ആരാധകര്‍ ഏറെയുള്ള തെന്നിന്ത്യന്‍ താരമാണ് ആര്യ. ഉറുമിയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായ ആര്യ ഇപ്പോള്‍ വധുവിനെ തേടുകയാണ്. തന്റെ ഭാവി വധു സിനിമാലോകത്ത് നിന്നു വേണമെന്ന് യാതൊരു നിര്‍ബന്ധവും പുലര്‍ത്താത്ത താരം അതിനായി തിരഞ്ഞെടുത്തിരിക്കുന്നത് വേറിട്ട ഒരു വഴിയാണ്.
തന്നെ ഇഷ്ടപ്പെടുന്ന, തന്നെ ജീവിതപങ്കാളിയാക്കാന്‍ ഇഷ്ടമുള്ള ഒരാളാവണമെന്ന കണ്ടീഷന്‍ മാത്രമാണ് ആര്യ മുന്നില്‍ വയ്ക്കുന്നത്. സ്വന്തം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇട്ട ഒരു വീഡിയോയിലാണ് ആര്യ ഇക്കാര്യം പറഞ്ഞത്. വെറുതേയുള്ള ഗീര്‍വാണമല്ല, അങ്ങനെ ഇഷ്ടപ്പെട്ടവര്‍ക്ക് വിളിക്കാന്‍ സ്വന്തം ഫോണ്‍ നമ്ബറും കൊടുത്തിട്ടുണ്ട് ആര്യ. ഇഷ്ടപ്പെട്ടവര്‍ ദയവു ചെയ്തു വിളിക്കൂ. ഞാന്‍ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുകയാണ്-വീഡിയോയില്‍ ആര്യ പറഞ്ഞു.
ആര്യയുടെ വീഡിയോയില്‍ നിന്ന്
“കഴിഞ്ഞയാഴ്ച ഞാന്‍ ജിമ്മില്‍ സുഹൃത്തുകള്‍ക്കൊപ്പം കല്ല്യാണ കാര്യം സംസാരിക്കുന്ന ഒരു വീഡിയോ ലീക്കായിരുന്നു. ഞാനറിയാതെ എന്റെ സുഹൃത്തുക്കള്‍ ഒപ്പിച്ച ഒരു പണിയായിരുന്നു. എന്നാല്‍, അതില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. ഞാന്‍ കല്ല്യാണത്തിനുവേണ്ടി പെണ്ണു തേടിക്കൊണ്ടിരിക്കുകയാണ്. സാധാരണ എല്ലാവരും ജോലിസ്ഥലത്തോ, സുഹൃത്തക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ മുഖേനയോ അല്ലെങ്കില്‍ മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ വഴിയോ ആണ് പെണ്ണിന് തേടുക. എന്നാല്‍, ഞാന്‍ അങ്ങനെയല്ല. എനിക്ക് വലിയ ഡിമാന്റുകളോ നിബന്ധനകളോ ഇല്ല. നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടാല്‍, ഞാന്‍ നിങ്ങള്‍ക്കൊരു ജീവിതപങ്കാളിയാവുമെന്ന നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ 73301-73301 എന്ന നമ്ബറില്‍ വിളിക്കുക. ഇത് ആള്‍ക്കാരെ കളിപ്പിക്കാനുള്ള ഒരു തരികിട, തമാശ വീഡിയോയാണെന്ന് വിചാരിക്കരുത്. ഇതെന്റെ ജീവിതത്തിന്റെ പ്രശ്നമാണ്. ദയവു ചെയ്ത് ഈ നമ്ബറില്‍ വിളിക്കുക. ഞാന്‍ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുകയാണ്.”
ആര്യ പറഞ്ഞ നമ്ബറിലേക്ക് വിളിച്ചാല്‍ ആര്യയുടെ ശബ്ദം കേള്‍ക്കാം. അതോടൊപ്പം ഒരു എസ്.എം.എസും ലഭിക്കും. മെസേജില്‍ ലഭിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ www.mapillaiarya.com എന്ന വെബ്സൈറ്റില്‍ എത്തും. സാധാരണ മാട്രിമോണിയല്‍ സൈറ്റുകളില്‍ കാണുന്ന തരത്തിലുള്ള രജിസ്ട്രേഷന്‍ രീതിയിലുള്ള ഒരുപാട് ചോദ്യങ്ങള്‍ ഇതിലുമുണ്ട്.
Post Your Comments