മോഹന്‍ലാലിനും, മമ്മൂട്ടിക്കും അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ ഇനിയും ചെയ്യാന്‍ സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. അവര്‍ ഇരുവര്‍ക്കും യോജിക്കുന്ന തരത്തിലെ കഥാപാത്രങ്ങളാണ് ഇനി എഴുതപ്പെടേണ്ടത്. മമ്മൂട്ടിക്കോ, മോഹന്‍ലാലിനോ സിനിമയില്‍ ഇനി പത്ത് വയസ്സുകാരി മകളുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ വിയോജീപ്പ് കാണിക്കുന്നതായും പറയാന്‍ കഴിയില്ല., കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പേ മോഹന്‍ലാല്‍ ‘തന്മാത്ര’ എന്ന ചിത്രത്തില്‍ പ്ലസ്‌ടുക്കാരന്റെ പിതാവായി അഭിനയിച്ചിരുന്നു, അതിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘അനുബന്ധം’ എന്ന ചിത്രത്തില്‍ മമ്മൂട്ടി മധ്യവയസ്കനായ അധ്യാപകനായും അഭിനയിച്ചിട്ടുണ്ട് .മമ്മൂട്ടി തന്റെ മുപ്പതാം വയസ്സില്‍ നാല്‍പ്പത്കാരന്റെ റോള്‍ അവതരിപ്പിച്ചു കയ്യടി നേടിയ നടനാണ്. തന്റെ 38-ആം വയസ്സിലാണ് മമ്മൂട്ടി അമരത്തിലെ അച്ചൂട്ടിയെ മനോഹരമാക്കിയത്.പതിനഞ്ച് വയസ്സുകാരി മകളുടെ പിതാവായി ലോഹിതദാസ് മമ്മൂട്ടിയിലെ നടന്റെ മൂര്‍ച്ച വര്‍ദ്ധിപ്പിച്ചത് നാം അത്ഭുതപൂര്‍വ്വം കണ്ടിരുന്നു.
എം.ടി യെയും, ലോഹിത ദാസിനെയും പോലെയുള്ള അതുല്യ എഴുത്തുകാര്‍ ഒരിക്കലും താരങ്ങളെയല്ല പരിഗണിച്ചിരുന്നത്, അവര്‍ സൃഷ്ടിച്ച കഥകളിലേക്ക് മോഹന്‍ലാലിലെയും മമ്മൂട്ടിയിലെയും നടനെ സൗകര്യപൂര്‍വ്വം പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്നത്തെ സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ വരുന്ന ഭൂരിപക്ഷ സംഘം താര കേന്ദ്രീകൃതമായ സിനിമ സൃഷിക്കാനാണ് ശ്രമിക്കുന്നത്, അതിനാല്‍ തന്നെ അവരുടെ പ്രായം നാല്‍പ്പതിനപ്പുറം കടക്കേണ്ട എന്ന് അവര്‍ തീരുമാനിക്കും. പതിനേഴ്കാരിയുടെയോ, പതിനെട്ടുകാരന്റെയൊക്കെ അച്ഛനായി വേണം ഇവര്‍ സ്ക്രീനിലെത്താന്‍ എന്ന വസ്തുത മറന്നിട്ടു താരമൂല്യമുള്ള സിനിമകളിലേക്ക് അവര്‍ ശ്രദ്ധയൂന്നും.
സമീപകാലത്ത് ഇറങ്ങിയ മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളായ ജോപ്പനും, മുരുകനും,പുള്ളിക്കാരനും മധ്യവയസ്കരായ കഥാപാത്രങ്ങളായല്ല സിനിമയിലെത്തിത്.ഇത്തരം കഥാപാത്രങ്ങള്‍ അവര്‍ക്ക് യോജിക്കാത്ത ചെറുപ്പ പ്രായത്തിലേക്ക് ചുരുങ്ങുമ്പോള്‍ ആ കഥാപാത്രത്തിന്റെ ആത്മാവിനു തന്നെ ക്ഷതമേറ്റിരിക്കും. പുലിമുരുകനിലെ മുരുകനെന്ന കഥാപാത്രത്തിന്റെ പ്രായം നാല്‍പ്പതിനപ്പുറം ചിന്തിക്കാന്‍ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യമാണ് കാരണം ആ സിനിമയുടെ സ്വഭാവം അത് ആവശ്യപ്പെടുന്നുണ്ട്. വില്ലന്‍പ്പോലെയുള്ള ചിത്രങ്ങളില്‍ മോഹന്‍ലാല്‍ പ്രായത്തിനു അനുസരിച്ചുള്ള വേഷം സ്വീകരിച്ചതും പ്രശംസനീയമാണ്.
ഗ്രേറ്റ് ഫാദറായും, പുള്ളിക്കാരനായുമൊക്കെ മലയാള സിനിമയില്‍ മമ്മൂട്ടി ഇന്നും സജീവമായി നില്‍ക്കുമ്പോഴും അന്‍പതു കഴിയാത്ത നായകനായി താരം ബിഗ് സ്ക്രീനില്‍ എത്താതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രായത്തിനനുസരിച്ച കഥാപാത്രങ്ങളിലേക്ക് മമ്മൂട്ടിയും മോഹന്‍ലാലും ശ്രദ്ധ പതിപ്പിക്കുമ്പോള്‍ അവരുടെ സ്വാഭാവികത എന്നും നഷ്ടപ്പെടാതെ നിലനില്‍ക്കും.അല്ലങ്കില്‍ തനിയാവര്‍ത്തനം പോലെ ഓരോ പ്രേക്ഷകര്‍ക്കും അത് അരോജകമായി അനുഭവപ്പെടും.
Post Your Comments