
മലയാള സിനിമ മേഖലയില്‍ നില നില്‍ക്കുന്ന വിലക്കുകളെക്കുറിച്ച് സംവിധായകന്‍ ജോസ് തോമസ് വെളിപ്പെടുത്തുന്നു. ഫെഫ്കയില്‍ അംഗമായിരുന്ന സമയത്ത് വിനയനെ ഒറ്റപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് ഇപ്പോഴും കടുത്ത കുറ്റബോധമുണ്ടെന്ന് ജോസ് തോമസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന വിനയന്റെ ഏറ്റവും പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പൂജ വേളയിലാണ് ജോസ് തോമസിന്റെ വെളിപ്പെടുത്തല്‍. ഫെഫ്കയില്‍ നിന്ന് താന്‍ പ്രശ്നം നേരിട്ടപ്പോള്‍ സഹായിക്കാന്‍ വിനയന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ജോസ് തോമസ് കൂട്ടിച്ചേര്‍ത്തു.
”ആദ്യ കാലങ്ങളില്‍ വിനയനെ ഒരു ഭീകരവാദിയായാണ് എല്ലാവരും പറഞ്ഞിരുന്നത്. അത് മനസ്സില്‍ ഉണ്ടായിരുന്നതുകൊണ്ട് ശരിയേതെന്ന് നോക്കാതെ അവര്‍ക്കൊപ്പം നിന്നു. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം ആ ഫെഫ്കയില്‍ നിന്ന് താന്‍ പടിയിറങ്ങി. അത്രമാത്രം കുറ്റബോധം ഉണ്ടായിരുന്നു. സത്യസന്ധനായ മനുഷ്യനെ ഉപദ്രവിക്കാന്‍ ഞാനും കൂട്ടുനിന്നതിന്റെ കുറ്റബോധം. പിന്നീട് എന്റെ സിനിമയ്ക്ക് പ്രശ്നം വന്നപ്പോള്‍ ഇവരൊന്നും എനിക്കൊപ്പം നിന്നില്ല. വിനയന്‍ മാത്രമാണ് സഹായിച്ചത്. ഒരിക്കലും എന്നോട് വൈരാഗ്യം വിനയന്‍ പുലര്‍ത്തിയില്ല.
ഒരു തീണ്ടാപ്പാടകലെ നിര്‍ത്തി ഒഴിവാക്കാന്‍ നോക്കിയപ്പോള്‍ ചങ്കുറ്റത്തോടെ പിടിച്ചു നിന്ന വ്യക്തിയാണ് വിനയന്‍. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രം മറ്റൊരു നടനെ വച്ചാണ് ചെയ്യേണ്ടിയിരുന്നത്. തിരക്കഥാകൃത്തിനെ ആ നടന്‍ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍, ‘എന്നാല്‍ നിങ്ങള്‍ മാറിക്കോളൂ, ഞാന്‍ മറ്റൊരുനായകനെ വച്ചോളാം’ എന്ന് ചങ്കൂറ്റത്തോടെ പറഞ്ഞ സംവിധായകനാണ് വിനയന്‍. ഇന്ന് മണിയുടെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം ഒരു സിനിമ ചെയ്യുമ്പോള്‍ എല്ലാ ആശംസകളും താന്‍ അര്‍പ്പിക്കുന്നുവെന്നും” ജോസ് തോമസ് പറഞ്ഞു.
Post Your Comments