1989-ല്‍ റിലീസ് ചെയ്ത ‘പൂരം’ എന്ന ചിത്രത്തിലൂടെയാണ് നടി മാതു മലയാള സിനിമാ രംഗത്തേയ്ക്ക് വരുന്നത്. 90 കാലഘട്ടത്തിലായിരുന്നു മാതു മലയാള സിനിമയുടെ സജീവ സാന്നിദ്ധ്യമായത്. മലയാള സിനിമയിലെ ശാലീന സൗന്ദര്യത്തിന്റെ പര്യായമായ അപൂര്‍വ്വം അഭിനേത്രികളില്‍ ഒരാളായിരുന്നു നടി മാതു. ഗ്രാമീണത നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ നാടന്‍ വേഷങ്ങളില്‍ അഭിനയിക്കുമ്പോള്‍ മാതു എന്ന നടിയുടെ അഭിനയത്തിന് കൂടുതല്‍ തിളക്കം തോന്നാറുണ്ട്.
1991-ല്‍ പുറത്തിറങ്ങിയ ലോഹിതദാസ്-ഭരതന്‍ ടീമിന്റെ ‘അമരം’ എന്ന ചിത്രമാണ് മാതുവിനെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്. അച്ഛനും മകളും തമ്മിലുള്ള ആത്മ ബന്ധത്തിന്റെയും, കടലരിക് ജീവിതത്തിന്റെയും ,നിഷ്കളങ്ക പ്രണയത്തിന്റെയും കഥ പറഞ്ഞ ‘അമരം’ മാതുവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. അച്ഛന്റെ മുത്തായും, രഘുവിന്റെ കാമുകിയായും, ഭാര്യയായുമൊക്കെ ‘രാധ’ എന്ന മാതു അതിമനോഹരമായി ജീവിച്ച് അഭിനയിക്കുകയായിരുന്നു. ലോഹിതദാസിന്റെ തൂലികയിലെ ‘രാധ’ എന്ന പെണ്‍ കഥാപാത്രത്തിന്‍റെ മാനസിക വികാര വിചാരങ്ങള്‍ മാതു അതിഭാവുകത്വം ഇല്ലാതെ ഒപ്പിയെടുത്തു.
എം.ടി എഴുതിയ ‘സദയം’ എന്ന ലോകോത്തര ക്ലാസിക് ചിത്രത്തിലെ ‘ജയ’ എന്ന നായിക വേഷത്തെ അവതരിപ്പിച്ചതും മാതു ആയിരുന്നു. അമരത്തില്‍ മമ്മൂട്ടിയോടൊപ്പം അതിശയിപ്പിച്ചുവെങ്കില്‍, സദയത്തില്‍ മോഹന്‍ലാലിനൊപ്പം മാതു അഭിനയം വിസ്മയമാക്കി. മലയാള സിനിമയിലെ ഏറ്റവും മികച്ച രണ്ടു രചയിതാക്കളുടെ തൂലിക തുമ്പില്‍ നിന്ന് അടര്‍ന്നു വീണ ആ പെണ്‍വിസ്മയങ്ങള്‍ക്ക് മാതു നല്‍കിയ അഭിനയ പെരുമ ഒരിക്കലും വിസ്മരിക്കാനാകില്ല. പിന്നീടു അതേ പോലെയുള്ള മികച്ച കഥാപാത്രങ്ങള്‍ മാതുവിനെ തേടിയെത്തിയതുമില്ല, നായകന്റെ സഹോദരിയായ പാവാടക്കാരിയായും, സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി പോലെയുള്ള ചിത്രങ്ങളില്‍ മോഡേണ്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചും മാതു വാണിജ്യ സിനിമകള്‍ക്കൊപ്പം സഞ്ചരിച്ചതോടെ താരത്തിന്‍റെ സിനിമാ കരിയറില്‍ നല്ല വേഷങ്ങള്‍ കുറഞ്ഞു തുടങ്ങി. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മാതു ശ്രദ്ധേയമായ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രഥോല്‍സവം, സന്ദേശം, മാട്ടുപ്പെട്ടി മച്ചാന്‍ തുടങ്ങിയ ചിത്രങ്ങളിലെ മാതുവിന്‍റെ നായിക വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞതോടെ 2000-ന്‍റെ തുടക്കത്തില്‍ തന്നെ മാതു സിനിമയോട് ഗുഡ്ബൈ പറഞ്ഞു. മലയാള സിനിമയില്‍ ശാലീന സൗന്ദര്യത്തിന്റെ വെളിച്ചം വീശിയ മാതു പ്രേക്ഷക മനസ്സില്‍ എന്നും മായാതെ നില്‍ക്കും….
Post Your Comments