കൊച്ചി: സിനിമയിൽ വീണ്ടും കഞ്ചാവ് മാഫിയ സജീവമാകുന്നു. കാക്കനാട് ഫ്ളാറ്റ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവും ചരസുമായി സിനിമാക്കാർ പിടിയിലായത്. കാക്കനാട് ഇൻഫോ പാർക്കിനു സമീപം ഇടച്ചിറയിലെ രണ്ട് ഫ്ളാറ്റുകളിലായി താമസിച്ചിരുന്ന 12 പേരെയാണ് പൊലീസ് പിടികൂടിയത്.
കൊട്ടാരക്കര പനവേലി കല്ലു പുരക്കൽ എബി ബേബി (26),പുളിയിനം മങ്ങാട്ടുകര മൂത്തേടത്ത് വീട്ടിൽ അരുൺ (27) എന്നിവരെ മയക്കുമരുന്ന് കൈവശം വെച്ചതിനും മറ്റുള്ളവർ കഞ്ചാവ് ഉപയോഗിച്ചതിനുമാണ് കേസെടുത്തത്. തൃക്കാക്കാര അസി.കമീഷണർ പി. പി ഷംസിന്റ നിർദ്ദേശപ്രകാരം ഇൻഫോപാർക്ക് സി.ഐ പി.കെ രാധാമണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവും ചരസും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികൾ പിടിക്കപ്പെട്ടപ്പോഴും കഞ്ചാവിന്റെ ലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. സിനിമ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു മാസത്തിലേറെയായി ഫ്ളാറ്റുകളിൽ താമസിക്കുകയായിരുന്ന ഇവർ രാത്രിയിൽ ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പൊലീസിൽ പരാതി കൊടുക്കുകയായിരുന്നു. കൊച്ചിയിലും പരിസരങ്ങളിലും വീണ്ടും കഞ്ചാവ് മാഫിയ സജീവമാവുകയാണ് എന്ന് പൊലീസ് പറയുന്നു.മയക്കുമരുന്നും കഞ്ചാവ് കച്ചവടവും വ്യാപകമായതായി പരാതികൾ വന്നതിനെ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കി യിട്ടുണ്ട്.
Post Your Comments