കൊച്ചി: താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നീക്കി ജനറല്‍ ബോഡി യോഗം മതിയെന്ന ധാരണയിലായി. ദിലീപ് വിഷയത്തില്‍ അംഗങ്ങള്‍ക്കിടയില്‍ വിയോജിപ്പ് നിലനില്‍ക്കുന്നതാണ് എക്‌സിക്യൂട്ടീവ് യോഗം മാറ്റിവയ്ക്കാനുള്ള കാരണം. വിവിധ ഗ്രൂപ്പുകളെ യോജിപ്പിക്കാനുള്ള മോഹന്‍ലാലിന്‍റെ നീക്കങ്ങള്‍ വിജയം കണ്ടില്ല . പൃഥ്വിരാജിനെ അനുനയിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞെങ്കിലും മറ്റുപല താരങ്ങളും പ്രതിഷേധത്തിലാണ്. സംഘടനയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ദിലീപ്.എന്നിരുന്നാലും ദിലീപ് അനുകൂലികൾ കരുക്കൾ നീക്കുന്നു.
പുതിയ തീരുമാനങ്ങൾ എടുക്കാത്ത സാഹചര്യത്തില്‍ അമ്മയുടെ ഭരണം മോഹന്‍ലാല്‍ ഏറ്റെടുക്കണമെന്ന അഭിപ്രായം സജീവമാണ്. എന്നാല്‍ മോഹന്‍ലാലും ഇതിന് സന്നദ്ധനല്ല. പുതിയ നേതൃ നിര വരട്ടേയെന്നതാണ് നിലപാട്. ബാലചന്ദ്രമേനോനെ ചുമതല ഏല്‍പ്പിക്കണമെന്നാണ് മുതിര്‍ന്ന താരങ്ങളുടെ പൊതു അഭിപ്രായം. അതിനിടെ സിദ്ദിഖിന്‍റെ പ്രധാന ചുമതലയിലെത്തിക്കാന്‍ ദിലീപ് അനുകൂലികളും കരുനീക്കം തുടങ്ങിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ സംഘടനയില്‍ ഇടപെടല്‍ നടത്താന്‍ പൃഥ്വിയും ഇപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ഏല്ലാവരും ഒരുമിച്ച് ആവശ്യപ്പെട്ടാല്‍ പൃഥ്വി തയ്യാറുമാണ്. എന്നാല്‍ ദിലീപ് അനുകൂലികള്‍ അതിന് സമ്മതിക്കുകയുമില്ല.
കുഞ്ചാക്കോ ബോബനെ മുന്നില്‍ നിര്‍ത്തണമെന്ന അഭിപ്രായം മഞ്ജു വാര്യരെ പോലുള്ളവര്‍ക്കുണ്ട്. സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്നും പറയുന്നു. എന്നാല്‍ ഇതൊന്നും പരസ്യ നിലപാടായി മഞ്ജു അവതരിപ്പിക്കുന്നുമില്ല. പൃഥ്വിരാജിന് അനുനയ ചര്‍ച്ചകളോട് വലിയ താല്‍പ്പര്യമില്ല. ദിലീപും ചര്‍ച്ചകളുമായി സഹകരിക്കില്ലെന്ന സൂചന മോഹന്‍ലാലിന് നല്‍കിയിട്ടുണ്ട്. സംഘടനയെ കുറേ കാലമായി നിയന്ത്രിച്ചിരുന്നത് ദിലീപായിരുന്നു. ഇതെല്ലാം അമ്മയിലെ പ്രതിസന്ധിയെ രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാനം ഒഴിയാന്‍ മമ്മൂട്ടിയും ഇന്നസെന്റും തീരുമാനിക്കുന്നത്.
ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയ കൊച്ചിയില്‍ നടന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ തീരുമാനമാണ് ഇപ്പോള്‍ കീറാമുട്ടിയായി പരിണമിച്ചിട്ടുള്ളത്. ദിലീപ് പൊലീസ് കസ്റ്റഡിയില്‍ ആയിരുന്ന അവസരത്തില്‍ ഈ വിഷയത്തില്‍ മനസ്സുതുറക്കാതിരുന്നവര്‍ ഇപ്പോള്‍ നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വരുന്നുണ്ട്. തല്‍ക്കാലം സസ്പന്‍ഷന്‍ മതിയായിരുന്നെന്നും ബാക്കി നടപടി ജനറല്‍ ബോഡി തീരുമാന പ്രകാരമാണ് വേണ്ടിയിരുന്നതെന്ന അഭിപ്രായക്കാരാണ് സംഘടനയില്‍ ഇപ്പോള്‍ ശക്തിപ്പെട്ടിട്ടുള്ളത്. ദിലീപിനായി വാദിക്കുന്നവര്‍ക്ക് അമ്മയില്‍ ഭൂരിപക്ഷം ഉണ്ട്. അതുകൊണ്ട് തന്നെ ഈ വാദത്തിനാണ് പ്രസക്തി.
Post Your Comments