ചെയ്ത സൃഷ്ടി മോശമാണെങ്കിലും പ്രേക്ഷകരെ കുറ്റം പറഞ്ഞു തന്റെ ചിത്രത്തെ ന്യായീകരിക്കുന്ന സംവിധായകരാണ് ഭൂരിഭാഗം പേരും, രഞ്ജിത്തിനെപ്പോലെയുള്ള സീനിയര്‍ സംവിധായകരടക്കമുള്ളവര്‍ പ്രേക്ഷകരെ പഴിക്കുന്നത് നാം കണ്ടിട്ടുണ്ട്.
2013-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി-രഞ്ജിത്ത് ടീമിന്റെ ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ പ്രദര്‍ശന വിജയം നേടാതെ പോയ ചിത്രമായിരുന്നു, ചിത്രത്തിന് സംഭവിച്ച പാളിച്ചകള്‍ എന്തെന്ന് മനസിലാക്കാതെ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ ചോദ്യം ചെയ്യാനാണ് രഞ്ജിത്ത് ശ്രമിച്ചത്. “മിനി സ്ക്രീനില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും, ചിത്രം തിയേറ്ററില്‍ തിരസ്കരിക്കപ്പെടുന്നതിന്റെ കാരണം എന്താണെന് തനിക്ക് അറിയില്ല”, എന്നുമായിരുന്നു രഞ്ജിത്ത് അന്ന് ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞത്. തിയേറ്ററില്‍ വിജയിച്ച പ്രാഞ്ചിയേട്ടന്റെ വിജയത്തെപ്പോലും മറന്നു കൊണ്ടായിരുന്നു രഞ്ജിത്ത് മാത്തുക്കുട്ടിക്ക് വേണ്ടി വാദിച്ചത്. പ്രാഞ്ചിയേട്ടന്, തിയേറ്ററില്‍ വിജയിക്കാതെ പോയ ചിത്രമാണെന്നും അതിന്റെ നിര്‍മ്മാതാവ് താന്‍ ആയതിനാല്‍ അതിന്റെ ബോക്സോഫീസ് കളക്ഷനെക്കുറിച്ച് വ്യക്തമായി അറിയാമെന്നുമായിരുന്നു രഞ്ജിത്ത് അന്ന് വ്യക്തമാക്കിയത്. രഞ്ജിത്ത് സമ്മാനിച്ച ഏറ്റവും മികച്ച സിനിമയായിരുന്നു ‘പ്രാഞ്ചിയേട്ടന്& ദി സെയിന്റ്’. ആ ചിത്രം തിയേറ്ററില്‍ ഓടിയ സമയത്ത് ടിക്കറ്റ് കിട്ടാതെ പോയ പ്രേക്ഷകര്‍ പോലും ഇവിടെയുണ്ടായിരുന്നുവെന്ന് രഞ്ജിത്ത് മറന്നു പോയോ?, പ്രാഞ്ചിയേട്ടന് തിയേറ്ററില്‍ ആഘോഷിക്കപ്പെട്ട ചിത്രമല്ലെന്നും, മിനിസ്ക്രീനില്‍ എത്തിയപ്പോള്‍ വേണ്ടവിധം സ്വീകരിക്കപ്പെട്ടെന്നും അത് പോലെ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയും മിനി സ്ക്രീനില്‍ വരുമ്പോള്‍ ഏറ്റെടുക്കുമെന്നുമായിരുന്നു രഞ്ജിത്തിന്റെ ന്യായീകരണം.
“കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ ഒരു മികച്ച സിനിമയായിരുന്നല്ലോ എന്ത് കൊണ്ട് അത് പരാജയപ്പെട്ടു”? എന്ന് ചോദിച്ചു ഇന്ന് എത്രപേര്‍ താങ്കളെ വിളിക്കുന്നുണ്ട്? അന്ന് താങ്കള്‍ പറഞ്ഞപ്പോലെ മിനി സ്ക്രീനിലെത്തിയപ്പോള്‍ ആ ചിത്രം എത്ര പേര് സ്വീകരിച്ചു? പ്രാഞ്ചിയേട്ടന് താങ്കളുടെ മികച്ച സിനിമയായിരുന്നുവെങ്കില്‍ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി ഒരുപാട് പോരായ്മകള്‍ മുഴച്ചു നില്ക്കുന്ന സിനിമയായിരുന്നില്ലേ? താങ്കളുടെ മനസാക്ഷിയോട് തന്നെ ചോദിച്ചു നോക്കൂ, മമ്മൂട്ടിയെയും, മോഹന്‍ലാലിനെയും പോലെ താരമൂല്യമുള്ള നടന്മാരെ വച്ച് സിനിമ ചെയ്യുമ്പോള്‍, അത് പരാജയപ്പെടുന്നതിനു കാരണക്കാര്‍ പ്രേക്ഷകരാണെന്നുള്ള വാദം വിഡ്ഢിത്തമാണ്. അവിടെയാണ് റോഷന് ആന്‍ഡ്രൂസ് പോലെയുള്ള യുവ സംവിധായകരെ പ്രശംസിക്കേണ്ടത്.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ ‘കാസനോവ’ ബോക്സോഫീസിലെ ഏറ്റവും ദുരന്ത ചിതങ്ങളില്‍ ഒന്നായിരുന്നു. ബിഗ്ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന് പകുതിപോലും കളക്ഷന്‍ നേടാന്‍ സാധിച്ചില്ല, ഈ ചിത്രത്തിന്റെ പരാജയത്തിനു കാരണം പ്രേക്ഷകര്‍ അങ്ങനെ കണ്ടത് കൊണ്ടാണെന്നോ, അല്ലങ്കില്‍ ഇങ്ങനെ കണ്ടത് കൊണ്ടാണെന്നോ എന്നൊന്നും വാദിക്കാന്‍ നില്‍ക്കാതെ തന്റെ ഭാഗത്തെ തെറ്റിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുകയാണ് റോഷന് ആന്‍ഡ്രൂസ് ചെയ്തത്. ഇന്നും അഭിമുഖങ്ങളില്‍ വരുമ്പോള്‍ തനിക്ക് സംഭവിച്ചു പോയ ഒരു പാകപ്പിഴ എന്ന രീതിയില്‍ കാസനോവയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കാറുണ്ട്. ഒരു സംവിധായകന് വേണ്ട ചങ്കൂറ്റവും അതാണ്. നിലാവരം താഴ്ന്ന തട്ടിക്കൂട്ട് ചിത്രങ്ങള്‍ എടുക്കുന്ന എത്രയോ സംവിധായകര്‍ ഇവിടെ പ്രേക്ഷകനെ പഴിപറഞ്ഞു രക്ഷപ്പെടുന്നു…
Post Your Comments