
തന്റെ സിനിമകളില്‍ എന്തെങ്കിലും സര്‍പ്രൈസ് ഒളിപ്പിച്ചു വയ്ക്കാറുള്ള തിരക്കഥാകൃത്താണ് രഞ്ജിത്ത്. സമ്മര്‍ ഇന്‍ ബത്ലേഹമിലെ നായകന് പാഴ്സലായി പൂച്ചയെ അയച്ചു കൊടുക്കുന്ന ‘മുറപ്പെണ്ണ്’ ആരെന്ന ചോദ്യത്തിനു രഞ്ജിത്ത് ഒരവസരത്തിലും ഉത്തരം നല്‍കിയിട്ടില്ല. സിനിമ അതിന്റെ അവസാന ട്രാക്കില്‍ എത്തുമ്പോഴും ആ സസ്പന്‍സ് പൊളിക്കാതെയാണ് രഞ്ജിത്ത് ബത്ലേഹമിലെ കഥ പറഞ്ഞവസാനിപ്പിക്കുന്നത്. അത് പോലെ ഒട്ടേറെ സര്‍പ്രൈസ് തന്റെ ചിത്രങ്ങളില്‍ സൂക്ഷിക്കാറുള്ള രഞ്ജിത്ത് മറ്റൊരു കാര്യത്തിലും തന്റെ നിലപാട് തെറ്റിക്കാറില്ല.
നായകന്മാര് വില്ലന്മാരെ കൊല്ലാതെ വെറുതെ വിടുന്ന മറ്റൊരു ദുശീലവും രഞ്ജിത്തിനുണ്ട്. വില്ലനെക്കൊന്നു ജയിലില്‍ പോകുന്ന നായകന്റെ കഥ പലയാവര്‍ത്തി മലയാള സിനിമ പറഞ്ഞു പോയിട്ടുള്ളവയാണ്. രഞ്ജിത്തിന്റെ ഭൂരിപക്ഷ ചിത്രങ്ങളും ശുഭാന്ത്യത്തോടെ പര്യവസാനിക്കുന്നതിനാല് തന്റെ സിനിമകളിലെ വില്ലന്മാര്ക്കെല്ലാം മോചനം നല്‍കാറാണ് പതിവ്. ഇന്ദുചൂടന്റെ ദയയാല്‍ മണപ്പള്ളി പവിത്രനും, അറയ്ക്കല്‍ മാധവനുണ്ണിയുടെ കാരുണ്യത്താല്‍ പട്ടേരി ശിവരാമനും ഇന്നും എവിടെയോ ജീവിക്കുന്നുണ്ട്.
മംഗലശ്ശേരി നീലകണ്ഠനെ മുണ്ടയ്ക്കലെ ചള്ള് ചെക്കന് കൊന്നിട്ടും ശേഖരനെ കാര്ത്തികേയന് വെറുതെ വിട്ട ചരിത്രമാണ് രാവണപ്രഭു എന്ന ചിത്രത്തിന് പറയാനുള്ളത്. കഴുത്ത് എടുക്കേണ്ടതിനു പകരം കൈ എടുക്കുന്ന നീലകണ്ഠന് ശേഖരന് പുതിയ ജീവിതം ദാനം നല്‍കുന്നതാണ് ദേവാസുരത്തിന്റെ ക്ലൈമാക്സ്. ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പനും ജഗന്നാഥന്റെ അനുകമ്പയാല്‍ രക്ഷപ്പെട്ടിരുന്നു. യൂസഫ് ഷാ എന്ന ഉസ്താദിലെ വില്ലനെയും പരമേശ്വരന് താക്കീത് നല്കി കൊല്ലാതെ വിട്ടു.
Post Your Comments