രണ്ടാം ഭാര്യയെ കൊന്ന കേസില്‍ സിനിമ സീരിയല്‍ സംവിധായകന്‍ ദേവന്‍ കെ.പണിക്കര്‍ എന്ന ദേവദാസി (40) ന് ജീവപര്യന്തം ശിക്ഷ. ദേവദാസ് കുറ്റക്കാരനെന്ന് കോടതി രണ്ട് ദിവസം മുമ്പ് വിധിച്ചിരുന്നു. ദേവദാസിന്റെ രണ്ടാം ഭാര്യ നല്ലില സ്വദേശിനി അര്‍ച്ചന എന്ന സുഷമയെ നിലവിളക്കുകൊണ്ട് തലക്കടിച്ചുവീഴ്ത്തി കൈകാലുകള്‍ കെട്ടിയിട്ടശേഷം വെട്ടുകത്തികൊണ്ട് തലയിലും മുഖത്തും വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 201 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞത്. തിരുവനന്തപുരം ഒന്നാം അതിവേഗ കോടതി ജഡ്ജി ജെ. നാസറാണ് ശിക്ഷ വിധിച്ചത്.
2009 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. 2009 ഡിസംബര്‍ 31ന് വൈകീട്ട് ആറിന് വട്ടിയൂര്‍ക്കാവ് ചിത്രമൂല ലൈനില്‍ കളഭം എന്ന വീട്ടില്‍നിന്ന് അസഹനീയ ദുര്‍ഗന്ധം പുറത്തുവന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അര്‍ച്ചനയുടെ മൃതദേഹം പുഴുവരിച്ചനിലയില്‍ കണ്ടെത്തിയത്. അര്‍ച്ചനയും പ്രതിയും ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അര്‍ച്ചന കൊല്ലപ്പെട്ട ഒരാഴ്ച കഴിഞ്ഞ് അവരുടെ മാതാവ് വസന്ത ആത്മഹത്യ ചെയ്തിരുന്നു.
ദേവദാസിന്റെ രണ്ടാം വിവാഹമായിരുന്നു അര്‍ച്ചനയുമായുള്ളത്. ആദ്യ ഭാര്യ അറിഞ്ഞിരുന്നില്ല. വിവാഹിതനാണെന്ന കാര്യം അര്‍ച്ചനയില്‍നിന്ന് മറച്ചുവെച്ചിരുന്നു. ആദ്യ ഭാര്യ രണ്ടാംവിവാഹം അറിഞ്ഞ് വിവാഹമോചനത്തിന് ശ്രമിച്ചു. തുടര്‍ന്ന് അര്‍ച്ചനയുമായുള്ള ബന്ധം ഒഴിയാന്‍ ദേവദാസ് ശ്രമിച്ചു. കൊല്ലം നടുവന നല്ലിലച്ചേരി സ്വദേശിയാണ് അര്‍ച്ചന. ദേവദാസ് അര്‍ച്ചനയോടൊപ്പം വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോടിന് സമീപമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. അസ്വാരസ്യങ്ങളെത്തുടര്‍ന്ന് സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍ അര്‍ച്ചന അതില്‍ നിന്ന് പിന്മാറി. ഇതിനിടെയാണ് ദേവദാസിന് അര്‍ച്ചനയുടെ സ്വഭാവത്തില്‍ സംശയം ജനിച്ചത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Post Your Comments