രാജമൌലി ഒരുക്കിയ ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയത്തിനൊപ്പം ശ്രദ്ധനേടിയ ഒന്നാണ് ബാഹുബലിയും ദേവസേനയും പൽവാൽദേവനും ശിവകാമിദേവിയും ജീവിച്ച മഹിഷ്മതി സാമ്രാജ്യം. ഇനി മഹിഷ്മതിയിലേയ്ക്ക് നിങ്ങൾക്കും കടന്നുചെല്ലാം. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ കേന്ദ്ര ബിന്ദുവായിരുന്ന മഹിഷ്മതി സാമാജ്ര്യത്തിന്റെ പടുകൂറ്റൻ സെറ്റാണ് ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ ആരാധകർക്കായി തുറന്നു നൽകിയത്.
നൂറ് ഏക്കറിലായി അറുപത് കോടി ചിലവിൽ നിർമിച്ചിരിക്കുന്ന മഹിഷ്മതി സാമ്രാജ്യം സന്ദർശിക്കാൻ ആരാധകര്‍ക്ക് അവസരം. ഓണ്‍ലൈൻ ആയി ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളിയായ സാബു സിറിലാണ് മഹിഷ്മതിയുടെ രൂപകൽപ്പനയ്ക്കും നിർമാണത്തിനും നേതൃത്വം നൽകിയത്. മഹിഷ്മതി സാമ്രാജ്യം സന്ദർശകർക്കായി തുറന്നു നൽകാനുള്ള ആശയം റാമോജി അധികൃതരുടെയാണെന്ന് നിർമാതാവ് ശോഭു യർലഗാദ പറഞ്ഞു. വിദ്യാർഥികൾക്കും കോർപ്പറേറ്റ് ഓഫീസുകൾക്കും സ്പെഷൽ പാക്കേജുകളായി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 2,349 രൂപയുടെ പ്രീമിയം ടിക്കറ്റ് എടുത്താൽ രാവിലെ ഒന്‍പതു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മഹിഷ്മതി സാമ്രാജ്യം ചുറ്റിക്കറങ്ങാം. 1,250 രൂപയുടെ ജനറൽ ടിക്കറ്റാണെങ്കിൽ രാവിലെ ഒന്‍പത് മുതൽ 11.30 വരെ രണ്ടര മണിക്കൂറാണ് സമയം.
Post Your Comments