കൊച്ചി: അടുത്തിടെ സിനിമ താരങ്ങൾ നികുതി വെട്ടിപ്പ് നടത്തിയ സംഭവം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പുതുച്ചേരിയിലെ ഒരു വിലാസത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 6 ആഡംബര കാറുകളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.ഇതിനെതിരെ സംഘം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സിനിമാ താരങ്ങളുടെ വ്യാജ വിലാസങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് കത്തിൽ പറയുന്നത്. അമല പോളിന്റെയും ഫഹദിന്റേയും സുരേഷ് ഗോപിയുടെയും കേസുകളില്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോണ്ടിച്ചേരിയിലെ ചേരിനിവാസികളുടെ വിലാസത്തിലാണു ഭൂരിഭാഗം ആഢംബര വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. അമലാ പോള്‍ നല്‍കിയ വിലാസത്തില്‍ കണ്ടത് നാലുനില കെട്ടിടത്തിന് മുകളില്‍ നിന്നുതിരിയാന്‍ കഴിയാത്ത കുടുസുമുറിയാണ്. ഫഹദ് ഫാസില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു വിലാസം നിലവിലില്ല.
ഇതേ നമ്പരിലുള്ള ഒരു റോഡ് മാത്രമാണ് ഇവിടെയുള്ളത്. ഒരേ വിലാസത്തില്‍ പല വാഹനങ്ങളാണു രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളത്. ഫഹദ് വാഹന രജിസ്‌ട്രേഷന്‍ നടത്തിയ അതേ വിലാസത്തില്‍ മറ്റു രണ്ടുപേര്‍ കൂടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസുകാരന്‍ ഒരേ വിലാസത്തില്‍ മൂന്ന് ആഢംബര വാഹനങ്ങളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്താന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
കൊച്ചിയില്‍ നിന്നെത്തിയ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് പരിശോധനകള്‍ നടത്തിവരികയാണ്. നാല്‍പ്പതിലേറെ വിലാസങ്ങളാണ് ഇവര്‍ പരിശോധിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പിന്നാലെ മാഫിയ വട്ടംചുറ്റുന്നതായും സൂചനയുണ്ട്. രണ്ടു ദിവസങ്ങളിലായി ഉദ്യോഗസ്ഥരെ കാറിലെത്തിയ സംഘം പിന്‍തുടര്‍ന്നിരുന്നു. ഉദ്യോഗസ്ഥര്‍ പൊലീസ് സഹായം തേടിയതോടെയാണ് കാറിലെത്തിയ സംഘം പോയത്.
Post Your Comments