പ്രിയാമണി വീണ്ടും മലയാള സിനിമയിൽ മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു. ‘ഓലപ്പീപ്പി’ എന്ന ചിത്രത്തിന് ശേഷം ക്രിസ് കൈമൾ സംവിധാനം ചെയ്യുന്ന ‘ആഷിഖ് വന്ന ദിവസം’ എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി തിരിച്ചു വരുന്നത്. ഷൈനി എന്ന ശക്തമായ കഥാപാത്രത്തെയാണ് പ്രിയാമണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവാഹ ശേഷം പ്രിയ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. പീനട്ട് ഇന്റർ നാഷണലിന്റെ ബാനറിൽ നാസർ ലത്തീഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു സമ്പന്ന തറവാട്ടിൽ പിറന്ന പെണ്‍കുട്ടിയാണ് ഷൈനി. അന്യമതസ്ഥനായ ആഷിഖുമായി പ്രണയത്തിലാകുന്ന ഷൈനി കുടുംബത്തിന്റെ എതിർപ്പ് വക വെയ്ക്കാതെ ആഷിഖിനെ തന്നെ വിവാഹം കഴിക്കുന്നു. അതോടെ ഷൈനിക്ക് സ്വന്തം വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട ഒരാളും വ്യക്തിത്വത്തിനും ഉടമയാണ് ആഷിഖിന്റെ വാപ്പ.അദ്ദേഹം ഒരു അധ്യാപകനാണ്. മാഷ് ഷൈനിയെ സന്തോഷത്തോടെയാണ് വീട്ടിലേക്ക് സ്വീകരിക്കുന്നത്. ഷൈനിയ്ക്കും ആഷിഖിനും രണ്ട് മക്കളുണ്ടായി.അപ്പുവും ഹരിതയും.
നാട്ടിൽ ജോലി ചെയ്ത് ജീവിക്കാൻ കഴിയാതെ വന്നപ്പോൾ ആഷിഖ് ഗൾഫിൽ ജോലി തേടി പോകുന്നു. അവിടെ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നു. ആയിടയ്ക്ക് അഫ്ഗാനിസ്ഥാനിൽ നിന്നും നാടിനെ നടുക്കിയ ഒരു ദുരന്ത വാർത്ത വരുന്നു. ആ വാർത്തയെ തുടർന്ന് മാഷിന്റെയും ഷൈനിയുടെയും ജീവിതലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഷൈനിയായി പ്രിയാമണി യും,മാഷായി നാസർ ലെത്തീഫുമാണ് അഭിനയിക്കുന്നത്.ഇർഷാദ്,കലാഭവൻ ഹനീഷ്,അൻസാർ,മൻരാജ്, മജീദ്,കലാശാല ബാബു ,അംബിക മോഹൻ എന്നിവരും ചിത്രത്തിലുണ്ട്.
Post Your Comments