ബിഗ്ബിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന് അമല്‍ നീരദ് പ്രഖ്യാപിച്ചു കഴിഞ്ഞു. 2007-ല്‍ പുറത്തിറങ്ങിയ ഈ മമ്മൂട്ടി ചിത്രം ബോക്സോഫീസില്‍ കാര്യമായ കോളിളക്കം സൃഷ്ടിച്ചില്ലെങ്കിലും ബിലാല്‍ കുരിശിങ്കലിനെ പിന്നീടു ജനം നെഞ്ചിലേറ്റിയിരുന്നു. മാറ്റങ്ങളുടെ വഴിയേ മലയാള സിനിമ പതിയെ ചലിച്ചു തുടങ്ങിയ സമയത്തായിരുന്നു ഉണ്ണി.ആറിന്റെ തിരക്കഥയില്‍ ബിഗ്ബിയുടെ വരവ്. ബിഗ്ബി പോലെയുള്ള ചിത്രം ഹൃദയത്തിലേക്ക് സ്വീകരിക്കാന്‍ പ്രേക്ഷക സമൂഹം അന്ന് അത്ര പ്രാപ്തരായിരുന്നില്ല, കാലം നീങ്ങിയപ്പോള്‍ ന്യുജെന് സിനിമകളുടെ പെരുമഴയ്ക്കിടയ്ക്ക് ഭൂതകാലത്ത് തങ്ങള്‍ തന്നെ തിരസ്കരിച്ച ബിഗ്ബിയുടെ ആ പഴയ ചരിത്രം അവര്‍ വീണ്ടും പൊടിതട്ടിയെടുത്തു.
അന്ന് ബിഗ്ബിക്കൊപ്പം പോരാടാന്‍ ഇറങ്ങിയത് സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ചോട്ടാ മുംബൈ ആയിരുന്നു, അന്‍വര്‍ റഷീദ് ഒരുക്കിയ കളര്‍ഫുള്‍ എന്റര്ടെയ്നര് ആയിരുന്നു ചോട്ടാ മുംബൈ. ബിലാലും-തലയും ഒരേ സമയം ബിഗ് സ്ക്രീനില്‍ അവതരിച്ചപ്പോള്‍ അന്ന് വിജയം തലയ്ക്കൊപ്പമായിരുന്നു. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ മണിയന് പിള്ള രാജു നിര്‍മ്മിച്ച ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച പണംവാരി പടങ്ങളില്‍ ഒന്നായി മാറി. ബിഗ്ബിയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതലായി വരുമ്പോള്‍ ചോട്ടാ മുംബൈയിലെ പിള്ളേരെ വീണ്ടുമൊന്നു കാണാനും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടാകാം.
Post Your Comments