നവമാധ്യമലോകത്തിലെ വിഷയവൈവിധ്യങ്ങളുടെ വലിയ ഇടത്തിൽ പുതിയൊരുതീരം കണ്ടെത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. അക്ഷരങ്ങളെ, കഥകളെ അതിനുമപ്പുറം നമ്മുടെ ശ്രേഷ്ഠഭാഷയുടെ ഗരിമയെ ഇഷ്ടപ്പെടുന്നവർക്കായി യൂട്യൂബ് പ്ലാറ്റഫോമിലേക്കു കഴിയുന്നതും എഴുത്തുകാരന്റെ ശബ്ദത്തിൽ തന്നെ കഥയെ പറിച്ചു നടുകയാണിവർ . സംവത്സരങ്ങളായി ഓരോ കാതുകളിലേക്കും കഥപറയാൻ ഉപയോഗിച്ചിരിന്ന ഒരീണം ..ഒരിടത്തൊരിടത്ത് … അതാണ് ചാനലിന്റെ പേര്. മലയാള കഥാസാമ്രാജ്യത്തിലെ ചക്രവർത്തിമാരായ എം ടി യും സേതുവും എം മുകുന്ദനും അഷ്ടമൂർത്തിയും അയ്മനം ജോണും മുതൽ കഥയുടെ ദീപശിഖ കെടാതെ കാക്കുന്ന നവപ്രതിഭകളായ സോക്രടീസ്,ബി മുരളി ,സീഅനൂപ്, വിനോദ്കൃഷ്ണ,വിനോയ് തോമസ്,ഷിനിലാൽ,മനോജ് വെള്ളനാട് എന്നിവരെല്ലാം കഥപറച്ചിലുകാരായി ഇവിടെ എത്തുന്നു . ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചതും പുസ്തകരൂപത്തിൽ വന്നവയും മാത്രമല്ല അനേകം പുത്തൻഎഴുത്തുകളും ശ്രവ്യവീചികളായി വായനക്കാരനിലേക്കു എത്തിക്കാനുള്ള ശ്രമമാണ് ഇവരുടേത് .
ഇന്ത്യൻ പ്രാദേശിക ഭാഷാ ചരിത്രത്തില്‍ കഥകൾക്ക് മാത്രമായുള്ള ആദ്യ ഓഡിയോ ചാനൽ ഒരിടത്തൊരിടത്ത്, അതിന്റെ 45 കഥകളുടെ ആദ്യ പതിപ്പ് 9-11-2017 ല്‍, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റും , മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനുമായ ശ്രീ.വൈശാഖൻ , കേരള സാഹിത്യ അക്കാഡമി ആസ്ഥാത്ത് വച്ച് മലയാളത്തിന് സമർപ്പിച്ചു. ഡോ. കെ പി മോഹനന് കേരള സാഹിത്യ അക്കാഡമി സെക്രട്ടറി, ചാനല്‍ ഡയറക്ടര്‍ ജി എസ് മനോജ് കുമാര്‍, സാഹിത്യകാരന് ശ്രി അജിത് നീലാഞ്ജനം എന്നിവര്‍ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം കിൻഫ്ര ഫിലം ആന്‍ഡ് വിഡിയോ പാർക്കിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചു വരുന്ന ട്വിസ്റ്റ് ഡിജിറ്റൽ മിഡിയ ആണ് ഈ മഹത്തായ ഉദ്യമത്തിന് പിന്നിൽ.ട്വിസ്റ്റ് ഡിജിറ്റൽ മിഡിയയിലെ ഒരു കൂട്ടം. ചെറുപ്പക്കാരുടെ കഴിഞ്ഞ രണ്ട് വർഷത്തെ ശ്രമഫലമാണ് ഒരിടത്തൊരിടത്ത് എന്ന ഈ കഥപറയുന്ന ചാനൽ. ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് ശ്രേഷ്ട മലയാള ഭാഷാസാഹിത്യത്തെ നവമാധ്യമത്തിലൂടെ എത്തിക്കുന്ന ഈ സംരംഭത്തിന് എല്ലാ പിൻതുണയും സഹായവും നൽകി കിൻഫാ ഫിലം ആന്റ് വീഡിയോ പാർക്ക് ഇവർക്കൊപ്പമുണ്ട്. “ഒരിടത്തെരിടത്തിലൂടെ മലയാള സാഹിത്യ ചരിത്രത്തിന് ഒരു പുതിയ ശാഖ തുറക്കുകയാണ് ഈ ചെറുപ്പക്കാർ” എന്ന് കിൻഫ്ര ഫിലം ആന്റ് വീഡിയോ പാർക്ക് എംഡി ശ്രീ സുരജ് രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ കാഴ്ചയില്ലാത്തവര്കായി ഒരു വാട്സ് ആപ്പ് ഗ്രൂപ് കഥകൾ വായിച്ചു കാഴ്ച നിഷേധിക്കപ്പെട്ടവരെയും വായനയുടെ വഴിയിലേക്ക് നയിക്കുന്നുണ്ട് എന്ന അറിവാണ് ഈ സംരംഭത്തിന്റെ മുഖ്യ സൂത്രധാരനായ ജി സ് മനോജ്കുമാറിനെ പ്രചോദനമായത്. യാത്രയ്ക്കിടയിലെ വായന എന്ന ഒരുസാധ്യത പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു .ഇവിടെയാണ് ഒരിടത്തൊരിടത്തിന്റെ പ്രസക്തി .കഥകേൾക്കാൻ ഇഷ്ടമുള്ളവരുടെ ഉള്ളിലേക്ക് കഥകളെ അനായാസേന കടത്തിവിടാൻ ഈ സംരഭം കൊണ്ട് കഴിയും ,.വാരികകളും മാസികകളും അടുത്തലക്കം വരെ മാത്രം കൊണ്ടാടുകയും പുതിയവയ്ക്കു വഴിമാറാൻ നിർബന്ധിതമായി മറവിയിലേക്കു മറയുകയും ചെയ്യുന്ന കഥകൾക്ക് സുസ്ഥിരമായ ഒരിടവും ആവർത്തനക്കേൾവികൾക്കുള്ള സാധ്യതയും ആണ് ഇതിന്റെ മേന്മകളിൽ സുപ്രധാനമായ ഒന്ന്. എഴുത്തുകാർക്ക് സ്വന്തം വായനയിലൂടെ തങ്ങളുടെ കഥകൾക്ക് പുതുജീവനും ശ്വാസവും പകരാനാകുന്നു എന്നതും പ്രത്യേകം പ്രസ്താവ്യമാണ്. ഓരോ സംപ്രേക്ഷണത്തിലും എത്രവട്ടം ആസ്വാദന വിധേയമായി എന്നതും അപ്പപ്പോൾ വായനക്കാർക്കു തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനാകും എന്നതും സാധ്യമാണ് .ഇൻറ്റർനെറ്റ് എത്തിയിട്ടുള്ള ലോകത്തിന്റെ ഒരു കോണിലും ഇനി ഒരു മലയാളിയും തനിച്ചാവില്ല അവർക്ക് നല്ല കഥകളുമായി ഒരിടത്തൊരിടത്ത് ഒപ്പം ഉണ്ടാകും .ബസ്സിലും തീവണ്ടിയിലും കാറുകളിലും കഥകൾ കേട്ട് കൊണ്ട് ഇനി നമുക്ക് യാത്ര പോകാം.
മുത്തശ്ശിമാരും അമ്മമാരും വാമൊഴിയായിപ്പറഞ്ഞ കഥകൾ കേട്ട് വളർന്ന തലമുറയ്ക്കും ആ ഭാഗ്യം സാധിക്കാതെ പോയ ഒരുവിഭാഗത്തിനും കഥകേൾക്കലിന്റെ പുതിയലോകമാണ് തുറന്നു കിട്ടുന്നത് . ഒരായിരം എഴുത്തുകാര്‍ അവരുടെ കഥകൾ വായനക്കാരെ വായിച്ചു കേൾപ്പിക്കാൻ ഇവിടെ നിരയിടും .
ഇനികഥകളിലൂടെ യാത്ര പോകാം
നമുക്ക്കഥ കേട്ട് ഉണരാം.
കഥയുള്ളവരായി വളരാം
https://www.youtube.com/channel/UClpnl9bNG3Hu8bSUr922Wbw/videos
Post Your Comments