CinemaFilm ArticlesMollywoodNEWS

പ്രേക്ഷകരെ വിറപ്പിച്ച ഈ ‘വില്ലന്‍’ എവിടെ?

സിദ്ധിഖ്-ലാല്‍ ടീമിന്റെ ‘റാംജിറാവു സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെയാണ് സായ് കുമാര്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതനാകുന്നത്, അതും നായകനായി. ആദ്യ സിനിമ ബോക്സോഫീസില്‍ ചരിത്രമായതോടെ ഈ താരപുത്രന്‍ മലയാള സിനിമയില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത അഭിനയ പ്രതിഭയായി വളര്‍ന്നു. 1977-ല്‍ പുറത്തിറങ്ങിയ ‘വിടരുന്ന മൊട്ടുകള്‍’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് സായ്കുമാര്‍ വെള്ളിത്തിരയിലെത്തുന്നത്. റാംജിറാവു സ്പീക്കിംഗിന് ശേഷം സിദ്ധിഖ്-ലാല്‍ ടീമിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഇന്‍ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിലെ ‘ആണ്ട്രൂസ്’ എന്ന കഥാപാത്രമാണ് സായ് കുമാറിന്‍റെ അഭിനയ ഗ്രാഫിനു കൂടുതല്‍ മൈലേജ് നല്‍കിയത്. തുടര്‍ന്നങ്ങോട്ട് വില്ലന്‍ വേഷങ്ങളിലൂടെ അരങ്ങു തകര്‍ത്ത സായ്കുമാര്‍ വാണിജ്യ പ്രാധാന്യമുള്ള ഒട്ടുമിക്ക സിനിമകളിലും വില്ലന്‍ കഥാപാത്രമായി വിപ്ലവം രചിച്ചു. 90 കാലഘട്ടങ്ങളില്‍ നായകനായും, സഹനടനായുമൊക്കെ പ്രേക്ഷകരെ ഇഷ്ടപ്പെടുത്തിയ സായ്കുമാര്‍, 2000-ല്‍ എത്തിയപ്പോഴേക്കും പ്രതിനായകന്റെ കുപ്പായത്തിലേക്ക് പൂര്‍ണ്ണമായും വഴിമാറി. 99-ല്‍ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ സായ് കുമാറിന്‍റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘വല്ല്യേട്ടന്‍’, ‘താണ്ഡവം’, ‘കുഞ്ഞിക്കൂനന്‍’, ‘ദാദ സാഹിബ്’, തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷം സായ്കുമാറിനെ മലയാള സിനിമയുടെ മിത്രമാക്കുകയും പ്രേക്ഷകന്റെ ശത്രുവാക്കുകയും ചെയ്തു. രണ്ടു മൂന്ന്‍ വര്‍ഷങ്ങളായി സായ് കുമാര്‍ എന്ന നടനെ മലയാള സിനിമാ ലോകം മറന്ന മട്ടാണ്. ചിത്രത്തിലുടനീളം പ്രതിനായ വേഷത്തില്‍ കണ്ടുശീലിച്ച ആ സ്ഫോടനശേഷിയുള്ള നടന്‍ വീണ്ടും മലയാള സിനിമയിലുണ്ടാകണം എന്നതാണ് പ്രേക്ഷകരുടെ ആഗ്രഹം. ‘എന്ന് നിന്റെ മൊയ്തീനി’ല്‍ മൊയ്തീനേക്കാള്‍ കയ്യടി ‘ബല്യമ്പറ പൊറ്റാട്ടെ ഉണ്ണി മൊയ്തീന്‍ സാഹിബി’നു കിട്ടിയതിനു കാരണവും അതാണ്‌ . പ്രേക്ഷകര്‍ക്ക് സായ്കുമാര്‍ എന്ന നടനെ ഒരിക്കലും വിസ്മരിക്കാനാകില്ല.അത്രയേറ നല്ല കഥാപാത്രങ്ങലയുമായി സജീവമായ ആ പ്രതിനായക ശബ്ദം മലയാള സിനിമയില്‍ ഇനിയും ഉയരണം.

shortlink

Related Articles

Post Your Comments


Back to top button