നാടകാചാര്യന്‍ എ. എന്‍ പിള്ളയുടെ 22-മത് ചരമ വാര്‍ഷികമാണിന്ന്. കേരളം കണ്ട എക്കാലത്തെയും മികച്ച നാടകക്കാരനായിരുന്നു എന്‍. എന്‍ പിള്ള. 1952-ല്‍ വിശ്വ കേരളാ കലാസമിതി എന്ന നാടകസമിതി സ്ഥാപിച്ചു. ജനപ്രീതി നേടിയ നിരവധി നാടകങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. കാപാലിക, ഈശ്വരന്‍ അറസ്റ്റില്‍,ക്രോസ് ബെല്‍റ്റ്, പ്രേതലോകം,ഞാന്‍ സ്വര്‍ഗ്ഗത്തില്‍, ആദ്യരാത്രി എന്നിവ പ്രശസ്ത നാടകങ്ങളാണ്. നാടക ദര്‍പ്പണം, കര്‍ട്ടന്‍ എന്നീ നാടക പഠനഗ്രന്ഥങ്ങളും, ഞാന്‍ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഗോഡ് ഫാദര്‍’ എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് കടന്നു വന്ന എന്‍.എന്‍ പിള്ള ‘നാടോടി’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ‘ഗോഡ് ഫാദര്‍’ എന്ന ചിത്രത്തിലെ അഞ്ഞൂറാന്‍ ഇന്നും പ്രേക്ഷര്‍ക്ക് ഇഷ്ടമുള്ള കഥാപാത്രമാണ്. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇരുപത്തിയെട്ട് നാടകങ്ങളും നാല്‍പ്പതിലേറെ ഏകാങ്കനാടകങ്ങളും രചിച്ചിട്ടുണ്ട്.
അറിയുംതോറും എന്‍.എന്‍ പിള്ള എന്ന കലാകാരന്‍ വലിയൊരു അനുഭവം തന്നെയാണ്. സ്വാതന്ത്ര്യസമരം, യുദ്ധം,പ്രണയം,കല,കലാപം തുടങ്ങി നിരവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഒരു യഥാര്‍ത്ഥ കലാകാരനായിരുന്നു എന്‍.എന്‍ പിള്ള. കടുത്ത ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന്റെ നാടകങ്ങളിലും എഴുത്തിലും കരുത്തായി മാറിയിട്ടുണ്ട്. നാടകമെന്നാല്‍ എന്‍.എന്‍ പിള്ളയ്ക്ക് ജീവിതം കൂടിയായിരുന്നു. പറയാനുള്ള കാര്യങ്ങള്‍ യാതൊരു മറയുമില്ലാതെ നാടകത്തിലൂടെ അദ്ദേഹം സമൂഹത്തോട് തുറന്നു പറഞ്ഞു. പലപ്പോഴും സംവദിച്ചു. കാപാലിക പോലുള്ള നാടകങ്ങള്‍ തീര്‍ത്ത തീപ്പൊരികള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. സമൂഹത്തിലെ ജീര്‍ണ്ണതകളോടുള്ള പോരാട്ടം കൂടിയായിരുന്നു എന്‍.എന്‍ പിള്ളയുടെ നാടകങ്ങള്‍. മരണം വരെ നാടകത്തെ സ്നേഹിച്ച അതുല്യ പ്രതിഭയായിരുന്നു എന്‍.എന്‍ പിള്ള. അരങ്ങിലും പുറത്തും അടിയുറച്ച നിലപാടുകളിലൂടെ തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും പിള്ള മടി കാണിച്ചില്ല. 1995 നവംബര്‍ 14 നാണ് മരണത്തിന് കീഴടങ്ങുന്നത്.പ്രശസ്ത നടന്‍ വിജയ രാഘവന്‍ മകനാണ്.
Post Your Comments