ങനെ എത്രയോ ക്ലാസിക് ചിത്രങ്ങള്‍ ശ്രീനിവാസന്റെ തൂലികയില്‍ നിന്ന് പിറന്നതാണ്. ശ്രീനിവാസന്റെ മകനായ വിനീത് ശ്രീനിവാസനും ഇപ്പോള്‍ മലയാളത്തിലെ അറിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമാണ്. അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശ്രീനിവാസന്റെ രണ്ടാമത്തെ പുത്രന്‍ ധ്യാന്‍ ശ്രീനിവാസനും തിരക്കഥാകൃത്തായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ‘ഗൂഡാലോചന’ എന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിനിമയുടെ ചിത്രീകരണ തലേന്നാണ് താന്‍ ഈ സിനിമ എഴുതി തീര്‍ത്തതെന്നായിരുന്നു ധ്യാന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ച് അത്ര ലാഘവത്തോടെയായിരുന്നു ധ്യാന്‍ പരമാര്‍ശിച്ചത്. ഗൂഡാലോചനയുടെ തിരക്കഥ എഴുതാനിരുന്നതല്ലെന്നും സംവിധായകന്‍ നിര്‍ബന്ധിച്ചപ്പോള്‍ അത് ഏറ്റെടുത്തതാണെന്നും ധ്യാന്‍ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.
ഒരു സിനിമയുടെ നട്ടെല്ല് എന്നാല്‍ ആ സിനിമയുടെ തിരക്കഥയാണ്. ഒരു തിരക്കഥാകൃത്ത് അയാള്‍ക്കുള്ളില്‍ രൂപപ്പെടുന്നത് എഴുതാനുള്ള മികവിന്റെയും, ചിന്തകളുടെയും, ചുറ്റുപാടുമുള്ള നിരീക്ഷണ പാടവങ്ങളുടെയും ,വായനകളുടെയും, കാഴ്ചപാടിന്റെയും, സിനിമയോടുള്ള അടങ്ങാത്ത ആവേശത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ്. ആരുടെയെങ്കിലും പ്രേരണയാലോ, നിര്‍ബന്ധത്തിനു വഴങ്ങിയോ സിനിമ എഴുതാന്‍ ശ്രമിക്കുന്നത് ആ കലയോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കും, ഒരു സുപ്രഭാതത്തില്‍ ആര്‍ക്കും തിരക്കഥാകൃത്തായി മാറാവുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ മലയാള സിനിമയിലുള്ളത്. ധ്യാന്‍ ഈ സിനിമ എഴുതിയാല്‍ അത് ആ ചിത്രത്തിന്റെ പ്രമോഷനു വരെ സഹായകമാകും എന്ന് ചിന്തിക്കുന്ന സംവിധായകരടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അതിനു ഉത്തരവാദികള്‍.
ധ്യാന്‍ ശ്രീനിവാസന് ഇവിടെ ഇനിയും നല്ല സിനിമകള്‍ എഴുതാന്‍ ശ്രമിക്കാം, പക്ഷെ മലയാള സിനിമയിലെ മുന്‍നിര താരമെന്ന സ്വാധീനം ഉപയോഗിച്ചോ ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയോ വെപ്രാളത്തോടെ സിനിമ എഴുതാന്‍ ഇറങ്ങി തിരിക്കരുത്. തിരക്കഥാകൃത്തിന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കി ശ്രീനിവാസനെയും, വിനീത് ശ്രീനിവാസനെയും പോലെ മലയാള സിനിമയിലെ രചനാപരമായ മേഖലയിലേക്ക് കടന്നു വരാന്‍ ശ്രമിക്കൂ . ‘ഗൂഡാലോചന’ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ തിരക്കഥയാണ്. നിവിന്‍ പോളിയേയും, നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി ധ്യാന്‍ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അതിലെങ്കിലും ആത്മാര്‍ഥമായ ഒരു രചയിതാവിന്റെ കഴിവ് ധ്യാനില്‍ പ്രകടമാകട്ടെ എല്ലാ ഭാവുകങ്ങളും….
Post Your Comments