Latest NewsMollywoodNEWS

‘ഇതുപോലുള്ള മാടമ്പിമാര്‍ക്കു വേണ്ടി ഇടതുപക്ഷ പ്രസ്ഥാനം ഒരിക്കലും പഴി കേള്‍ക്കേണ്ട കാര്യമില്ല’ തോമസ് ചാണ്ടിക്കെതിരെ വിനയൻ

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിഷയം കേരളം മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ വിഷയത്തെ സംബന്ധിച്ച് സ്വന്തം നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ വിനയൻ.ഫേസ്ബുക്കിലൂടെ അദ്ദേഹം കുറിച്ച കാര്യങ്ങൾ തോമസ് ചാണ്ടിക്കെതിരെയുള്ള രൂക്ഷവിമർശനം കൂടിയാണ്.

വിനയന്‍റെ ഫേസ്ബുക്ക് കുറിപ്പ് :

ഒരു “മുതലാളി മന്ത്രി”യുടെ ധാര്‍ഷ്ട്യം കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്രയേറെ വിലപ്പോകുമോ എന്ന് സാധാരണക്കാര്‍ അതിശയിച്ചു പോയാല്‍ തെറ്റുപറയാന്‍ പറ്റുമോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഇതു ഭൂഷണമാണോ?താന്‍ പറയുന്നതാണ് പ്രമാണം, താന്‍ പറയുന്നതാണ് നിയമം എന്ന് വിശ്വസിച്ച് ജീവിക്കുന്ന പുങ്കന്മാരായ കുട്ടനാടന്‍ പ്രമാണിമാരുടെ കാലം എന്നേ കഴിഞ്ഞുവെന്ന് ശ്രീ തോമസ് ചാണ്ടിയേ ഉപദേശിച്ചുകൊടുക്കാന്‍ ആരും ഈ നാട്ടില്‍ ഇല്ലെന്നായോ?

പണത്തിന്‍റെ ഹുങ്ക് കൊണ്ട് കണ്ണു മഞ്ഞളിച്ച ഒരു മന്ത്രി പുംഗവന്‍ സ്വന്തം സര്‍ക്കാരിനെതിരെ കോടതിയില്‍ പോയിട്ടാണേലും വേണ്ടില്ല ആ സ്ഥാനത്തു കടിച്ചു തൂങ്ങിക്കിടക്കുന്നതിന്റെ സുഖം ആസ്വദിക്കുന്നെങ്കില്‍ അതു രാഷ്ട്രീയ പാപ്പരത്തമാണ്, വിവരദോഷമാണ്.

സത്യത്തില്‍ നമ്മുടെ സാംസ്കാരിക നായകന്മാര്‍ ഈ അധികാര ദുർവിനിയോഗത്തിനെതിരേ,, ഈ ധാര്‍മ്മിക മൂല്യച്യുതിക്കെതിരെ പ്രതികരിക്കേണ്ടതല്ലേ? മഹാനായ സുകുമാര്‍ അഴിക്കോട് മാഷിനെ ഈ ഘട്ടത്തില്‍ സ്മരിച്ചു പോകുകയാണ്. അദ്ദേഹമുണ്ടായിരുന്നെങ്കില്‍ സിംഹത്തെപ്പോലെ ഗര്‍ജ്ജിച്ചുകൊണ്ട് തോമസ് ചാണ്ടിക്കെതിരെ ചാടി വീണേനെ…

ശ്രീ തോമസ് ചാണ്ടിയെ പോലെ ധാര്‍മ്മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു മന്ത്രിയെ ഒരു നിമഷമെങ്കിലും ആ കസേരയില്‍ തുടരാന്‍ അനുവദിക്കുന്നത് ബൂര്‍ഷ്വ ഭരണകൂടത്തിനു പോലും ചേര്‍ന്നതല്ല എന്നു വിശ്വസിക്കുന്ന ഒരു എളിയ ഇടതുപക്ഷ പ്രവര്‍ത്തകനാണു ഞാന്‍. ഈ സര്‍ക്കാരിന്റെ ഭാഗമായ ഒരു കോര്‍പ്പറേഷന്‍റെ ചെയര്‍മാനായി ഇരിക്കുമ്പോള്‍ തന്നെ തുറന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതുപോലുള്ള മാടമ്പിമാര്‍ക്കു വേണ്ടി ഇടതുപക്ഷ പ്രസ്ഥാനം ഒരിക്കലും പഴി കേള്‍ക്കേണ്ട കാര്യമില്ല. ശക്തമായ നടപടി എടുക്കണം. അതാണ് ധാര്‍മ്മികത. അതായിരിക്കണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button